ഞാൻ പണം വാങ്ങിയാൽ ‘കോഴ’, രാഷ്ട്രീയക്കാരൻ വാങ്ങിയാൽ ‘സംഭാവന’;പത്മഭൂഷൺ ലഭിച്ചതിൽ സംശയമുള്ളവർക്ക് അമിത് ഷായുടെ കത്ത് മറുപടിയെന്ന് വെള്ളാപ്പള്ളി

Share our post

കൊല്ലം: തനിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സംശയം പ്രകടിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ കത്തെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്തുകൊണ്ടാണ് പത്മഭൂഷൻ ലഭിച്ചതെന്ന് ആ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും, ആ ബഹുമതി തന്റെ സമുദായത്തിന് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ കേസുകൾ നൽകിയവരും വിമർശനം ഉന്നയിച്ചവരുമുണ്ടായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണകാലത്ത് എസ്എൻഡിപിയ്ക്ക് പ്രത്യേക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിന് അഭിമുഖം നടത്താനുള്ള അനുമതി മാത്രമാണ് ലഭിച്ചതെന്നും അതും പൂർണമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരെ ഒരു മാധ്യമം വ്യാജപ്രചാരണം നടത്തുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ‘ഞാൻ പണം വാങ്ങിയാൽ കോഴ, രാഷ്ട്രീയക്കാരൻ വാങ്ങിയാൽ സംഭാവന, ശാന്തി വാങ്ങിയാൽ ദക്ഷിണ, പൊലീസുകാരൻ വാങ്ങിയാൽ പടി’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

മുമ്പ് എസ്എൻട്രസ്റ്റിലും എസ്എൻഡിപി യൂണിയനിലും തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും താൻ നേതൃത്വം ഏറ്റെടുത്ത ശേഷം അവ പരിഹരിക്കാൻ കഴിഞ്ഞുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!