പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Share our post

കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പോലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരു തേജസ്വിനി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നേരത്തേ ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ആ കാലും മുറിച്ചുമാറ്റുകയായിരുന്നു.

കാൽ മുറിച്ചുമാറ്റിയ മറ്റൊരു സിവിൽ പോലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐ.സി.യുവിൽനിന്ന്‌ മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആസ്പത്രിയിലാണ് ഇരുവരുമുള്ളത്. ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ സിവിൽ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും.

ഇക്കഴിഞ്ഞ 18-ന് ദേശീയപാതയിൽ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികിൽ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇവരുടെ ചികിത്സച്ചെലവ് പോലീസ് വെൽഫെയർ ഫണ്ടിൽനിന്ന്‌ ലഭ്യമാക്കാൻ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!