ദുരൈ ആൻഡ് ഫാമിലി: താമസം തെരുവിൽ; റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ

Share our post

പയ്യന്നൂർ : തെരുവുവിളക്കിന്റെ ചെറിയ വെളിച്ചത്തിലാണ് തമിഴ്നാട് സ്വദേശികളായ ദുരൈയും ഭാര്യ പഞ്ചമിയും മക്കളും ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും അന്തിയുറങ്ങുന്നതും. ആക്രി പെറുക്കിവിറ്റ് തെരുവിൽ കഴിയുന്ന ഇവരും സർക്കാരിന്റെ കണക്കിൽ മുൻഗണനാ വിഭാഗത്തിൽ. തെരുവുവിളക്കിന്റെ പ്രകാശത്തിൽ ജീവിതം മുന്നോട്ടു തള്ളിനീക്കുന്നവരുടെ റേഷൻ കാർഡിൽ വൈദ്യുതീകരിച്ചതെന്ന് സപ്ലൈ ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ. ജീവിതം ദാരിദ്ര്യത്തിലാണെങ്കിലും ദുരൈയ്ക്കും കുടുംബത്തിനും സർക്കാർ നൽകിയത് മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡാണ്.

അതുകൊണ്ടുതന്നെ മറ്റൊരു ആനുകൂല്യവും ഇവർക്കു ലഭിക്കുന്നുമില്ല.15 കൊല്ലം മുൻപാണ് ദുരൈ (34), പഞ്ചമി (33) എന്നിവർ പയ്യന്നൂർ ടൗണിലെത്തിത്. ആക്രി പെറുക്കിവിറ്റ് തെരുവിൽ കഴിയുന്ന കുടുംബം സർക്കാരിന്റെ പയ്യന്നൂർ സ്റ്റേഡിയം റോഡിൽ കടവരാന്തയിൽ താമസിക്കുന്ന ഇവർക്ക് റേഷൻ കാർഡും ആധാർ കാർഡും ലഭിക്കാൻ നഗരസഭ സഹായിച്ചിരുന്നു. വീടും സ്ഥലവും ഇല്ലാത്തവർക്ക് നഗരസഭയുടെ ഫ്ലാറ്റ് സൗകര്യം ലഭിക്കുന്നതിനാണ് ഈ സൗകര്യങ്ങൾ ഉണ്ടാക്കിയത്. അന്ന് കോറോത്തെ വീടിന്റെ മേൽവിലാസമാണ് ഉദ്യോഗസ്ഥർ നൽകിയത്. എന്നാൽ നഗരസഭയുടെ ഫ്ലാറ്റ് പദ്ധതി യാഥാർഥ്യമായില്ല. ഇവരുടെ ജീവിതം തെരുവിൽ തന്നെയായി.

റേഷൻ കാർഡ് ദാരിദ്ര്യരേഖയ്ക്കു താഴേക്കു മാറ്റിക്കിട്ടാൻ ഇവർ താലൂക്ക് ഓഫിസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. 1000 രൂപ വരുമാനമുള്ള ഈ കുടുംബത്തെ ദാരിദ്ര്യരേഖയിൽ ഉൾപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. 4 മക്കളാണ് ഇവർക്ക്. രണ്ടു മക്കൾ സ്കൂളിൽ പോകുന്നുണ്ട്. ഇവർക്കൊപ്പം ബന്ധുക്കളായ മഹേശ്വരിയും ഭർത്താവ് ഗണേശനും 2 മക്കളുമുണ്ട്. ഇവർക്ക് തൽക്കാലം വാടകവീടെങ്കിലും ഒരുക്കി കൊടുക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!