‘മുഖത്തടിച്ചു, നിലത്തിട്ട് ചവിട്ടി’; ഞാറക്കല്‍ എസ്‌ഐ അരുണിനെതിരെ വീണ്ടും മര്‍ദ്ദന പരാതി

Share our post

കൊച്ചി: പതിനാറുകാരൻ്റെ മുഖത്തടിച്ചെന്ന ആരോപണം നേരിടുന്ന ഞാറക്കല്‍ സ്റ്റേഷന്‍ എസ്‌ഐ അരുണ്‍ എ എസിനെതിരെ കൂടുതല്‍ പരാതികള്‍. ചിറ്റൂര്‍ സ്വദേശി കിരണ്‍ പി യു റൂറല്‍ എസ്പിക്ക് നല്‍കിയ പരാതി റിപ്പോര്‍ട്ടറിന് ലഭിച്ചു. പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നെ എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കിരൺ പരാതിയില്‍ പറയുന്നത്. എസ്എച്ച്ഒയെ കാണണമെന്ന് പഞ്ഞതിനാണ് എസ്‌ഐ തന്നെ മര്‍ദ്ദിച്ചതെന്നും പരാതിയിലുണ്ട്. പരാതി അന്വേഷിക്കില്ലെന്നും എസ് ഐ അരുണ്‍ പറഞ്ഞെന്നാണ് ആരോപണം. എസ് ഐ അസഭ്യം പറയുകയും സ്റ്റേഷനില്‍ നിന്ന് തള്ളിപ്പുറത്താക്കുകയും ചെയ്തതായും പരാതിക്കാരന്‍ പറയുന്നു.

ഞാറക്കലില്‍ ഒരു ജോലി ചെയ്തതുമായി ബന്ധപ്പെട്ട് കിരണിന് പണം ലഭിക്കാനുണ്ടായിരുന്നു. ഇത് ആവശ്യപ്പെട്ടതിന് ഇദ്ദേഹത്തിന് പണം നല്‍കാനുള്ളവരില്‍ നിന്നും മര്‍ദ്ദനം നേരിടേണ്ടി വന്നിരുന്നു. ഈ പരാതിയുമായാണ് കിരണ്‍ ഞാറക്കല്‍ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് എസ്‌ഐ അരുണ്‍ എതിര്‍കക്ഷിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ എതിര്‍ കക്ഷിയുമായി ഫോണില്‍ സംസാരിച്ചതിന് ശേഷം പരാതി എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതായി കിരണ്‍ ആരോപിക്കുന്നു. തുടര്‍ന്ന് എസ്എച്ച്ഒയെ കാണണമെന്ന് പറഞ്ഞപ്പോള്‍ എസ്‌ഐ തന്നെ മര്‍ദ്ദിച്ചെന്നാണ് അരുണ്‍ പറയുന്നത്. ‘നിന്റെ പരാതി തീര്‍പ്പാക്കുന്നത് ഞാനാണ്, ഞാന്‍ ഈ പരാതി എടുക്കുന്നില്ല’ എന്നായിരുന്നു എസ്‌ഐയുടെ പ്രതികരണമെന്നാണ് കിരണ്‍ പറയുന്നത്. മുഖത്തടിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നുമുള്ള ഗുരുതര ആരോപണവുമുണ്ട്.

ഇതിന് പിന്നാലെ ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും തുടർന്ന് എസ്പി ഓഫീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഡിവൈഎസ്പി ഓഫീസില്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഇന്നേവരെ എസ്‌ഐ അരുണിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കിരണ്‍ ആരോപിച്ചു.

ദിവസങ്ങൾക്ക് മുന്‍പാണ് മുത്തശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16കാരനെ എസ് ഐ അരുണ്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത്. വയോധികയോട് അരുണ്‍ ചോദിച്ച ചോദ്യത്തിന് ഇവര്‍ക്ക് കേള്‍വി ശക്തി കുറവായതിനാല്‍ 16കാരന്‍ മറുപടി പറഞ്ഞതാണ് മുഖത്തടിക്കാന്‍ കാരണമെന്നായിരുന്നു ആരോപണം. പിന്നാലെ കുട്ടിയുടെ പിതാവ് ആഭ്യന്തരമന്ത്രിക്കും ഹോം സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!