മദ്യപനായ അച്ഛൻ നാലാമത്തെ വയസിൽ ഉപേക്ഷിച്ചു, 26 വർഷത്തിനൊടുവിൽ കൂടപ്പിറപ്പുകളെ തിരിച്ചുകിട്ടി ശരണ്യ

Share our post

കാലമെഴുതിയ കണ്ണീർ തിരക്കഥയ്ക്ക് ആശ്രയയുടെ മുറ്റത്ത് ശുഭകരമായ ക്ലൈമാക്സ്. 26 വർഷങ്ങൾക്കുശേഷമുള്ള സഹോദരങ്ങളുടെ കൂടിച്ചേരൽ കണ്ണീർസിനിമകളേക്കാൾ കരയിക്കുന്ന കഥയാണ്. കഥ ആരംഭിച്ചത് തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ്. അമ്മ സ്വയം തീകൊളുത്തി മരിക്കുന്നതു കാണേണ്ടിവന്ന നാലുമക്കൾ-മൂത്തവൾ അഞ്ചുവയസ്സുകാരി സരസ്വതി (സരസു), രണ്ടാമത്തവൾ നാലുവയസ്സുകാരി ശരണ്യ, അനുജൻമാരായ സുരേഷും ഉമേഷും.

മദ്യപനായ അച്ഛൻ മാരിമുത്തു രണ്ടാമത്തെ മകളായ ശരണ്യയെ ആർക്കോ വിറ്റു. മറ്റു മൂന്നു മക്കളുമായി കേരളത്തിലേക്ക്. ആക്രിപെറുക്കി ജീവിതം, വഴിയോരത്ത് താമസം. കണ്ണൂരിലെ ആലക്കോട് രണ്ട് അനുജന്മാരുടെ വിശപ്പകറ്റാൻ കഷ്ടപ്പെടുന്ന അഞ്ചുവയസ്സുകാരി സരസുവിന്റെ ജീവിതവാർത്ത കലയപുരം സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസിന്റെ ശ്രദ്ധയിൽപ്പെട്ടത് 2002-ൽ. ഭാര്യ മിനിയുമൊത്ത് കണ്ണൂരിലെത്തി മൂന്നു കുട്ടികളുടെയും സംരക്ഷണം ഏറ്റെടുത്തു, അവർക്കായി ആരംഭിച്ചതാണ് ആശ്രയ ശിശുഭവൻ. മൂന്നുപേരെയും ആശ്രയ വളർത്തി, വിദ്യാഭ്യാസം നൽകി, സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ സരസുവിന്റെ വിവാഹം രണ്ടുവർഷംമുൻപ് ആശ്രയയിൽ നടത്തി. കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ നിഥിനായിരുന്നു വരൻ. സുമേഷും സുരേഷും ഐ.ടി.ഐ. വിദ്യാഭ്യാസത്തിനുശേഷം സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു. ജീവിതം മുന്നേറുമ്പോഴും സരസുവിന്റെ ഓർമ്മകളിൽ അനുജത്തിയുടെ പേരില്ലാത്ത മുഖമുണ്ടായിരുന്നു.

പറിച്ചുമാറ്റിയെങ്കിലും ചേച്ചിയുടെ പേരും മുഖവും അനുജൻമാരും ശരണ്യയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. സേലത്ത് വളർന്ന ശരണ്യ എം.എഡ്. പൂർത്തിയാക്കി അധ്യാപികയായി, ഹൈദരാബാദ് സ്വദേശിയുമായി വിവാഹം കഴിഞ്ഞു. രണ്ടുമക്കളടങ്ങുന്ന കുടുംബനാഥയായിട്ടും ശരണ്യയുടെ മനസ്സിൽ കൂടപ്പിറപ്പുകളെ നഷ്ടപ്പെട്ട വേദന തികട്ടി. ഒടുവിൽ ഭർത്താവ് രഘുറാമിനോട് മനസ്സിലെ വേദന തുറന്നുപറഞ്ഞു. തന്റെ സഹോദരങ്ങളെ കണ്ടെത്തണമെന്ന ആഗ്രഹം. അന്വേഷണവഴിയിലാണ് രണ്ടുവർഷംമുൻപ് നടന്ന സരസുവിന്റെ വിവാഹവാർത്തയും ചിത്രങ്ങളും രഘുറാമിനു മുന്നിലെത്തിയത്. ഫോട്ടോയിലെ ചിത്രത്തിന് ശരണ്യയുമായുള്ള സാമ്യമാണ് അന്വേഷണം കേരളത്തിലേക്കും ആശ്രയയിലേക്കും എത്തിച്ചത്. ഒടുവിൽ ആ ദിനം വന്നെത്തി… കണ്ണീർക്കഥയുടെ അവസാന രംഗം. സഹോദരങ്ങളെ കാണാൻ ഹൈദരാബാദിൽനിന്നു ഭർത്താവിനും രണ്ടു മക്കൾക്കും ബന്ധുവിനും ഒപ്പം ശരണ്യയെത്തി, കണ്ണൂരിൽനിന്നു നിഥിനൊപ്പം സരസുവും ഓടിയെത്തി. കൂടപ്പിറപ്പുകളായ നാലുപേരും ഒന്നുചേർന്ന രംഗത്തിന് നിറകണ്ണുകളോടെ ബന്ധുക്കളും കലയപുരം ജോസും മിനി ജോസും ആശ്രയ അംഗങ്ങളും സാക്ഷിയായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!