സുഹൃത്തുക്കള്‍ ചതിച്ചെന്ന് തൊപ്പിയുടെ മൊഴി; കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ്, കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കുറ്റം നിലനില്‍ക്കുമെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്ന് തൊപ്പി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ആലുവ റൂറല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നിഹാദിനെതിരെ കേസെടുത്തത്. തുടര്‍ന്ന് പൊലീസ് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. പരാതികളെ തുടര്‍ന്ന് തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലീസ് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നിഹാദും നിഹാദിന്റെ എംആര്‍സെഡ് ഗ്യാങ്ങില്‍ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും പരസ്പരം ആരോപണ- പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എംഡിഎംഎ ഉപയോഗിക്കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് സുഹൃത്തുക്കള്‍ ആരോപിച്ചത്. തൊപ്പിയുടെ മുറിയില്‍ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും പുറത്തുവിട്ടിരുന്നു. തൊപ്പി ലൈംഗിക ചൂഷണം നടത്തിയെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അവര്‍ക്ക് പണം നല്‍കി പ്രശ്നം ഒതുക്കിയെന്നും ഇവര്‍ ആരോപിച്ചിരുന്നു. ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
