‘ചാത്തപ്പന് എന്ത് മഹ്ശറ’; നസ്രിയയെ അധിക്ഷേപിച്ചും ജൗഹരിയുടെ റീല്‍; പോക്സോ കേസില്‍ അകത്തായ ഉസ്താദിന് വന്‍ ട്രോള്‍

Share our post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ മതപണ്ഡിതൻ മുഹമ്മദ്‌ നിയാസ് ജൗഹരി നടി നസ്രിയയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍. സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ നസ്രിയ ധരിച്ച വസ്ത്രത്തെക്കുറിച്ചുള്ള വിവാദത്തിന്‍റെ ചുവടുപിടിച്ചാണ് ജൗഹരിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ റീലിന്‍റെ കമന്‍റ് ബോക്സില്‍ ജൗഹറിക്കെതിരായ പോക്സോ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതല്‍. ഉപദേശിക്കാന്‍ പോകുമ്പോള്‍ സ്വയം അതിനു യോഗ്യരാണോ എന്ന് നോക്കണമെന്നാണ് കമന്‍റുകളുടെ ആകെത്തുക.

‘ഏതോ ഒരു മുസ്ലിം സിനിമാനടി മോശം വസ്ത്രം ധരിച്ച് ഏതോ ഒരു പരിപാടിയില്‍ പങ്കെടുത്തു, കുറേ ആളുകള്‍ അതിനെ വിമര്‍ശിച്ച് വിഡിയോ ചെയ്യുന്നു, കമന്റിടുന്നു, വിവാദമാക്കുന്നു, എന്തിനുവേണ്ടി? അവരൊരു സിനിമാനടിയല്ലേ…അവരുടെ ഭര്‍ത്താവ് സിനിമാ നടനാണ്, സിനിമാ കുടുംബത്തിന്റെ മരുമകള്‍ കൂടിയാണ്. ഇതൊക്കെ അവര്‍ക്ക് നിസാരമാണ്, അവര്‍ക്കെന്ത് ഇസ്‍ലാം, ചാത്തപ്പനെന്ത് മഹ്ശറ? ഒരാള്‍ കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുകയാണെന്ന് വിചാരിക്കുക, അയാളുടെ അടുത്തുപോയി, കള്ളുകുടിക്കുമ്പോള്‍ ബിസ്മി ചെല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? അവരൊരു സിനിമാനടിയാണ്, അവരുടെ ജീവിതശൈലി ഇങ്ങനെയാണ്, ഇവരൊന്നും നന്നാവൂല എന്ന നിലപാടൊന്നും എനിക്കില്ല,എങ്കിലും ആ സഹോദരി ചെയ്തത് തെറ്റാണ്. മുസ്ലിം നാമധാരികളായ സിനിമാനടികളെ വിമര്‍ശിക്കുമ്പോള്‍ പുരുഷന്‍മാരെ ആരും വിമര്‍ശിക്കാറില്ല. പുരുഷന്‍മാര്‍ക്കും മതത്തിന്റെ നിയമമുണ്ട്’ – ഇതാണ് നിയാസ് ജൗഹരി പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.

കൊല്ലത്ത് 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്നലെയാണ് വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹരി അറസ്റ്റിലായത്. ഓച്ചിറയിലെ ഹബീബിയ ഇസ്ലാമിക് അക്കാദമി കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തി. സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പ്രാർഥനയിലൂടെ രോഗം ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഹബീബിയ്യ ഇസ്ലാമിക്‌ അക്കാദമിയുടെ ഡയറക്ടറാണ് പ്രതി. 16 കാരിയുടെ അടുത്ത ബന്ധുവിന്റെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെയും ബന്ധുവിനെയും സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

ഇവിടെ വെച്ചാണ് പെൺകുട്ടിയെ ആദ്യമായി ഉപദ്രവിക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പൊലീസ് പറയുന്നു. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം, പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതിപ്പെടുന്നത്. സ്ഥാപനത്തിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ചോദ്യം ചെയ്യലിൽ ജൗഹരി കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതി സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!