ഷൗക്കത്തലിയെ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മിഷണറാക്കിയത്‌ യു.ഡി.എഫിന്റെ മധുരപ്രതികാരം

Share our post

കോഴിക്കോട്: എ.പി. ഷൗക്കത്തലിയെ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മിഷണറായി നിയമിച്ചത്‌ യു.ഡി.എഫിന്റെ വലിയ രാഷ്ട്രീയനീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, കിർമാണി മാനോജ്, മുഹമ്മദ് ഷാഫി, സി.പി.എം. നേതാവ് പി.കെ. കുഞ്ഞനന്തൻ എന്നിവരെയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി.പി.എം. കോഴിക്കോട് മുൻ ജില്ലാസെക്രട്ടറി പി. മോഹനന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത് ഷൗക്കത്തലിയായിരുന്നു. ഇതിൽ പി. മോഹനന്റെ അറസ്റ്റ് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് ഇടവെച്ചിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനെന്നും 1995 എസ്.ഐ. ബാച്ചിലെ ഒന്നാംറാങ്കുകാരൻ എന്നുമുള്ള ഖ്യാതികളുണ്ടെങ്കിലും ടി.പി. കേസന്വേഷണമായിരുന്നു ഷൗക്കത്തിന്റെ സർവീസിലെ പ്രധാന വഴിത്തിരിവ്. സി.പി.എം. നേതാക്കളുടെ അറസ്റ്റ് രാഷ്ട്രീയകേരളത്തിൽ കോളിളക്കമുണ്ടാക്കി. വിധിവന്ന് അധികംകഴിയുംമുൻപ്‌ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് (എൻ.ഐ.എ.) മാറി. ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദവിരുദ്ധ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റായി ഇദ്ദേഹം അറിയപ്പെട്ടു.

കനകമല കേസ്, തമിഴ്‌നാട്ടിലെ ഭീകരവാദ കേസുകൾ, പാരീസ് ഭീകരാക്രമണക്കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണം എന്നിവയിലൊക്കെ ഇദ്ദേഹം പങ്കാളിയായിരുന്നു.

ദേശീയ ഏജൻസിയിൽനിന്ന് ഡെപ്യൂട്ടേഷൻ കഴിഞ്ഞ് കേരളത്തിൽ തിരിച്ചെത്തിയപ്പോൾ പ്രധാനസ്ഥാനങ്ങൾ ലഭിക്കാതിരുന്ന ഷൗക്കത്തിന് ഭരണമാറ്റമുണ്ടായപ്പോഴാണ് ഒരു പ്രധാനചുമതല വന്നത്. പിണറായി വിജയന്‍റെ ഗൺമാൻമാർ നവകേരളയാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിന്റെ പ്രത്യേക അന്വേഷണോദ്യോഗസ്ഥനാണ് ഷൗക്കത്ത് ഇപ്പോൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!