വിക്രമും ഭരതും എത്തി, ആനക്കൊട്ടിലും സജ്ജം; മോഴയാനയെ പിടിക്കാൻ ഓപ്പറേഷൻ കണ്ണൂർ മഖ്ന ഉടൻ

Share our post

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസമേഖലയിലും ഭീഷണിയായ മോഴയാനയെ മയക്കു വെടിവെച്ചശേഷം തളയ്ക്കുന്നതിന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളായ വിക്രമും ഭരതും എത്തി. പിടികൂടി കൊണ്ടുപോയി പാർപ്പിക്കാൻ മുത്തങ്ങയിൽ ആനക്കൊട്ടിൽ (ക്രാൾ) സജ്ജമായി.

ഓപ്പറേഷൻ കണ്ണൂർ മഖ്ന എന്ന പേരിൽ മോഴയാനയെ പിടിക്കാനുള്ള ദൗത്യം അടുത്തദിവസം തന്നെ തുടങ്ങും. മുത്തങ്ങ ആനക്യാമ്പിലെ വിക്രം, ഭരത് എന്നീ കുങ്കിയാനകളെ കഴിഞ്ഞ രാത്രിയാണ് ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ വളയംചാലിൽ എത്തിച്ചത്. മറ്റൊരു കുങ്കിയാനയെ കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം നൽകിയ വിക്രമിനും നിരവധി ഓപ്പറേഷനുകളിൽ പങ്കാളിയായ ഭരതിനും പുറമേയാണ് മൂന്നാമതൊരു കുങ്കിയാനയെ കൂടി കൊണ്ടുവരാനുള്ള ശ്രമം. മോഴയെ കണ്ടെത്താനുള്ള വനംവകുപ്പ് ദ്രുതകർമസേനയുടെ നിരീക്ഷണം തുടരുകയാണ്. കണ്ടെത്തി അനുയോജ്യമായ സ്ഥലം ഉറപ്പായാൽ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിൽ മയക്കുവേണ്ടി വെക്കാനുള്ള നടപടികൾ തുടങ്ങും.

വിക്രമും ഭരതും വയനാട്ടിലെ പഴയ വില്ലൻമാർ

വയനാട്ടിൽ കല്ലൂർക്കൊമ്പൻ എന്നറിയപ്പെട്ട ഒറ്റയാനെ 2016 നവംബർ 22-നാണ് മയക്കുവെടിവെച്ച് പിടികൂടിയത്. ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും സ്ഥിരമായി കുഴപ്പമുണ്ടാക്കിയ കല്ലൂർ കൊമ്പന് ഭരതൻ എസ്.ഐ. എന്ന വിളിപ്പേരുകൂടിയുണ്ടായിരുന്നു. കർഷകനെ അക്രമിച്ച് പരിക്കേൽപ്പിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധം കണക്കിലെടുത്താണ് മയക്കുവെടി വെച്ച് പിടികൂടിയത്. രണ്ടുവർഷത്തിനുശേഷം കൂട്ടിൽ നിന്നിറക്കി ഭരത് എന്ന പേരിട്ട് കുങ്കിയാനയാക്കി.

അക്രമ സ്വഭാവം കാണിച്ച വടക്കനാട് കൊമ്പനെ 2019 മാർച്ച് 11-നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. സ്ഥിരമായി പ്രശ്നമുണ്ടാക്കിയ ആനയെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാരസമരം ഉൾപ്പെടെ ഒട്ടേറെ ജനകീയ സമരങ്ങൾ നടന്നിരുന്നു. പൊൻകുഴിയിൽ ആദിവാസി ബാലനെ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്നാണ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. പിടികൂടി വിക്രമെന്ന് പേരിട്ട് കുങ്കിയാക്കിയശേഷം അരിക്കൊമ്പനെ തളക്കാനുള്ള ദൗത്യത്തിൽ മുഖ്യപങ്കാളിയായിരുന്നു

മോഴയെ കണ്ടെത്താനുള്ള ശ്രമം ഊർജിതം

ആറളത്ത് നിരവധി പേരുടെ ജീവനെടുത്ത മോഴയെ മയക്കുവെടിവെച്ച് പിടിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒന്നരമാസം മുൻപാണ് ഉത്തരവിറക്കിയത്. മയക്കുവെടിവെക്കുന്നതിന് മുൻപ് മോഴയെ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേകസംഘം ആറളത്ത് ക്യാമ്പ് ചെയ്‌തെങ്കിലും മോഴ മുങ്ങി നടക്കുകയായിരുന്നു. ഇതോടെ ഓണത്തിന് മുൻപ് ഓപ്പറേഷൻ കണ്ണൂർ മഖ്ന എന്ന പേരിൽ നടപ്പാക്കാനിരുന്ന ദൗത്യം നീണ്ടുപോയി. മോഴയെ കണ്ടെത്തി മയക്കുവെടിവെക്കാൻ അനുകൂലമായ സാഹചര്യം രൂപപ്പെട്ടാൽ രണ്ടുദിവസത്തിനകം ദൗത്യം തുടങ്ങുമെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!