കാസർഗോഡ്–വയനാട് 400 കെ.വി. ലൈൻ; നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന കാസർഗോഡ്–വയനാട് 400 കെ.വി. വൈദ്യുതി പ്രസരണ ലൈൻ പദ്ധതി അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നിർണായക നടപടിയുമായി സർക്കാർ. പദ്ധതിയുടെ ഭാഗമായി ഭൂവുടമകൾക്കുള്ള പ്രത്യേക നഷ്ടപരിഹാര പാക്കേജ് ഗണ്യമായി വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നടത്തിയ ചർച്ചകളുടെയും ഇടപെടലുകളുടെയും ഫലമായാണ് പദ്ധതിയിൽ നിർണായക വഴിത്തിരിവുണ്ടായത്. ഭൂവുടമകൾ ഉന്നയിച്ച ആശങ്കകളും നഷ്ടപരിഹാര പാക്കേജ് വർധിപ്പിക്കണമെന്ന ആവശ്യവും മന്ത്രി ഗൗരവത്തോടെ പരിഗണിക്കുകയും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തിയ ഉടൻതന്നെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥന്മാരും, ബാധിക്കപ്പെടുന്ന സ്ഥലം ഉടമകളുടെ പ്രതിനിധികളുമായും മന്ത്രി നടത്തിയ നിരവധിയായ ചർച്ചകൾ നടത്തി അനുകൂലമായ തീരുമാനത്തിലെത്താൻ ഇടപെടുകയും ചെയ്തു. തുടർന്ന് വൈദ്യുതി വകുപ്പ് മുന്നോട്ടുവെച്ച നിർദ്ദേശം കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചതോടെയാണ് പുതുക്കിയ നഷ്ടപരിഹാര പാക്കേജിന് അംഗീകാരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
2026 നവംബർ 12-ലെ G.O.(Ms) No.13/2026/POWER ഉത്തരവ് പ്രകാരമാണ് നഷ്ടപരിഹാര നിരക്കുകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
കാസർഗോഡ്–വയനാട് 400 കെ.വി. ലൈൻ പദ്ധതി പൂർത്തിയാക്കുന്നതിൽ യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭൂവുടമകളുടെ ന്യായമായ ആശങ്കകൾ പരിഹരിച്ച് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഭരണപരമായ ഇടപെടലിന്റെയും പ്രതിഫലനമാണ് ഈ തീരുമാനം. പദ്ധതി പൂർത്തീകരണത്തിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ നടപടി വഴിയൊരുക്കും.
പുതുക്കിയ നഷ്ടപരിഹാര പാക്കേജിലെ പ്രധാന വ്യവസ്ഥകൾ
1. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനുള്ള നഷ്ടപരിഹാരം: ടവർ സ്ഥാപിക്കുന്ന ഭൂമിയുടെ ന്യായവിലയുടെ 400 ശതമാനമായി നഷ്ടപരിഹാരം വർധിപ്പിച്ചു. നേരത്തെ ഇത് 340 ശതമാനമായിരുന്നു.
2. റൈറ്റ് ഓഫ് വേ (Right of Way) നഷ്ടപരിഹാരം: പ്രസരണ ലൈൻ കടന്നുപോകുന്ന ഭൂമിയുടെ ന്യായവിലയുടെ 100 ശതമാനമായി നഷ്ടപരിഹാരം ഉയർത്തി. നേരത്തെ ഇത് 60 ശതമാനമായിരുന്നു.
3. വീടുകൾക്കുള്ള നഷ്ടപരിഹാരം: പ്രസരണ ലൈനിന് താഴെയുള്ള വീടുകൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ (PWD) മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും. മൂല്യനിർണയ തുക 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ യഥാർത്ഥത്തിൽ നിർണയിച്ച തുക നൽകും.ഇത് 2026 മാർച്ചിൽ ഇറക്കിയ ഉത്തരവിൽ കേവലം 2 ലക്ഷം രൂപ മാത്രമായിരുന്നു.
4. ഭൂമിയുടെ കുറഞ്ഞ ന്യായവില: ഒരു സെന്റിന്റെ ന്യായവില 10,000 രൂപയിൽ താഴെയുള്ള പ്രദേശങ്ങളിൽ 10,000 രൂപ ഒരു സെന്റിന്റെ അടിസ്ഥാന ന്യായവിലയായി കണക്കാക്കിയാണ് നഷ്ടപരിഹാരം നിർണയിക്കുക. ഇത് 2026 മാർച്ചിൽ ഇറക്കിയ ഉത്തരവിൽ 7000 രൂപയായിരുന്നു
5. മരങ്ങൾ മുറിക്കുന്നതിനുള്ള നഷ്ടപരിഹാരം: മുറിച്ചുമാറ്റേണ്ട മരങ്ങൾക്കുള്ള നഷ്ടപരിഹാരം നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ നിശ്ചയിക്കും. ഇതിനായി സമതല പ്രദേശങ്ങളിൽ 46 മീറ്റർ വീതിയിലും മലനിരകൾ, താഴ്വരകൾ എന്നിവിടങ്ങളിൽ 30 മീറ്റർ വീതിയിലും കണക്കാക്കും.
പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ഭൂവുടമയ്ക്കും നൽകേണ്ട നഷ്ടപരിഹാര തുക ജില്ലാ കളക്ടർമാർ കണക്കാക്കി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEBL) വഹിക്കും.
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണ ശേഷിയിൽ വലിയ മുന്നേറ്റം
കാസർഗോഡ്–വയനാട് 400 കെ.വി. ലൈൻ പൂർത്തിയാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി പ്രസരണ ശേഷിയിൽ ഗണ്യമായ വർധനവുണ്ടാകും. ഇതുവഴി പുറത്തുനിന്ന് കൂടുതൽ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കുന്നതിനും സംസ്ഥാനത്തിനകത്ത് ലഭ്യമായ അധിക വൈദ്യുതി ആവശ്യാനുസരണം പുറത്തേക്ക് കൈമാറുന്നതിനും കൂടുതൽ സൗകര്യമുണ്ടാകും.
സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും വൈദ്യുതി ക്ഷാമ സാഹചര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി വൈദ്യുതി ലഭ്യമാക്കുന്നതിനും പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി നിർണായകമാണ്. ഭാവിയിലെ വൈദ്യുതി ആവശ്യങ്ങൾ മുന്നിൽക്കണ്ട് കേരളത്തിന്റെ ഊർജമേഖലയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പദ്ധതി വലിയ മുതൽക്കൂട്ടാകും.
ഭൂവുടമകളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന ഈ സുപ്രധാന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള യുഡിഎഫ് സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം.
