തേനിലും വെള്ളത്തിലും മന്ത്രമോതി കൊടുക്കും, ചുവരിൽ വ്യാജ സർട്ടിഫിക്കറ്റ്; ചെർക്കളയിൽ റെയ്ഡ്
കാസർകോട്: ചെർക്കളയിൽ മതത്തിന്റെ മറവിൽ വ്യാജ ചികിത്സയും ആഭിചാരക്രിയകളും നടത്തുന്നുവെന്ന പരാതിയിൽ മിന്നൽ പരിശോധന നടത്തി പോലീസ്. പാടി സ്വദേശിയായ ഉസ്താദ് ശിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിലാണ് വിദ്യാനഗർ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ തുടങ്ങിയ പരിശോധന പുരോഗമിക്കുകയാണ്.
‘ദാറുൽ അമാൻ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലായിരുന്നു പരിശോധന. രോഗശാന്തിക്ക് എത്തുന്നവർക്ക് മന്ത്രിച്ചോതിയ വെള്ളവും തേനും മറ്റുമാണ് ഇവിടെ പ്രധാനമായും നൽകിയിരുന്നതെന്ന് ഉസ്താദ് സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ആളുകളുടെ വിശ്വാസത്തെ മുതലെടുത്താണ് ഇയാൾ ഇത്തരം ക്രിയകൾ നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് റെയ്ഡിന് വഴിയൊരുങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. നാട്ടുകാരിൽ ചിലർ നൽകിയ പരാതി വിദ്യാനഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് ഡ്രഗ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും സംഘടിപ്പിച്ചാണ് പോലീസ് ഉസ്താദിന്റെ വീട്ടിലെത്തിയത്. പരിശോധനയുടെ തുടക്കത്തിൽ വീടിന്റെ ചുവരിൽ തൂക്കിയിരുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി. വെറും ഒരാഴ്ച മാത്രം നീണ്ടുനിന്ന ഒരു വെൽനസ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് കാട്ടിയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. എന്നാൽ ഈ കോഴ്സിൽ താൻ പൂർണ്ണമായി പങ്കെടുത്തിട്ടില്ലെന്ന് ഉസ്താദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
മന്ത്രം ജപിച്ച് തേനും വെള്ളവും നൽകാൻ ഉപയോഗിച്ചിരുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകളും കുപ്പികളും വീടിനുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്ലാസ്റ്റിക് കുപ്പികൾ രണ്ടു മൂന്ന് വലിയ ബണ്ടിലുകളായിട്ടാണ് സൂക്ഷിച്ചിരുന്നത്. പുറത്തുനിന്നു കൊണ്ടുവരുന്ന മുട്ടകളിൽ അറബി മാന്ത്രിക ലിപികൾ എഴുതി നൽകുന്ന രീതിയും ഇവിടെ നിലനിന്നിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇത്തരം ക്രിയകൾ ശാസ്ത്രീയമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ഉസ്താദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ചികിത്സയ്ക്കെത്തുന്ന ആളുകളുടെ വിവരങ്ങൾ അടങ്ങിയ ഡയറികളും റെയ്ഡിൽ പിടിച്ചെടുത്തു. പേരും അസുഖ വിവരങ്ങളുമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചില ഭാഗങ്ങളിൽ ‘പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരി’ എന്നിങ്ങനെയുള്ള കുറിപ്പുകളും പോലീസ് കണ്ടെത്തി. സംഭാവന നൽകുന്നവരുടെ വിവരങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. പണമിടപാടുകൾ നടത്താൻ ക്യൂ ആർ കോഡ് അടങ്ങിയ ബോർഡുകളും സ്ഥാപിച്ചിരുന്നു. ചികിത്സാ ഫീസായും ആത്മീയ കേന്ദ്രത്തിലേക്കുള്ള സംഭാവനയായും ആളുകളിൽ നിന്ന് ഇയാൾ പണം വാങ്ങിയിരുന്നതായി പോലീസ് കരുതുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന സിഡിആർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.
