തലസ്ഥാനത്തെ അരുംകൊല; അയൽവാസികൾ തമ്മിലുള്ള അതിർത്തിത്തർക്കം, വിശാഖിനെ ആക്രമിച്ചത് കാറിലെത്തിയ സംഘം

Share our post

കൈതമുക്ക്: തിരുവനന്തപുരം കൈതമുക്കിൽ അതിർത്തി തർക്കത്തെത്തുടർന്ന് യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തിയത് അതിർത്തിത്തർക്കത്തിന്റെ പേരിലെന്ന് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നഗരമധ്യത്തിലെ ചാമക്കടയിലാണ് പട്ടാപ്പകൽ അരുംകൊല നടന്നത്. ചാമക്കട സ്വദേശിയായ വിശാഖാണ് കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവുമായ പ്രദീപും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നൽകുന്ന വിവരം.

പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. സംഭവസമയം വിശാഖ് തന്റെ വീടിന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ, KL 27 H 9286 എന്ന നമ്പറിലുള്ള വെള്ള നിറത്തിലുള്ള മാരുതി ആൾട്ടോ കാറിലെത്തിയ മൂന്നുനാല് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. വിശാഖിന്റെ കൈക്കും കാലിനും വയറിനുമാണ് ഗുരുതരമായി വെട്ടേറ്റത്.

അക്രമത്തിന് ശേഷം പ്രതികൾ കാറിൽ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വിശാഖും അയൽവാസിയായ പ്രദീപും തമ്മിൽ ദീർഘനാളായി നിലനിന്നിരുന്ന അതിർത്തി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. ഇവർ ബന്ധുക്കൾ കൂടിയാണ്. മുൻപും പലതവണ ഇവർ തമ്മിൽ വഴക്കുകൾ ഉണ്ടാകുകയും പലതും കേസാകുകയും ചെയ്തിരുന്നു. 

ഏകദേശം ആറ് മാസം മുമ്പ് സമാനമായ രീതിയിൽ ഇവർ തമ്മിൽ സംഘർഷം നടന്നിരുന്നു. അന്ന് വിശാഖ് പ്രദീപിനെ ആക്രമിക്കുകയായിരുന്നു. ആ കേസിൽ വിശാഖ് പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട വിശാഖിന് ചെറിയ രീതിയിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ നടന്ന ഈ കൊലപാതകം നാട്ടുകാരെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

മുൻപും ഈ പ്രദേശത്ത് ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ നാട്ടുകാരും റെസിഡന്റ്‌സ് അസോസിയേഷനും ഇടപെട്ടിരുന്നുവെങ്കിലും അത് ഒരു കൊലപാതകത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുള്ളതായി പോലീസ് അറിയിച്ചു.

സിറ്റി പോലീസ് കമ്മീഷണർ, എസിപി എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!