ഞങ്ങളുടെ തലയിൽ കയറി നിരങ്ങരുത്: ഷാജിക്കെതിരെ കാരശ്ശേരി

Share our post

കോഴിക്കോട്: മന്ത്രി കെ എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി. കെ എം ഷാജിയുടെ മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന വാക്യം ജനാധിപത്യത്തെയും ദേശീയതയെയും അങ്ങേയറ്റം പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നതാണെന്ന് എം എന്‍ കാരശ്ശേരി പറഞ്ഞു. അദ്ദേഹം അത് പിന്‍വലിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ എം എന്‍ കാരശ്ശേരി പറഞ്ഞു.

‘ജനാധിപത്യത്തിന്റെ രാഷ്ട്രീയത്തിന്റെ പ്രധാന ലക്ഷ്യം മതമായിരിക്കാന്‍ പാടില്ല. അങ്ങേയറ്റം അപലപനീയമായ ആ പ്രയോഗം അദ്ദേഹം പിന്‍വലിക്കേണ്ടതായിരുന്നു. ഇപ്പോള്‍ അദ്ദേഹം മന്ത്രിയായി കഴിഞ്ഞപ്പോള്‍ നടത്തുന്ന പ്രയോഗവും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആഡംബര കാറില്‍ യാത്ര ചെയ്തു. അതിന് ധാര്‍മിക പ്രശ്‌നമുണ്ട്’, എം എന്‍ കാരശ്ശേരി പറഞ്ഞു.

മന്ത്രിക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ കാറുണ്ട്. അതിന് പോയാല്‍ മതിയെന്നും പണക്കാരായ, സുഹൃത്തുക്കളായ മുതലാളിമാരുടെ സൗജന്യങ്ങള്‍ പറ്റാന്‍ പാടില്ലെന്നും കാരശ്ശേരി കൂട്ടിച്ചേര്‍ത്തു. തന്റെ മന്ത്രി വേറൊരുത്തന്റെ ഓശാരത്തിന് പോകാന്‍ പാടില്ലെന്ന് പറയാനുള്ള സ്വാന്ത്ര്യമുണ്ട്. ഇത്തരം സൗകര്യങ്ങളൊക്കെ വെറുതെ കിട്ടുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആഡംബരത്തില്‍ ജീവിച്ച് പരിചയിച്ച ആളാണ് അദ്ദേഹം എന്ന് പറയുന്നുണ്ട്. അതൊക്കെ പറയുന്നത് എന്തൊരു നാണക്കേടാണ്. ഇതൊക്കെ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗിന്റെ നേതാക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മനസിലാക്കേണ്ടതാണ്. മന്ത്രിസ്ഥാനം കിട്ടിയപ്പോള്‍ തലയ്ക്ക് ഓളം പിടിച്ച വര്‍ത്തമാനം പറയാന്‍ പാടില്ല. ജനങ്ങളെ വെല്ലുവിളിക്കുന്ന വര്‍ത്തമാനം പറയരുത്. ജനങ്ങളെ വെല്ലുവിളിക്കുന്ന മട്ടില്‍, സമുദായ അന്തരീക്ഷം തകര്‍ക്കുന്ന മട്ടില്‍, ആളുകളുടെ അന്തസ് തകര്‍ക്കുന്ന മട്ടില്‍ പെരുമാറരുത്. ഇത് എന്റെ അപേക്ഷയാണ്’, കാരശ്ശേരി പറഞ്ഞു.

‘മന്ത്രിയെ കുറിച്ച് ആലോചിക്കുമ്പോള്‍ തങ്ങളുടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണം. അന്തസും അഭിമാനവും തോന്നണം. അതിനാണ് നിങ്ങളെ തെരഞ്ഞെടുത്ത് മന്ത്രിമാരും എംഎല്‍എമാരുമാക്കുന്നത്. അല്ലാതെ ഞങ്ങളുടെ തലയില്‍ കയറി നിരങ്ങാനല്ലെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!