ഭാര്യയുടെ ക്വട്ടേഷൻ; ഭർത്താവിന്റെ കാമുകിയെ തൃശ്ശൂരിൽനിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
തൃശ്ശൂർ: തൃശ്ശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു.
തിരുപ്പൂർ സ്വദേശിയാണ് യുവതിയുടെ കാമുകൻ. ഇയാളുടെ കൈകാലുകൾ തല്ലിയൊടിക്കുകയും ചെയ്തിട്ടുണ്ട്. നാലുദിവസം മുമ്പാണ് സംഭവം നടന്നത്. തിരുപ്പൂർ സ്വദേശിയായ യുവാവും നിലമ്പൂർ സ്വദേശിനിയും പ്രണയത്തിലായിരുന്നു. ഇവർ തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. ഇവരുടെ ലൊക്കേഷൻ മനസ്സിലാക്കിയ യുവാവിന്റെ ഭാര്യ തമിഴ്നാട്ടിലെ ഒരു ക്വട്ടഷൻ സംഘത്തെ കൃത്യത്തിനായി നിയോഗിക്കുകയായിരുന്നു. പൊലീസ് ചമഞ്ഞാണ് ക്വട്ടേഷൻ സംഘം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതെന്നാണ് വിവരം.
ലോഡ്ജിൽ അതിക്രമിച്ചു കയറി ക്വട്ടേഷൻ സംഘം യുവാവിനെയും കാമുകിയെയും കാറിൽ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കയ്യും കാലും തുണികൊണ്ടു കെട്ടിയശേഷം വായിൽ തുണി തിരുകിയാണ് കാറിൽ കയറ്റിക്കൊണ്ടുപോയത്.
തിരുപ്പൂരിലേക്കുള്ള മടക്കയാത്രയിലുടനീളം യുവാവിനെ ക്രൂരമായി മർദിച്ചു. യുവാവിന്റെ കയ്യും കാലും പലയിടത്തായി ഒടിഞ്ഞ നിലയിലാണ്. ഇയാളെ തിരുപ്പൂരിനു സമീപമുള്ള ആശുപത്രിക്കു മുന്നിൽ തള്ളിയശേഷം യുവതിയെ മറ്റൊരു കാറിലേക്കു മാറ്റി. പിന്നീടാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. നിലമ്പൂർ സ്വദേശിനിയായ യുവതി മലപ്പുറത്ത് നൽകിയ പരാതി തൃശ്ശൂർ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയടക്കം നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാളെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
