കേളകത്ത് മഴവെള്ളം കുത്തിയൊലിച്ച് റോഡരികിൽ കുഴി രൂപപ്പെട്ടു
കേളകം: കേളകം ബസ് സ്റ്റാൻഡിൽ നിന്ന് കൊട്ടിയൂർ-കേളകം പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് മഴവെള്ളം ശക്തമായി കുത്തിയൊലിച്ചതിനെ തുടർന്ന് റോഡരികിൽ വൻകുഴി രൂപപ്പെട്ടു.
മഴവെള്ളം ഒഴുകുന്ന കനയിൽ മണ്ണ് ഒലിച്ചുപോയതോടെയാണ് വലിയ കുഴികൾ രൂപപ്പെട്ടത്. കേളകം ടൗണിലേക്കുള്ള പ്രധാന റോഡായതിനാൽ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ റോഡരികിലേ കുഴിയിലേക്ക് തെന്നിവീഴാൻ സാധ്യതയുണ്ട്. ഇരുചക്ര വാഹനയാത്രക്കാരും രാത്രികാല യാത്രക്കാരും കൂടുതൽ അപകടസാധ്യത നേരിടുന്നുണ്ട്.
