ട്രെയിൻ യാത്രയിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ ടെൻഷൻ വേണ്ട! ചെയ്യേണ്ടത് ഇത്രമാത്രം

Share our post

ട്രെയിൻ യാത്ര ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ യാത്രയ്ക്കിടയിൽ പണമോ സ്വർണമോ ഫോണോ നഷ്ടപ്പെട്ടാലോ? ആകെ ടെൻഷനാകും, അല്ലെ? പലരും സാധനങ്ങൾ പോയാൽ പിന്നെ തിരികെ കിട്ടില്ലെന്ന് കരുതി പരാതിപ്പെടാൻ പോകാറില്ല. എന്നാൽ ഇനി അങ്ങനെ വേണ്ട, പരിഭ്രാന്തരാകാതെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നഷ്ടപ്പെട്ട സാധനങ്ങൾ നമുക്ക് എളുപ്പത്തിൽ തിരികെ കിട്ടും.

ആദ്യം ചെയ്യേണ്ടത് എന്ത്?

സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് അറിഞ്ഞാൽ ഉടൻ തന്നെ ട്രെയിനിലെ ടിടിഇയെ വിവരം അറിയിക്കുക. ഇനി ടിടിഇയെ അടുത്ത് എങ്ങും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ റെയിൽവേ ജീവനക്കാരെയോ സ്റ്റേഷൻ മാസ്റ്ററെയോ ആർപിഎഫിനെയോ വിവരമറിയിക്കാവുന്നതാണ്. സാധനങ്ങൾ മോഷണം പോയാൽ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. ‘റെയിൽ മദദ്’ ആപ്പിലൂടെയോ പോർട്ടൽ വഴിയോ വളരെ എളുപ്പത്തിൽ ഓൺലൈനായി പരാതി നൽകാം. എത്രയും വേഗം പരാതി നൽകുന്നുവോ, അത്രയും വേഗം ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കും.

139 എന്ന നമ്പറിലേക്ക് വിളിക്കാം

ലഗേജോ മറ്റോ നഷ്ടപ്പെട്ടാൽ റെയിൽവേയുടെ ഹെൽപ്പ്‌ലൈൻ നമ്പറായ 139ലേക്ക് വിളിക്കുന്നതാണ് മറ്റൊരു എളുപ്പവഴി. പരാതി നൽകുമ്പോൾ നിങ്ങളുടെ പിഎൻആർ നമ്പർ, ട്രെയിൻ നമ്പർ, സീറ്റ് നമ്പർ എന്നിവ കൃത്യമായി പറയണം. കൂടാതെ എന്താണ് നഷ്ടപ്പെട്ടത്, ഏത് സമയത്താണ് നഷ്ടപ്പെട്ടത് എന്നീ വിവരങ്ങളും നൽകിയാൽ നിങ്ങളുടെ സാധനങ്ങൾ വേഗത്തിൽ തിരയാൻ അവർക്ക് കഴിയും.

സാധനങ്ങൾ തിരികെ ലഭിക്കാൻ

നിങ്ങളുടെ ലഗേജ് റെയിൽവേ കണ്ടെത്തിയാൽ അത് തിരികെ നൽകുന്നതിനായി തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടും. നിങ്ങളുടെ യാത്രാ ടിക്കറ്റും ഏതെങ്കിലും ഐഡി കാർഡും കാണിച്ചാൽ മതിയാകും. ലളിതമായ ഈ പരിശോധനകൾക്ക് ശേഷം സാധനങ്ങൾ സുരക്ഷിതമായി നിങ്ങളുടെ കൈകളിൽ എത്തും. അതുകൊണ്ട് ഇനി യാത്രയ്ക്കിടെ എന്തെങ്കിലും നഷ്ടപ്പെട്ടാൽ പരിഭ്രാന്തരാകാതെ ഉടൻ തന്നെ ഈ വഴികൾ സ്വീകരിക്കുക. എത്രയും വേഗം റിപ്പോർട്ട് ചെയ്യുന്നുവോ, സാധനങ്ങൾ തിരികെ കിട്ടാനുള്ള സാധ്യതയും അത്രയും കൂടുതലായിരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!