കൊട്ടിയൂർ വൈശാഖോത്സവം സമാപിച്ചു; ദർശനത്തിനെത്തിയത്‌ അരക്കോടിയോളം ഭക്തർ

Share our post

കൊട്ടിയൂർ : ഒരു മാസത്തോളം നീണ്ട കൊട്ടിയൂർ വൈശാഖോത്സവത്തിന് തൃക്കലശാട്ടത്തോടെ സമാപനം. വാൾ മുതിരേരിക്കാവിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഇനി 11 മാസം അക്കരെ കൊട്ടിയൂർ പ്രകൃതിയുടെ മഹാനിശ്ശബ്ദതയിൽ ലയിക്കും.

ബുധനാഴ്ച രാവിലെ ചോതിവിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെ തൃക്കലശാട്ട് ചടങ്ങുകൾ ആരംഭിച്ചു. ഞെട്ടിപ്പനയോലയും മുളകളും കൊണ്ട് കെട്ടിയുണ്ടാക്കിയ ശ്രീകോവിൽ പിഴുതെടുത്ത് തിരുവഞ്ചിറയിൽ ഇട്ടു. തുടർന്ന് തന്ത്രിമാർ ചേർന്ന് സ്വയംഭൂ വിഗ്രഹത്തിൽ കളഭം അഭിഷേകം ചെയ്തു.

അഭിഷേകത്തിന് ശേഷം മുഴുവൻ ബ്രാഹ്മണരും ചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും സ്വയംഭൂവിൽ സമർപ്പിച്ചു. പുഷ്പാഞ്ജലി കഴിഞ്ഞ് തീർഥവും പ്രസാദവും ആടിയ കളഭവും ഭക്തർക്ക് നൽകി. തുടർന്ന് തിടപ്പള്ളിയിൽ കയറിയിരുന്ന് കുടിപതികൾ തണ്ടിന്മേൽ ഊണ് നടത്തി. മുതിരേരിക്കാവിലെ വാൾ ഭണ്ഡാര അറയിൽ നിന്നെടുത്ത് സ്വയംഭൂവിൽ ചേർത്തുവെച്ചു. വാളെടുത്ത് ക്ഷേത്രം വലംവെച്ച് പടിഞ്ഞാറെ നടവഴി അക്കരെ ക്ഷേത്രത്തിൽനിന്ന് വിടവാങ്ങി. ഭക്തരും അക്കരെ ക്ഷേത്രത്തോട് വിടചൊല്ലി. അമ്മാറയ്ക്കൽ തറയിൽ ചന്ദനപ്പൊടി അഭിഷേകം ചെയ്തു. ഭണ്ഡാരങ്ങളും തിരിച്ചെഴുന്നള്ളിച്ചു.

സന്നിധാനത്തുനിന്ന് പ്രധാന തന്ത്രിയും ഓച്ചറും പന്തിക്കിടവും ഒഴികെയുളളവർ പുറത്തുപോയശേഷം യാത്രബലി ആരംഭിച്ചു. ഹവിസ് തൂകി തന്ത്രി പാമ്പറപ്പാൻ തോടിന്റ കരയിലെത്തി. കർമം പൂർത്തിയാക്കി തിരുഞ്ഞുനോക്കാതെ അദ്ദേഹം മടങ്ങിയതോടെ വൈശാഖോത്സവത്തിന്റെ താന്ത്രികകർമങ്ങൾ പൂർത്തിയായി.

ബലിബിംബങ്ങൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് നിത്യപൂജകൾക്ക് തുടക്കമായി. വ്യാഴാഴ്ച വറ്റടിദിനത്തിൽ സ്ഥാനിക ബ്രാഹ്മണൻ സ്വയംഭൂവിൽ അഷ്ടബന്ധം ആവരണം ചെയ്യും. ഒരു ചെമ്പ് ചോറ് നിവേദ്യമായി സമർപ്പിച്ച് മടങ്ങും.

10 ലക്ഷം പേർ അധികമെത്തി

ഈ വർഷത്തെ വൈശാഖോത്സവകാലത്ത് അക്കരെ കൊട്ടിയൂരിൽ 50 ലക്ഷത്തോളം പേർ ദർശനം നടത്തിയതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ടി.സി. ബിജു പറഞ്ഞു. കഴിഞ്ഞ ഉത്സവകാലത്ത് 40 ലക്ഷത്തോളം പേരാണ് ദർശനം നടത്തിയത്. ഈ തീർഥാടനകാലത്തെ ദേവസ്വത്തിന്റെ മൊത്തം വരുമാനം 25 കോടി കവിഞ്ഞതായി അദ്ദേഹം പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!