‘സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യം’

Share our post

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തിനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ശാരദക്കുട്ടി ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസിക്ക് പുറമേ സ്വകാര്യ ഉടമകള്‍ക്കും ഈ തീരുമാനം സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും സ്വന്തം വീട്ടുപണിയില്‍ നിന്നും മറ്റുള്ളവരുടെ വീട്ടുപണിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന പാവം സ്ത്രീകള്‍ക്ക് ഈ ചെറിയ തുക കൊണ്ട് സഭിക്കുന്ന സാമ്പത്തിക ആശ്വാസം വലുതാണെന്നും ശാരദക്കുട്ടി പറയുന്നു.

നമ്മള്‍ അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകള്‍ക്ക് ഇങ്ങനെ ഒരു പ്രയോജനം കിട്ടുന്നത് വ്യക്തിപരമായി തന്നെ ആഹ്ലാദിപ്പിക്കുന്നുണ്ടെന്നും നനഞ്ഞ കുടയും ബാഗും കയ്യിലേന്തി അവര്‍ ദീര്‍ഘദൂരം നടന്നു പോകുന്ന കഷ്ടക്കാഴ്ച ഈ വരുന്ന 15ാം തീയതി മുതല്‍ കാണേണ്ടി വരില്ല എന്ന പ്രതീക്ഷയും അവര്‍ പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.

ശാരദക്കുട്ടിയുടെ പോസ്റ്റില്‍ സര്‍ക്കാര്‍ പദ്ധതിയെ അനുകൂലിച്ച് നിരവധി കമന്റുകളുമുണ്ട്. തീരുമാനം മികച്ചതാണെന്നും അത് നടപ്പിലാക്കാനുള്ള ഇച്ഛാ ശക്തി സര്‍ക്കാരിന് ഉണ്ടാകട്ടെയെന്നും ശാരദക്കുട്ടിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു എന്നടക്കമുള്ള അഭിപ്രായങ്ങളാണ് പലരും പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

സ്‌ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.ഓർഡിനറി ബസ് കണ്ടാലെങ്ങനെയാ തിരിച്ചറിയുക എന്ന് എന്നോട് അന്വേഷിച്ച ഒരു സ്ത്രീ പറഞ്ഞത് റിട്ടേൺ ഓട്ടോക്ക് കൊടുക്കാൻ പത്തു രൂപ പോലും കയ്യിലില്ലാതെ രാവിലെ നടന്ന് നടന്ന് ഫ്ലാറ്റുകളിൽ പണിക്കെത്തുന്നതിനെ കുറിച്ചാണ്. ഞാൻ ഓർഡിനറി ബസുകളുടെ ചിത്രം കാണിച്ച് തിരിച്ചറിയേണ്ടതെങ്ങനെ എന്നും അവരുടെ stop ൽ എപ്പോൾ എത്തുമെന്നും പറഞ്ഞു കൊടുത്തു.ഞങ്ങളുടെ വീടിന് മുന്നിലൂടെ പോകുന്ന ഒരേയൊരു ordinary bus നിറയെ ഇനി ഈ ആശ്വാസം എന്നും കാണാനാകട്ടെ. അതിലധികം പേരും ചെറിയ വരുമാനത്തിന് സ്വകാര്യ സ്ഥാപനങ്ങളിലോ വീടുകളിലോ പണിക്ക് പോകുന്നവരാണ്

നനഞ്ഞ കുടയും ബാഗും കയ്യിലേന്തി അവർ ദീർഘദൂരം നടന്നു പോകുന്ന കഷ്ട ക്കാഴ്ച ഈ വരുന്ന 15 -ാ0 തീയതി മുതൽ കാണേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു.KSRTC ക്ക് മാത്രമല്ല സ്വകാര്യ ബസ്സുടമകൾക്കും ഇത് സാമ്പത്തിക നഷ്ടമുണ്ടാക്കും. പക്ഷേ സ്വന്തം വീട്ടുപണിയിൽ നിന്ന് മറ്റുള്ളവരുടെ വീട്ടുപണിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന പാവം സ്ത്രീകൾക്ക് ഈചെറിയ തുക കൊണ്ട് ലഭിക്കുന്ന സാമ്പത്തികാശ്വാസം വലുതാണ്.സർക്കാരിന് ഈ സംരഭം വിജയകരമായി തുടരാനാകട്ടെ. നമ്മൾ അടയ്ക്കുന്ന നികുതിപ്പണം കൊണ്ട് അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകൾക്ക് ഇങ്ങനെ ഒരു പ്രയോജനം കിട്ടുന്നത് വ്യക്തിപരമായി എന്നെ വളരെ ആഹ്ലാദിപ്പിക്കുന്നുണ്ട്. എണ്ണിച്ചുട്ടു വീട്ടിൽ കൊണ്ടുവരുന്ന അവരുടെ ദൈനന്ദിന വരുമാനം കൊണ്ടാകരുതല്ലോ ഖജനാവ് ഭദ്രമാക്കേണ്ടത്.

എസ്. ശാരദക്കുട്ടി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!