നൂറ് ചെലാനുകൾ വന്നാലും പിഴ ഉടമ അടയ്ക്കും, ജീവനക്കാർ നിയമലംഘനം തുടരും; അത്ര ക്ലിയറല്ല ഈ ബസ്സോട്ടം
കൊച്ചി: ഹോണടി ചോദ്യംചെയ്ത കാർ യാത്രക്കാരെ നഗരമധ്യത്തിൽ മിനിറ്റുകളോളം തടഞ്ഞുവെച്ച ബസ് ക്ലീനറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരെയും കൂസാതെ കാറിന്റെ ബോണറ്റിലടിച്ച് വെല്ലുവിളിക്കുന്നതായിരുന്നു ദൃശ്യം. ഓഗസ്റ്റ് 9-ന് കലൂരിൽ 15 മിനിറ്റ് കാർയാത്രക്കാരനെ തടഞ്ഞ മുഹമ്മദ് അൻസാർ എന്ന ക്ലീനർ 22-ന് കാക്കനാട് റൂട്ടിലും ഇത് ആവർത്തിച്ചു. വഴിതടയലിന് പിടിച്ചാലും ഒരു പെറ്റിക്കേസിൽ തീരുമെന്ന ധൈര്യമാണ് ഇത്തരക്കാർ ഇങ്ങനെ ചെയ്യാൻ കാരണം.
അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതോടെ ആദ്യം നിസ്സാരമായി കണ്ട പോലീസ്, പിന്നീട് ക്ലീനറെ ലോക്കപ്പിലാക്കുകയായിരുന്നു. അന്വേഷണത്തിലാണ് ഈ ക്ലീനർ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായത്. ഇത് നഗരത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ നടന്നതും നടക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയും മറ്റും പ്രചരിക്കുമ്പോഴാണ് പലതും വിവാദമാകുന്നത്.
പിഴ ഉടമകൾ അടയ്ക്കും, നിയമലംഘനം തുടരും
ഓട്ടോറിക്ഷാ ഡ്രൈവറെ സംഘംചേർന്ന് മർദിച്ച കേസിൽ കഴിഞ്ഞയാഴ്ച പോലീസ് പിടികൂടിയ സ്വകാര്യ ബസിന് അടയ്ക്കാനുള്ളത് 200-ഓളം ചെലാനുകളായിരുന്നു. അമിത വേഗം, സൈഡ് നൽകാതിരിക്കൽ, സ്റ്റോപ്പിൽ നിർത്താതെയിരിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇത്തരത്തിൽ സിറ്റി സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകൾക്കും ഇത്തരത്തിൽ 50-ഉം 100-ഉം ചെലാനുകളുണ്ട്.
പലകാലങ്ങളിലായി ഗതാഗത നിയമലംഘനത്തിന് നൽകുന്ന പിഴകൾ ഭൂരിഭാഗം ബസ്സുടമകളും കോടതിയിൽ ഒടുക്കുകയാണ് ചെയ്യുന്നത്. ചിലർ അതിന് വീഴ്ചവരുത്തുന്നു. മറ്റെന്തെങ്കിലും കേസിൽ പിടിക്കപ്പെടുമ്പോഴാണ് ചെലാനുകളുടെ കാര്യം പരിശോധിക്കുക.
നിയമലംഘനങ്ങൾക്കുള്ള പിഴ ബസ്സുടമകൾ അടയ്ക്കുന്നതിനാൽ ജീവനക്കാർക്ക് ഇക്കാര്യത്തിൽ വലിയ സമ്മർദമൊന്നുമില്ല. ട്രാഫിക് നിയമലംഘനങ്ങൾ മൂലം ഉണ്ടാകുന്ന ചെലാനുകൾക്ക് ഡ്രൈവർമാർ വ്യക്തിപരമായി ഉത്തരവാദികളാകാത്തതാണ് അടിക്കടി നിയമലംഘനം കൂടാൻ കാരണം.
നിർദേശങ്ങൾ നിരവധി
അന്വേഷണസാഹചര്യം ഉണ്ടായാൽ ഉടൻ തിരിച്ചറിയാൻവേണ്ടി ഓരോ ദിവസവും വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ ബസ്സുടമകൾ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നതടക്കം ഒട്ടനവധി നിർദേശങ്ങളുണ്ട്. മത്സരാടിസ്ഥാനത്തിലുള്ളതോ, അമിതവേഗമോ, അശ്രദ്ധാപരമോ ആയ ഡ്രൈവിങ്, അനാവശ്യ ഹോൺ മുഴക്കൽ എന്നിവ ഒഴിവാക്കുക, മുതിർന്ന പൗരന്മാരുടെയും കാൽനട യാത്രക്കാരുടെയും സുരക്ഷ, സീബ്രാ ക്രോസിങ്ങുകളിൽ വാഹനം നിർത്തി കാൽനട യാത്രക്കാർക്ക് വഴിയൊരുക്കുക, ബസുകളുടെ ഉള്ളിലും പുറത്തും പ്രവർത്തനക്ഷമമായ രണ്ട് ക്യാമറകൾ വെക്കുക, മോട്ടോർ സൈക്കിൾ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഫുട്പാത്ത് പാർക്കിങ് ഒഴിവാക്കുക, ഭാരവാഹനങ്ങളുടെ സുരക്ഷിത ഗതാഗതം ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
മത്സരയോട്ടം പതിവ്
സമയത്തെച്ചൊല്ലി രണ്ട് ബസുകളിലെ ജീവനക്കാർ തമ്മിലുള്ള തർക്കം ചോദ്യംചെയ്ത യാത്രക്കാരനെ നാണയക്കൂട്ടം കൈയിൽ ചുരുട്ടിപ്പിടിച്ച് കണ്ടക്ടർ മൂക്കിടിച്ച് തകർത്തത് കഴിഞ്ഞ മാസമായിരുന്നു. നഗരത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ഓവർടേക്കിങ്ങും നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഗതാഗത നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷനും നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും വേണ്ടരീതിയിൽ നടപ്പിലായിട്ടില്ല. മത്സരയോട്ടവും മറ്റൊരു ബസിന് വട്ടംവെക്കലും ഇതേത്തുടർന്ന് ഗതാഗതക്കുരുക്കും പതിവാണ്. ബസുകളുടെ മത്സരയോട്ടവും അതിന്റെ പേരിലുള്ള തർക്കങ്ങളും അക്രമസംഭവങ്ങളും കുറയ്ക്കാൻ എ.ഐ. സാങ്കേതികവിദ്യയോടെ പ്രവർത്തിക്കുന്ന പഞ്ചിങ് സ്റ്റേഷനുകൾ കൊണ്ടുവരാൻ സിറ്റി പോലീസ് പദ്ധതിയിടുന്നുണ്ട്.
