‘പിണറായിയെ വിറപ്പിച്ചപ്പോൾ അഭിനന്ദനപ്രവാഹം, പ്രചാരണത്തിന് ചെന്നിത്തലമാത്രം’; മനസ്സുതുറന്ന് റഷീദ്
കണ്ണൂർ: ആദ്യം കെ.സി. വേണുഗോപാലിന്റെ വിളി. പിന്നാലെ രമേശ് ചെന്നിത്തല. ഗംഭീരമാക്കി മോനേ, അഭിമാനകരം -വി.ഡി. സതീശന്റെ വിളി. സാദിഖലി തങ്ങളും കെ.എം. ഷാജിയും വിളിച്ചു. ഇടതുമുന്നണിക്ക് തുടർഭരണം നൽകിയ സി.പി.എമ്മിന്റെ ക്യാപ്റ്റൻ പിണറായി വിജയനെ ആദ്യ റൗണ്ടുകളിൽ വിറപ്പിച്ച കോൺഗ്രസിന്റെ വി.പി. അബ്ദുൾ റഷീദിന് താരപരിവേഷമായിരുന്നു. ഉച്ചയ്ക്ക് 12 വരെ മലയാളികൾ ഈ യുവാവിലേക്ക് കണ്ണും കാതും കൂർപ്പിച്ചു. ആറാമത്തെ റൗണ്ട് വരെ ഭൂരിപക്ഷം നിലനിർത്തിയപ്പോൾ പിണറായിയെ മലർത്തിയടിക്കുമെന്ന പ്രതീക്ഷയുണ്ടായി. തുടർന്നുള്ള റൗണ്ടുകളിലാണ് പിന്നാക്കംപോയത്. ഭൂരിപക്ഷം കുറയ്ക്കണമെന്ന നിർദേശം മാത്രമേ ഈ യുവാവിന് സീറ്റ് നൽകുമ്പോൾ നേതൃത്വം നൽകിയിരുന്നുള്ളൂ.
2021-ലെ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം കുത്തനെ കുറച്ച് എൽ.ഡി.എഫിനെ ഞെട്ടിച്ച ശേഷമാണ് അബ്ദുൾ റഷീദ് ശ്രദ്ധേയനായത്. അഞ്ചുവർഷമായി തളിപ്പറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. പൊടുന്നനെയാണ് ധർമടത്തേക്ക് നിയോഗമുണ്ടായത്. ചെറുപുഴ കക്കയംചാലിലെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. കൂലിപ്പണിയെടുത്തായിരുന്നു ഹൈസ്കൂൾകാലംമുതലുള്ള വിദ്യാഭ്യാസം. ഇക്കാലത്താണ് കെ.എസ്.യു. പ്രവർത്തകനായത്. കെ. സുധാകരൻ ഇടപെട്ടാണ് കണ്ണൂർ എസ്.എൻ. കോളേജിൽ ബിരുദപഠനത്തിനെത്തിയത്. പിന്നീട് പാലയാട് കാമ്പസിൽ നിയമപഠനം. ജോസഫ് വാഴക്കനാണ് സംസ്ഥാന നേതൃത്വത്തിലേക്കെത്തിച്ചത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റായി. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. ഭാര്യ: ഡോ. ഷഹല. മക്കൾ: റഷ്ദാൻ, ഇനാറ ഫാത്തിമ.
എങ്ങനെയാണ് ധർമടത്തേക്ക് എത്തുന്നത്
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപുതന്നെ തളിപ്പറമ്പിൽ പ്രചാരണം തുടങ്ങിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫാണ് പ്രചാരണം നിർത്തിവെക്കാൻ നിർദേശിച്ചത്. മറ്റു നേതാക്കളും പറഞ്ഞു. കേട്ടപ്പോൾ വിഷമമായി. തളിപ്പറമ്പിൽ മത്സരിച്ചിരുന്നെങ്കിൽ കാൽലക്ഷത്തിന് ജയിക്കുമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞാണ് ധർമടത്ത് മത്സരിക്കണമെന്ന് സണ്ണി ജോസഫ് അറിയിച്ചത്. ബ്ലോക്ക് പ്രസിഡന്റുമാർ നിർദേശിച്ചതാണെന്നും പറഞ്ഞു. ഏറ്റെടുക്കണം, പാർട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചതാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ല, പിണറായിയുടെ ഭൂരിപക്ഷം കുറയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലത്തിലിറങ്ങിയപ്പോൾ എന്ത് തോന്നി
ജനങ്ങളിൽ പിണറായി വിരുദ്ധതയുണ്ടെന്ന് മനസ്സിലായി. പുലർച്ചെ 5.30-ന് വീട്ടിൽനിന്നിറങ്ങും. വോട്ടെടുപ്പുവരെ മൂന്നുമണിക്കൂറാണ് ഓരോ ദിവസവും ഉറങ്ങിയത്. ഒരുദിവസം പ്രചാരണത്തിനിടെ തലകറങ്ങിവീണു. പ്രചാരണം ചൂടുപിടിച്ചപ്പോൾ പിണറായിക്ക് മണ്ഡലത്തിൽ കേന്ദ്രീകരിക്കേണ്ടിവന്നു. ആറുവർഷമായി പെരളശ്ശേരി പൊതുവാച്ചേരിയിലെ ഭാര്യവീട്ടിലാണ് താമസം. പക്ഷേ, ദിവസവും ഞാൻ തളിപ്പറമ്പിലേക്ക് പോകുമായിരുന്നു. ആറുമാസമെങ്കിലും ധർമടത്ത് പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മണ്ഡലം കൂടെ പോരുമായിരുന്നു.
എന്തെങ്കിലും പ്രയാസങ്ങളുണ്ടായോ
രമേശ് ചെന്നിത്തല ഒഴികെ പ്രമുഖ നേതാക്കളൊന്നും ധർമടത്ത് പ്രചാരണത്തിനെത്തിയില്ല. പലരോടും അപേക്ഷിച്ചിരുന്നു. എല്ലാവരും തഴഞ്ഞ മട്ടായിരുന്നു. ഒറ്റപ്പെട്ടനിലയിൽ പറഞ്ഞറിയിക്കാനാകാത്ത മനോവിഷമമുണ്ടായി. വലിയ റാലികളോ പൊതുയോഗങ്ങളോ നടത്തിയില്ല. എന്നിട്ടും ആത്മവിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോയി. ധർമടത്ത് ആർക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ മണ്ഡലത്തിലെ സ്ഥിതി അതല്ലെന്ന് ഓരോ ദിവസം കഴിയുംതോറും ബോധ്യമായിരുന്നു.
പ്രചാരണത്തിനിറങ്ങിയപ്പോഴത്തെ അനുഭവങ്ങൾ
പാർട്ടി പിറന്ന പാറപ്രത്തെ സി.പി.എം. ഓഫീസിന്റെ മുന്നിൽനിന്ന് പ്രായമായ സ്ത്രീ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ചില ബീഡിക്കമ്പനികളിൽനിന്ന് തൊഴിലാളികൾ എഴുന്നേറ്റുനിന്ന് കൈകൾ ചേർത്തുപിടിച്ചു. വേങ്ങാട് പഞ്ചായത്തിലെ ഒരു സി.പി.എം. ഓഫീസിൽ അറിയാതെ കയറിപ്പോയി. ബ്രാഞ്ച് യോഗം നടക്കുകയായിരുന്നു. അവർ യോഗം നിർത്തി. മുതിർന്ന നേതാവ് എന്നെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. പിണറായിയിലെ കടകളിൽ കയറിയപ്പോഴെല്ലാം ജനങ്ങളുടെ സ്നേഹം തൊട്ടറിഞ്ഞു. പാർട്ടി കോട്ടകളിൽ പോലും ആർക്കും വെറുപ്പില്ലായിരുന്നു. പെരളശ്ശേരിയിലെ കോൺഗ്രസ് നേതാവ് എം.പി. ജനാർദനന്റെ സംസ്കാരംകഴിഞ്ഞയുടനെ ഭാര്യയും മക്കളും വോട്ടുചെയ്യാനെത്തി. ചെമ്പിലോട്ടെ ഒരു ഗർഭിണി പേറ്റുനോവ് വകവെക്കാതെയെത്തി വോട്ടുചെയ്തശേഷം ആസ്പത്രിയിൽ പോയി മിനിറ്റുകൾക്കം പ്രസവിച്ചു. ഇതെല്ലാം മറക്കാനാകാത്തതാണ്.
