ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിനും ഇഡിക്കുമെതിരെ ഹൈക്കോടതി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന ഡിജിപിയുടെ വാദം ഹൈക്കോടതി തള്ളി. സംഘടിത കുറ്റകൃത്യമെന്ന് പറയാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ചുമത്തിയ വകുപ്പുകൾ സംഘടിത കുറ്റകൃത്യത്തിൻ്റെ പരിധിയിൽ ഉൾപ്പെടില്ലെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സംഘർഷത്തിൽ ആര്‍ക്കാണ് ഗുരുതര പരുക്കേറ്റതെന്നും ഹൈക്കോടതി ചോദിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരുടെ ചികിത്സാ രേഖകള്‍ എവിടെയെന്നും ഹൈക്കോടതി ഒന്‍പതാം പ്രതി ഹരീഷ് കുമാറിനെതിരായ കേസ് എന്തെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
തിരുവനന്തപുരം സെഷൻസ് കോടതി പ്രോസിക്യൂട്ടർ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിക്കാനായി ഒത്തുകളിച്ചെന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പ്രൊസിക്യൂട്ടര്‍ എന്ത് വാദം അറിയിച്ചാലും ജഡ്ജി വിവേചനാധികാരം ഉപയോഗിക്കും എന്നായിരുന്നു സിംഗിൾ ബെഞ്ചിൻ്റെ മറുപടി. ഒൻപതാം പ്രതി ഹരീഷ് കുമാർ ആയുധം ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ അത് കണ്ടെത്താനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
പ്രൊസിക്യൂട്ടര്‍ കോടതിയില്‍ തെറ്റായ കാര്യങ്ങള്‍ അറിയിച്ചെന്ന് ഡിജിപിയുടെ വാദവും ഹൈക്കോടതി തള്ളി. പ്രൊസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. ഡോ. ടി ഗീനാ കുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കോടതിയെ സഹായിക്കുകയാണ് പ്രൊസിക്യൂട്ടര്‍മാരുടെ ചുമതലയെന്നും വിവേചനാധികാരം ഉപയോഗിച്ചാണ് ജഡ്ജിമാര്‍ തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാരിൻ്റെ അപ്പീലിൽ സെഷൻസ് കോടതിയിലെ മുൻ പ്രോസിക്യൂട്ടർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. നോട്ടീസ് അയക്കുന്നതിൽ നിന്ന് ടി ഗീനാകുമാരിയെ ഹൈക്കോടതി ഒഴിവാക്കി.
ഒൻപതാം പ്രതിക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിന്റെ നിയമസാധുത പരിശോധിക്കാമെന്നും ഹൈക്കോടതി സർക്കാരിനെ അറിയിച്ചു. 27 ദിവസം പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടായിട്ടും എന്ത് ചെയ്യുകയായിരുന്നുവെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ഒൻപതാം പ്രതിയുടെ വാദം കേള്‍ക്കാതെ ജാമ്യം റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹരീഷ് കുമാറിന് നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
നേരത്തെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിക്കായി അനുകൂല നിലപാടെടുത്തെന്ന പേരിൽ ടി ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രിയാണ് ഉത്തരവിറക്കിയത്. പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണെന്നും ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളതാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
എല്‍ഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ പരാതി നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കമ്മീഷണര്‍ പരാതിയില്‍ പറഞ്ഞത്. പൊലീസ് റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി വാദിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
