ദേശീയപാതയിലെ നിർമിതികളിൽ ആശങ്ക; ഉയരപാതകളിൽ ഇരുമ്പുകമ്പികൾ അടിച്ചുകയറ്റുന്നു
ബക്കളം: ദേശീയപാതയിലെ കണ്ണൂർ റീച്ചിൽ നടക്കുന്ന നിർമിതികളിൽ ആശങ്ക ഉയരുന്നു. കഴിഞ്ഞദിവസങ്ങളിൽ ബക്കളം ഭാഗത്ത് ഉയരപാതയുടെ ഇരുഭാഗത്തേയും ഭിത്തികൾ കോർത്തിണക്കിയ കോൺക്രീറ്റ് പാളികളിൽ ഇരുമ്പുകമ്പികൾ അടിച്ചുകയറ്റി പുതിയ രീതിയിലുള്ള ബലപ്പെടുത്തലാണ് നടക്കുന്നത്. ഇതോടെ ഉയരപാതയുടെ ഇരുഭാഗത്തും താമസിക്കുന്നവർ വലിയ ആശങ്കയിലാണ്. കുറ്റിക്കോൽ മുതൽ വേളാപുരം വരെ നിർമിച്ച ഉയരപാതകളെക്കുറിച്ച് നിരവധി ആക്ഷേപങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്.
കണ്ണൂർ റീച്ചിൽ കുറ്റുക്കോൽ മുതൽ ധർമശാല വരെയും ധർമശാല മുതൽ മാങ്ങാട് തെരു വരെയും കീച്ചേരി മുതൽ വേളാപുരം വരെയുമാണ് ഉയരപാതകൾ നിർമിച്ചിട്ടുള്ളത്. കഴിഞ്ഞ മൺസൂൺകാലത്ത് ഈ ഭാഗങ്ങളിൽ നിർമിച്ച ഉയര പാതകളിൽ നിരവധി അപാകങ്ങൾ ദൃശ്യമായിരുന്നു. തുടർന്ന് ആഴ്ചകളോളം വിവിധ അറ്റകുറ്റപണികൾ നടത്തിയാണ് പ്രശ്നങ്ങൾ ഒരുവിധം പരിഹരിച്ചത്.
ബക്കളം ഭാഗത്ത് വിവിധ ഇടങ്ങളിൽ ഉയരപാതയുടെ ഭിത്തിയിലെ കോൺക്രീറ്റ് പാളി തന്നെ തള്ളിയിരുന്നു. തുടർന്ന് ഈ ഭാഗങ്ങളിലും അറ്റകുറ്റപണികൾ നടത്തേണ്ടതായിവന്നു. മൂന്നുമാസം മുൻപാണ് കുറ്റിക്കോൽ മുതൽ കല്യാശ്ശേരി വരെയുള്ള ഉയരപാത തുറന്നുകൊടുത്തത്. ഇതോടെയാണ് ഉയരപാതയിലെ അപാകങ്ങൾ കൂടുതൽ ദൃശ്യമായി തുടങ്ങിയത്. അതിന്റെ ഭാഗമായുള്ള പുതിയ രീതിയിലുള്ള അറ്റകുറ്റപ്പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളിൽ പ്രവൃത്തികൾ മറ്റു ഭാഗങ്ങളിലും നടക്കും. മാങ്ങാട് ഭാഗത്തും ഇത്തരം പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ മാങ്ങാട് ഭാഗത്തും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭിത്തികൾ ഉറപ്പിക്കാൻ ഇരുമ്പുകമ്പികൾ അടിച്ചുകയറ്റുന്നു
കണ്ണൂർ റീച്ചിൽ കുറ്റിക്കോൽ മുതൽ വേളാപുരം വരെ നിർമിച്ച ഉയരപാതയുടെ ശരാശരി ഉയരം 10 മീറ്റർ വരെയാണ്. കഴിഞ്ഞ മൺസൂൺ കാലത്തും ബക്കളത്തും മാങ്ങാട്ടും കീച്ചേരിയിലും ഉയരപാതയുടെ അരികിൽ കോർത്തിണക്കിയ കോൺക്രീറ്റ് പാളികളിൽ തള്ളലും വിള്ളലും കണ്ടെത്തിയിരുന്നു. നിലവിൽ അത്തരം കോൺക്രീറ്റ് പാനൽ കോർത്തിണക്കിയ ഭിത്തികളിൽ കുഴൽക്കിണർ കുഴിക്കുന്ന യന്ത്രം ഉപയോഗിച്ച് വലിയ ദ്വാരമുണ്ടാക്കിയാണ് കമ്പികൾ അടിച്ചുകയറ്റുന്നത്. പിന്നീട് കമ്പികൾ കയറ്റിയ ഭാഗം സിമന്റുകൊണ്ട് അടയ്ക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ചെയ്താൽ ഉയരപാതയിൽ നിറച്ച മണ്ണ് തള്ളിവരില്ലെന്നാണ് നിർമാണക്കമ്പനിയുടെ വിദഗ്ധർ പറയുന്നത്. എന്നാൽ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്. കുന്നിൻ ചെരിവുകളിൽ മണ്ണ് ഇടിയാതിരിക്കാൻ ഇത്തരം നെയ്‌ലിങ് പുതിയ പാതയുടെ പലഭാഗത്തും നടത്തിയിരുന്നു. എന്നാൽ അത്തരം പ്രവൃത്തികൾ അപാകമുണ്ടെന്ന് ചെറുവത്തൂരിലെയും തളിപ്പറമ്പ് കുപ്പത്തെയും അനുഭവങ്ങൾ തെളിയിച്ചതാണ്. ഈ ഭാഗങ്ങളിൽ നെയ്‌ലിങ്ങ് നടത്തിയ ഭാഗമാകെ ഇടിഞ്ഞിറങ്ങി വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ആ ഭാഗങ്ങളിലെല്ലാം ഭീഷണി നിലനിൽക്കുന്നുണ്ട്. അതിന് സമാനമായ പ്രക്രിയ ഉയരപാതയിലും നടത്തുമ്പോൾ ഇരുവശത്തെയും പ്രദേശവാസികൾ വലിയ നടുക്കത്തിലാണ്.
