പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ: വരുമാനത്തിൽ മുന്നിൽ, പ്രവൃത്തിയിൽ പിന്നിൽ

Share our post

പയ്യന്നൂർ : യാത്രാവരുമാനം വർധിപ്പിച്ച് മുന്നേറുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പ്രവൃത്തിയിൽ പിന്നിൽ. 2023-ൽ തുടങ്ങിയ 31.40 കോടി രൂപയുടെ പദ്ധതി ഇതുവരെ പൂർത്തിയായില്ല. പാലക്കാട് ഡിവിഷനിൽ ഈയാഴ്ച തലശ്ശേരി, തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ് അമൃത് ഭാരത് സ്റ്റേഷനുകൾ ഉദ്ഘാടനത്തിന് സജ്ജമാകുമ്പോഴാണ് പയ്യന്നൂരിൽ ഈ സ്ഥിതി. ‌

അമൃത് ഭാരത് പദ്ധതയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പയ്യന്നൂർ സ്റ്റേഷൻ ഏപ്രിൽ 18-ന് പാലക്കാട് ഡിവിഷൻ ഉന്നതതലസംഘം സന്ദർശിച്ചിരുന്നു. ഡി.ആർ.എം. മധുകർ റോട്ടിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സ്റ്റേഷനിലെ അമൃത്‌ഭാരത് പദ്ധതി പ്രവൃത്തി ഒരുമാസത്തിനകം പൂർത്തീകരിക്കാൻ ഡി.ആർ.എം. ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശംനൽകിയിരുന്നു. ലിഫ്റ്റ് ഒഴിച്ച് ബാക്കി മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കുമെന്ന് എ.ഡി.ആർ.എമ്മും പറഞ്ഞിരുന്നു.

എന്നാൽ രണ്ടുമാസം കഴിഞ്ഞിട്ടും കവാടത്തിന്റെ പ്രവൃത്തി മെല്ലെപ്പോക്കിലാണ്. പണി പൂർത്തീകരിച്ച ചില സ്ഥലങ്ങളിൽ മഴയത്ത് ചോർച്ച ഉണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 2023 ഓഗസ്റ്റിലാണ് പ്രവൃത്തി തുടങ്ങിയത്. കിറ്റ്കോ ആണ് 31.40 കോടി രൂപയുടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. മേൽ നടപ്പാതകൾ, എസ്‌കലേറ്റർ, ലിഫ്റ്റുകൾ, പാർക്കിങ്, പ്ലാറ്റ്‌ഫോം, വിശ്രമമുറികൾ ഉൾപ്പെടെയാണ് വിപുലീകരിക്കുന്നത്. യാത്രാ വരുമാനത്തിന് പുറമെ സമഗ്ര വികസനത്തിനായി വാണിജ്യ കെട്ടിടവും (കമേഴ്സ്യൽ ഷോപ്പിങ് കോംപ്ലക്സ് ) പയ്യന്നൂരിൽ പദ്ധതിയിൽ ഉണ്ട്.

ലിഫ്റ്റ് വന്നത് ആശ്വാസം, മേൽനടപ്പാത ഉയർന്നില്ല

പയ്യന്നൂർ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിൽ ലിഫ്റ്റ് സൗകര്യം വന്നത് ഗുണമായി. അംഗപരിമിതർ, മുതിർന്ന യാത്രക്കാർ, ഗർഭിണികൾ ഉൾപ്പെടെ ഇത് പ്രയോജനപ്പെടുന്നു. 2025 ഡിസംബറിലാണ് ലിഫ്റ്റിന്റെ നിർമാണം തുടങ്ങിയത്. എന്നാൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മേൽനടപ്പാത (ഫൂട്ട് ഓവർ ബ്രിഡ്ജ്) പൂർത്തിയായില്ല. പ്രവൃത്തി നടക്കുകയാണ്.

വരുമാനം 26.7 കോടി വർഷാവർഷം യാത്രാവരുമാനത്തിൽ മുന്നിലുള്ള സ്റ്റേഷനാണ് പയ്യന്നൂർ. 2025-26 സാമ്പത്തിക വർഷ കണക്ക് പ്രകാരം 26.75 കോടി രൂപയാണ് നേടിയത്. മുൻവർഷത്തേക്കാൾ 2.17 കോടി രൂപയുടെ വർധന. 2024-25 വർഷം 24.58 കോടി രൂപ നേടിയിരുന്നു. പയ്യന്നൂരിൽ പ്രതിവർഷം ശരാശരി 28.40 ലക്ഷം യാത്രക്കാർ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പ് ഉൾപ്പെടെയുള്ളവ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!