ലോറിക്കും ടിപ്പറിനും ഊഴംവച്ച് ‘പിഴ’! വെഹിക്കിൾ ഇൻസ്പെക്ടർക്ക് ശരാശരി മാസപ്പടി ഒരു ലക്ഷം
തിരുവനന്തപുരം: അമിതഭാരം കയറ്റിയ തടിലോറികളും മണ്ണു കയറ്റിയ ടിപ്പറുകളും പായുന്ന എം.സി റോഡിൽ നിരീക്ഷണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഒരു വെഹിക്കിൾ ഇൻസ്പെക്ടർക്ക് ശരാശരി മാസപ്പടി ഒരു ലക്ഷം രൂപ. പരിശോധന ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടുന്നതിനാണ് പ്രതിഫലം. ഇതുവഴി സ്ഥിരമായി കടന്നുപോകുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കിയ ശേഷമാണ് പിരിവ്. തുക ശേഖരിക്കുന്നതിന് എല്ലാ സ്ക്വാഡുകൾക്കും ഇടനിലക്കാരുണ്ട്.
കുറഞ്ഞത് അരലക്ഷം രൂപ പിഴ ചുമത്താൻ പാകത്തിലുള്ള അമിതഭാരവുമായിട്ടാണ് മിക്ക വാഹനങ്ങളും ദിവസവും നിരത്തിലെത്തുന്നത്. പരിശോധിക്കുന്നില്ലെന്ന പരാതി ഒഴിവാക്കാൻ മാസത്തിലൊരിക്കൽ ഊഴംവച്ച് പിഴ ചുമത്തും. ഭാരത്തിന് അനുസരിച്ച് പിഴത്തുക ഉയരുമെന്നതിനാൽ പിടി കൊടുക്കാൻ വരുന്ന ദിവസം അമിതഭാരം ഉണ്ടാകില്ലെങ്കിലും കുറഞ്ഞത് 10,000 രൂപയെങ്കിലും പിഴചുമത്താനുള്ള വക ഉണ്ടാകും. സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രതിമാസ ക്വാട്ട തികയ്ക്കാൻ ഉദ്യോഗസ്ഥർ ഊഴം വച്ച് പിഴ ചുമത്തും.
ഇക്കൂട്ടത്തിൽ കൈക്കൂലി കൈപ്പറ്റാത്ത ഉദ്യോഗസ്ഥരുമുണ്ട്. മാസപ്പടി പട്ടികയിൽപെട്ട വാഹനങ്ങൾ ഇവർ പിടിച്ച് പിഴ ചുമത്തിയാൽ ഉടൻ ഉദ്യോഗസ്ഥനെതിരെ വിജിലൻസിലും മോട്ടോർവാഹനവകുപ്പിന്റെ തലപ്പത്തും പരാതി എത്തും. സഹപ്രവർത്തകരെ പിണക്കാതിരിക്കാൻ ഒത്തുകളി പിഴ ചുമത്തി സ്ക്വാഡിൽ കഴിയാൻ ഇവർ നിർബന്ധിതരാകും. ചിലരെ ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്തുന്നുണ്ട്. മണ്ണ്, തടി ലോറിക്കാർക്ക് രാഷ്ട്രീയപിന്തുണയുള്ളതും പരിശോധനയ്ക്ക് തടസമാണ്. അമിതഭാരം കയറ്റുന്ന ടിപ്പറുകൾക്ക് എന്നും പിഴചുമത്തേണ്ടതില്ലെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന വീഡിയോ ഇപ്പോഴും വൈറലാണ്. അദ്ദേഹം പിന്നീട് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായതോടെ എപ്പോൾ പിഴചുമത്തണമെന്നത് ടിപ്പറുകാർ തീരുമാനിച്ച് തുടങ്ങി.
എം.സി റോഡിൽ കൊല്ലം ജില്ലയിലെ പിരിവിന് ആസൂത്രിത രൂപം നൽകിയ അസി. വെഹിക്കിൾ ഇൻസ്പെക്ടർ അടുത്തിടെ മറ്റൊരു കേസിൽ സസ്പെൻഷനിലായിരുന്നു. കൊട്ടാരക്കര സ്ക്വാഡിൽ നിന്നും ഓഫീസിലേക്ക് മാറിയെങ്കിലും ഈ ഇൻസ്പെക്ടർ ആവിഷ്കരിച്ച പണപ്പിരിവാണ് ദേശീയ- സംസ്ഥാന പാതകളിലെ മറ്റു സ്ക്വാഡുകളും പകർത്തിയത്. കൂട്ടുകൃഷിക്ക് പുറമേ തമിഴ്നാട് ലോറികളിൽ നിന്നും പണപ്പിരിവ് നടത്തിയത് വിവാദമായതിന് പിന്നാലെയാണ് ഇൻസ്പെക്ടറെ കൊല്ലത്തേയ്ക്ക് മാറ്റിയത്. മാസം രണ്ടരലക്ഷം രൂപവരെ കൈക്കൂലി വാങ്ങിച്ചിരുന്നു.
പരിശോധിക്കാതെ ഫിറ്റ്നസ് നേടിയ 512 വാഹനങ്ങൾ നിരത്തിൽ
512 വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടും സർട്ടിഫിക്കറ്റ് റദ്ദാക്കാതെ മോട്ടോർവാഹനവകുപ്പ്. ബസുകളും ടിപ്പറുകളും ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ ക്രമക്കേടിലൂടെയാണ് കൊല്ലം ആർ.ടി.ഒഫീസിൽ നിന്നും ഫിറ്റ്നസ് നേടിയതെന്ന് ആഭ്യന്തരവിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊട്ടാരക്കരയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പറിനെപ്പോലെ ഫിറ്റ്നസ് നേടിയ നിരവധി വാഹനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
കാര്യമായ പരിശോധന ഇല്ലെന്ന് കണ്ടാണ് മറ്റു ജില്ലകളിലെ റൂട്ട് ബസുകളും ചരക്ക് വാഹനങ്ങളും കൊല്ലത്ത് ഫിറ്റ്നസിന് എത്തിയത്. വൻ സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിൽ നടന്നത്. ആഭ്യന്തരവിജിലൻസ് റിപ്പോർട്ടിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എട്ടു ഉദ്യോഗസ്ഥരിൽ രണ്ടുപേർക്കെതിരെ മാത്രമാണ് നടപടി ഉണ്ടായത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കുറഞ്ഞപക്ഷം ട്രാൻസ്പോർട്ട്, ഹെവി വാഹനങ്ങളെങ്കിലും വീണ്ടും പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വാഹനങ്ങളിൽ പിഴവ് കണ്ടെത്തിയാൽ നിലവിൽ രക്ഷിച്ച് നിർത്തിയിട്ടുള്ള ഉദ്യോഗസ്ഥരും കുഴങ്ങും. ഇതൊഴിവാക്കാനുള്ള ആസൂത്രിത ശ്രമമാണ് വകുപ്പിൽ നിന്നുണ്ടാകുന്നത്.
