ആശങ്കകള്‍ ദൂരീകരിക്കണം; മദ്യനികുതിയില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിന് കഴിയണം എന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കി. ലഹരിയെ നാടുകടത്താനുള്ള ഓപ്പറേഷന് തൂഫാന് പദ്ധതിയെ നാടും നഗരവും ഏറ്റെടുക്കുമ്പോള്‍ തന്നെയാണ് ബജറ്റിലെ ഈ പ്രഖ്യാപനം എന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി. ‘പിറക്കട്ടെ, ലഹരി മുക്ത ഗ്രാമങ്ങള്‍’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് പരാമര്‍ശം. കേരളത്തിലെ ഭാവിതലമുറയ്ക്ക് വേണ്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ലഹരി വിരുദ്ധ യാത്രയിലാണ് വാരിയര്‍ബേഡ്ജ് അണിഞ്ഞ് കുടുംബസമേതം നമുക്കും ലഹരി യുദ്ധമായ തൂഫാനില്‍ ഒപ്പം ചേരാം എന്നും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു.
വീര്യം കുറഞ്ഞമദ്യത്തിന് നികുതി ഇളവ് അനുവദിക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അതൃപ്തി പുകയുന്നതിനിടെയാണ് മുന്നണിയിലെ മുഖ്യകക്ഷിയും രംഗത്തെത്തുന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയമായ തീരുമാനമാണിതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നു. എക്സൈസ് മന്ത്രിപോലും അറിയാതെയായിരുന്നു ബജറ്റിലെ പ്രഖ്യാപനം. തുടര്‍ന്ന് എം ലിജു വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മദ്യനയത്തിന്റെ കാര്യത്തിലുള്‍പ്പെടെ ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വിമര്‍ശനങ്ങളില്‍ പങ്കുചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. തീരുമാനത്തില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഒരാളുടെ തീരുമാനം കൂട്ടായി ന്യായീകരിക്കുകയെന്നത് ജനാധിപത്യ മാതൃകയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണും വിമര്‍ശിച്ചിരുന്നു.
വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം സഭയില്‍ അനുമതി തേടും. കെ എന്‍ ബാലഗോപാല്‍ ആകും അവതരണാനുമതി തേടുക. നീക്കം കര്‍ണാടകയിലെ മദ്യലോബിക്ക് വേണ്ടിയാണെന്നും ഇതില്‍ എത്ര കിട്ടിയെന്ന് വി ഡി സതീശന് വ്യക്തമാക്കണമെന്നും മുന്‍ മന്ത്രി എം ബി രാജേഷ് വിമര്‍ശിച്ചിരുന്നു.
