വാടകകെട്ടിടത്തിൽ നിന്ന് മോചനവും കാത്തൊരു അഗ്നിരക്ഷാ നിലയം; പ്രതീക്ഷ പുതിയ സർക്കാരിൽ
പേരാവൂർ: 18 വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പേരാവൂരിലെ അഗ്നിരക്ഷാനിലയത്തിന് ഭൂമി അനുവദിച്ചിട്ടും കെട്ടിടം നിർമ്മിക്കാൻ നടപടിയായില്ല. ഉരുൾ പൊട്ടലും മറ്റു പ്രകൃതി ദുരന്തങ്ങളും പതിവായിരുന്ന മലയോര മേഖലയിൽ 2008-ലാണ് പേരാവൂർ കേന്ദ്രമായി അഗ്നിരക്ഷാനിലയം അനുവദിച്ചത്. ആറളം പുനരധിവാസ കേന്ദ്രം, കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട്, മാലൂർ, മുഴക്കുന്ന് തുടങ്ങിയ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വിവിധ ആവശ്യങ്ങൾക്ക് ഏറെ പ്രയോജനമാണ് ഈ നിലയം.
അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറഞ്ഞ കെട്ടിടത്തിലാണ്രണ്ട് ഫയർ എഞ്ചിനുകളും മൾട്ടി യൂട്ടിലിറ്റി വെഹിക്കിളും ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിളും ആംബുലൻസുമുള്ളത്. നാല്പതോളം ജീവനക്കാരുമുണ്ട്. സ്ഥിരം ജീവനക്കാർക്ക് പുറമെ നാല് ഹോം ഗാർഡും ഡ്യൂട്ടിയിലുണ്ട്. ജീവനക്കാർക്ക് മതിയായ ഇരിപ്പിടമോ താമസിക്കാനുള്ള സൗകര്യമോ ഇവിടെയില്ല. രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട വിവിധ ഉപകരണങ്ങൾ സൂക്ഷിക്കാനും സൗകര്യങ്ങളില്ല.
കഴിഞ്ഞ പേരാവൂർ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് നിലയത്തിനാവശ്യമായ 20 സെന്റ് ഭൂമി 2023-ൽ അനുവദിക്കുകയും തുടർ നടപടികൾ സ്വീകരിക്കാൻ അന്ന് ജില്ലാ കളക്ടർ ഇരിട്ടി തഹസിൽദാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പേരാവൂർ -പെരിങ്ങാനം റോഡിലാണ് ഭൂമി നല്കിയത്. ഭൂമിയുടെ നിയന്ത്രണാധികാരം റവന്യൂ വകുപ്പിന് നല്കി അഗ്നിരക്ഷാനിലയം നിർമിക്കാനാണ് കളക്ടർ അനുമതി നല്കിയത്. ഭൂമി അനുവദിച്ച തീയതി മുതൽ ഒരു വർഷത്തിനകം കെട്ടിട നിർമാണം തുടങ്ങണമെന്നും ഉത്തരവിട്ടു.
2024 ജനുവരി 17ന് അന്നത്തെ ഇരിട്ടി തഹസിൽദാർ സി.പി.പ്രകാശൻ അഗ്നിരക്ഷാ നിലയം ജില്ലാ മേധാവിയായിരുന്ന എസ്.കെ.ബിജുക്കുട്ടന് ഭൂമിയുടെ രേഖ കൈമാറുകയും ചെയ്തു. എന്നാൽ, രണ്ടര വർഷമായിട്ടും കെട്ടിട നിർമാണം തുടങ്ങുകയോ മറ്റു പ്രവൃത്തികൾ ആരംഭിക്കുകയോ ചെയ്തിട്ടില്ല. ഭൂമിയുടെ നിയന്ത്രണാധികാരം റവന്യൂവകുപ്പിൽ നിക്ഷിപ്തമാണെങ്കിലും കെട്ടിടം നിർമിക്കേണ്ടത് അഗ്നിരക്ഷാവകുപ്പാണ്. 2024 ഡിസംബറിൽ കെട്ടിട നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാൽ ഈ ഉത്തരവും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
മട്ടന്നൂരിലെയും പാനൂരിലേയും കെട്ടിടങ്ങൾ പണി പൂർത്തിയായി പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങളായി. ഇരിട്ടിയിലെ നിലയത്തിന്റെയും കെട്ടിടനിർമാണം ദ്രുതഗതിയിലാണ്. പേരാവൂരിൽ മാത്രമാണ് പേരിനു പോലും പണി നടക്കാത്തത്. പുതിയ സർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് മലയോര നിവാസികളുടെ പ്രതീക്ഷ.
അഗ്നിരക്ഷാനിലയത്തിന്റെ കെട്ടിടനിർമാണം ഉടനാരംഭിക്കാൻ സ്ഥലം എം.എൽ.എയും മന്ത്രിയുമായ സണ്ണി ജോസഫ് ഇടപെടണം. മലയോരവാസികളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കരുത്.
