ഫോണ്‍ മരവിപ്പിച്ച് യുപിഐ തട്ടിപ്പ്; പുതിയ സൈബര്‍ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപെടാം?

Share our post

ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ സൈബര്‍ തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. OTP ചോദിച്ചുള്ള പഴയ തട്ടിപ്പുകള്‍ക്ക് പുറമെ, ആളുകളുടെ ഫോണിലേക്ക് കടന്നുകയറി ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടാനുള്ള പുതിയ മാര്‍ഗങ്ങളും തട്ടിപ്പുകാര്‍ പരീക്ഷിക്കുന്നുണ്ട്.

അത്തരത്തിലുള്ള ഒരു തട്ടിപ്പ് രീതിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അജ്ഞാതമായ ലിങ്കിലൂടെയോ ഫോണ്‍ കോളിലൂടെയോ ആരംഭിക്കുന്ന തട്ടിപ്പില്‍ ഫോണ്‍ പെട്ടെന്ന് ഹാങ് ആവുകയോ നിന്നുപോവുകയോ ചെയ്യുന്നതാണ് പ്രധാന ലക്ഷണം. ഫോണ്‍ സാങ്കേതികമായി തകരാറിലായതാണെന്ന് കരുതി നാം പരിഭ്രാന്തരാകുന്നതിനിടെയാണ് തട്ടിപ്പുകാര്‍ അടുത്ത നീക്കം നടത്തുന്നത്.

ആദ്യം വരുന്നത് ഒരു സന്ദേശമോ ഫോണ്‍ കോളോ

തട്ടിപ്പ് സാധാരണയായി ഒരു മെസേജ്, അറിയിപ്പ് അല്ലെങ്കില്‍ ഫോണ്‍ കോള്‍ വഴിയാണ് ആരംഭിക്കുന്നത്. നിങ്ങളുടെ ഫോണില്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നും അത് ഉടന്‍ പരിഹരിക്കണമെന്നും തട്ടിപ്പുകാര്‍ പറഞ്ഞേക്കാം. വിശ്വാസം നേടിയെടുക്കാന്‍ ഇവര്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ജീവനക്കാരായോ ബാങ്ക് പ്രതിനിധികളായോ കസ്റ്റമര്‍ കെയര്‍ ജീവനക്കാരായോ സ്വയം പരിചയപ്പെടുത്താം. പ്രശ്‌നം പരിഹരിക്കാനായി ഒരു പ്രത്യേക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും ആവശ്യപ്പെടാം. ‘Verification App’, ‘Cashback’, ‘Reward’ അല്ലെങ്കില്‍ ‘Customer Support’ തുടങ്ങിയ പേരുകളിലായിരിക്കും ഇത്തരം ആപ്പുകള്‍ അവതരിപ്പിക്കുക.

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് പ്രധാന അപകടം

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പല തരത്തിലുള്ള അനുമതികള്‍ നല്‍കാന്‍ അത് ആവശ്യപ്പെട്ടേക്കാം. SMS, നോട്ടിഫിക്കേഷന്‍, Accessibility തുടങ്ങിയ സൗകര്യങ്ങളിലേക്കുള്ള ആക്‌സസ് ഇതില്‍ ഉള്‍പ്പെടാം. അറിയാതെ ഇത്തരം അനുമതികള്‍ അനുവദിച്ചാല്‍ ഫോണിലെ ചില പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും ചില സാഹചര്യങ്ങളില്‍ സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങള്‍ നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് അവസരം ലഭിച്ചേക്കാം. അതുകൊണ്ടുതന്നെ അപരിചിതരായ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഫോണിന് പ്രത്യേക അനുമതികള്‍ നല്‍കുകയോ ചെയ്യരുത്.

ഫോണ്‍ പെട്ടെന്ന് ഹാങ് ആയാല്‍ എന്തുചെയ്യണം?

ഫോണ്‍ പെട്ടെന്ന് ഫ്രീസ് ആവുകയോ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്താല്‍ ഉടന്‍ ആരെങ്കിലും വിളിച്ച് പറയുന്ന ‘പരിഹാരം’ സ്വീകരിക്കരുത്. പകരം

  • മൊബൈല്‍ ഡാറ്റയും Wi-Fiയും ഓഫ് ചെയ്യുക
  • അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ പരിശോധിക്കുക
  • പരിചയമില്ലാത്തതോ സംശയാസ്പദമായതോ ആയ ആപ്പുകള്‍ നീക്കം ചെയ്യുക
  • ആപ്പുകള്‍ക്ക് നല്‍കിയിട്ടുള്ള അനാവശ്യ അനുമതികള്‍ പിന്‍വലിക്കുക
  • വിശ്വസനീയമായ സുരക്ഷാ സംവിധാനം ഉപയോഗിച്ച് ഫോണ്‍ പരിശോധിക്കുക
  • ഫോണ്‍ സുരക്ഷിതമാക്കുന്നതുവരെ ബാങ്കിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • UPI പിന്‍ നല്‍കിയാല്‍ മാത്രമേ പണം പോകൂ എന്ന് വിചാരിച്ചിക്കരുത്
  • UPI പിന്‍, OTP, ബാങ്ക് പാസ്വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്. ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞാലും ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുത്.
  • UPI പിന്‍ പണം സ്വീകരിക്കാനല്ല. പണം അയയ്ക്കാനാണ് ഉപയോഗിക്കുന്നത് എന്ന കാര്യവും ഓര്‍ക്കണം. പണം ലഭിക്കാനായി PIN നല്‍കേണ്ട സാഹചര്യമില്ല.

ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നെന്ന് സംശയമുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

  • നിങ്ങളുടെ ബാങ്കിംഗ് വിവരങ്ങള്‍ മറ്റൊരാളുടെ കൈയിലെത്തിയതായി സംശയിക്കുന്നുവെങ്കില്‍ എത്രയും പെട്ടെന്ന് ബാങ്കിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവനവുമായി ഉടന്‍ ബന്ധപ്പെടുക
  • അക്കൗണ്ടിലെ അടുത്തകാലത്തെ ഇടപാടുകള്‍ പരിശോധിക്കുകയും സംശയാസ്പദമായ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്കിനെ ഉടന്‍ അറിയിക്കുകയും ചെയ്യുക. ആവശ്യമായാല്‍ സുരക്ഷിതമായ മറ്റൊരു ഉപകരണത്തില്‍ നിന്ന് പ്രധാനപ്പെട്ട പാസ്വേഡുകള്‍ മാറ്റുക
  • പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ ഉടന്‍ പരാതി നല്‍കാം. സൈബര്‍ കുറ്റകൃത്യങ്ങള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യുന്നത് പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനമാണ്.

ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്

ഫോണ്‍ പെട്ടെന്ന് ഫ്രീസാവുകയോ ഹാങ് ആവുകയോ ചെയ്തതുകൊണ്ട് മാത്രം അത് സാധാരണ സാങ്കേതിക തകരാറാണെന്ന് കരുതരുത്. അജ്ഞാതമായ ലിങ്കുകള്‍ തുറക്കാതിരിക്കുക, പരിചയമില്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക, അനാവശ്യ അനുമതികള്‍ നല്‍കാതിരിക്കുക ഇവയാണ് ഇത്തരം സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്‍കരുതലുകള്‍.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!