നേതാവ് പറഞ്ഞാൽ രാത്രി പകലും പകൽ രാത്രിയുമായി! എന്തൊരു വീഴ്ചയാണ് സഖാവേ…. ഇത് ‘ഒറ്റയാൾ പരാജയം’

Share our post

പശ്ചിമബംഗാളിനും ത്രിപുരയ്ക്കും ശേഷം കേരളത്തിലും അധികാരം നഷ്ടമായതോടെ, ഇടതിന്റെ പതനം പൂര്‍ണമാവുകയാണ്. ഭരണത്തിലിരിക്കുന്ന അവസാനത്തെ മുഖ്യമന്ത്രിയും പുറത്തായതോടെ രാജ്യത്ത് സി.പി.എമ്മിനോ ഇടതുപാര്‍ട്ടികള്‍ക്കോ ഭരണമില്ല

ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടത് മുന്നണിക്കും ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളു. കാസർകോടിനും തിരുവനന്തപുരത്തിനുമിടയിൽ റോഡായ റേഡുകളിലും കവലകളായ കവലകളിലും ആ മുഖം ഫ്‌ളെക്സ് ബോർഡുകളിൽ നിറഞ്ഞു. എന്നിട്ട് ഇടത് മുന്നണി അല്ലാതെ മറ്റാര് എന്ന ചോദ്യം കേരള ജനതയുടെ നേർക്ക് തൊടുത്തുവിട്ടു. അർത്ഥവും പൊരുളും നഷ്ടപ്പെട്ട, ആത്മാവില്ലാത്ത ആ മുദ്രാവാക്യം കേരള ജനത ഇപ്പോൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാവുമ്പോൾ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ജനങ്ങൾ എങ്ങിനെയാണ് കൈകാര്യം ചെയ്യുക എന്നതിനുള്ള ക്ലാസ്സിക് ഉദാഹരണമാണ് കേരളത്തിൽ ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

2021 ലെ ചരിത്ര വിജയം തലയ്ക്ക് പിടിച്ചപ്പോൾ പാർട്ടിയും വ്യക്തിയും ഒന്നാവുന്ന അനിതരസാധാരണമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ബംഗാളിൽ 23 കൊല്ലം അധികാരത്തിലിരുന്ന ജ്യോതി ബസു പോലും മറ്റൊരാൾക്കായി മുഖ്യമന്ത്രി കസേരയിൽ നിന്നിറങ്ങി. പക്ഷേ, താൻ വഴി മാറിക്കൊടുകയാണെന്ന് ഒരിക്കൽ പോലും പിണറായി വിജയൻ പറഞ്ഞില്ല. പാർട്ടി തീരുമാനിക്കും എന്ന ഒറ്റ മൊഴിയിൽ പിണറായി തന്നെയും പാർട്ടിയേയും സമീകരിച്ചു.

ഒറ്റയാൾ പ്രസ്ഥാനം

അഖിലേന്ത്യ ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് കാതോർത്തു. യുഎപിഎ ആയാലും മാസപ്പടി ആയാലും മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുകയെന്ന ഏക ദൗത്യത്തിലേക്ക് പാർട്ടി ചുരുക്കപ്പെട്ടു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കറുത്ത മാസ്‌ക് പോലും വിലക്കപ്പെട്ട വസ്തുവായി. പ്രതിഷേധിക്കുന്നവർ ‘ ജീവൻ രക്ഷാ പ്രവർത്തനത്തിന്റെ’ ഇരകളായി. സിസ്റ്റം ജീർണ്ണിക്കുകയാണെന്ന് പറഞ്ഞ ഡോക്ടർ ഹാരിസും കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും പാർട്ടിയുടെയും ഭരണകൂടത്തിന്റെയും ശത്രുക്കളായി. പാർട്ടിക്ക് പുറത്ത് നിന്നാൽ ബക്കറ്റിലെ വെള്ളമാവുമെന്ന് വിഎസ് അച്യുതാനന്ദനെ വിമർശിച്ച പിണറായി സ്വയം പാർട്ടിയായി മാറുന്ന കാഴ്ച ജനാധിപത്യ കേരളം ഉൾക്കിടിലത്തോടെയാണ് കണ്ടുനിന്നത്. ഡൽഹിയിൽ പോളിറ്റ്ബ്യൂറൊ യോഗം ചേരണമെങ്കിൽ പിണറായി കനിയണമെന്ന അവസ്ഥയിൽ സിപിഎം എല്ലാ അർത്ഥത്തിലും ഒറ്റയാൾ പ്രസ്ഥാനമായി മാറുകയായിരുന്നു.

കെട്ടു കാഴ്ചകൾ

പ്രത്യയശാസ്ത്ര തലത്തിലുള്ള അനുരഞ്ജനങ്ങൾക്ക് സിപിഎം നിർബന്ധിതമാവുന്നതാണ് പിഎം ശ്രീയിലും വെള്ളാപ്പള്ളി വിഷയത്തിലും കണ്ടത്. കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമനെ കാണാൻ ഗവർണർ ആർലേക്കറെ മുഖ്യമന്ത്രി ഒപ്പം കൂട്ടിയപ്പോൾ സിപിഎം സൈബർ പോരാളികൾ വരെ വാക്കുകൾ കിട്ടാതെ വിഷമിച്ചു. ഡൽഹിയിലെ പത്രസമ്മേളനത്തിലും കണിച്ചുകുളങ്ങരയിലേക്കും പെരുന്നയിലേക്കുമുള്ള സൗഹൃദ സന്ദേശങ്ങളിലും ആഗോള അയ്യപ്പ സംഗമത്തിലും ഹിന്ദുത്വയുടെ തിരനോട്ടമുണ്ടായപ്പോൾ തിരുത്തുന്നതിനും ആത്മപരിശോധനയ്ക്കുമായി പാർട്ടിക്കുള്ളിൽ ഒരു മുറവിളി പോലുമുണ്ടായില്ല. അയ്യപ്പന്റെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതിലോ തൃശ്ശൂർ പൂരം കലങ്ങിയതിലോ ഒരു തരത്തിലുള്ള ആത്മപരിശോധനയും പിണറായിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. തെറ്റ് പറ്റാത്ത നേതാവ് എന്ന പ്രതിച്ഛായയിൽ അഭിരമിച്ചപ്പോൾ സ്തുതിപാഠകരുടെ വാഴ്ത്തുകൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ പ്രകോപനവും അന്യവുമായി.

അപ്പോൾ പിന്നെ നേതാവ് പറയുന്നതായി ആപ്ത വാക്യം. ഒരു ദിവസത്തെ വേതനം 700 രൂപയെങ്കിലുമാക്കണമെന്ന ആശാ തൊഴിലാളികളുടെ ആവശ്യത്തിന് നേർക്ക് കണ്ണടച്ചവർ നേതാവിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മെഗാ മേളകൾ സംഘടിപ്പിച്ചു. മോഹൻലാലിന്റെ ഫാൽക്കെ പുരസ്‌കാരവും അതി ദാരിദ്ര്യ നിർമ്മാർജ്ജനവും വരെ നേതാവിനെ വാഴ്ത്താനുള്ള അവസരങ്ങളായി. കഴിഞ്ഞ കൊല്ലം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരള ജനത പ്രതികരിച്ചത് ഈ കെട്ടുകാഴ്ചൾക്കെതിരെയായിരുന്നു. കോൺഗ്രസിന് അനുകൂലം എന്നതിനേക്കാൾ പിണറായി സർക്കാരിനെതിരായ ജനവിധിയായിരുന്നു അത്. അപ്പോഴും നേതാവ് വീഴുകയാണെന്ന് പറയാൻ പാർട്ടിയിൽ ആളുണ്ടായില്ല. നേതാവിന് ഇനിയും വെല്ലുവിളികളുയരാതിരിക്കാൻ കെ കെ ശൈലജയെ പേരാവൂർ എന്ന കോൺഗ്രസ് മണ്ഡലത്തിലേക്ക് മാറ്റി. വിധേയത്വത്തിനും കൂറിനുമുള്ള പാരിതോഷികം എന്ന വണ്ണം സംസ്ഥാന സെക്രട്ടറിയുടെ ജീവിത പങ്കാളിക്കും സീറ്റ് നൽകി. പരസ്പര സഹായ സഹകരണ സംഘങ്ങളുടെ ഈ കൂട്ടായ്മയ്ക്ക് നേതാവ് പറഞ്ഞാൽ രാത്രി പകലും പകൽ രാത്രിയുമായി.

സഖാക്കളുടെ കലാപം

പക്ഷേ, ഏത് ഭക്ത സമൂഹവും പരീക്ഷിക്കപ്പെടുന്ന ഒരു ദിവസം വരും. തീർത്തും സാധാരണക്കാരായ മനുഷ്യരാൽ ചോദ്യം ചെയ്യപ്പെടുന്ന ദിവസം. ആ ദിവസമായിരുന്നു കഴിഞ്ഞ ഏപ്രിൽ ഒമ്പത്. ന്യൂന പക്ഷങ്ങളുടെ ഏകീകരണം മാത്രമല്ല യുഡിഎഫിന് ഈ സ്വപ്ന തുല്ല്യ വിജയം സമ്മാനിച്ചത്. സിപിഎമ്മിന്റെ അടിത്തട്ടിൽ പ്രവർത്തിക്കുന്ന സഖാക്കൾ കൂടിയാണ് യുഡിഎഫിനെ അധികാരത്തിലേറ്റിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ സിപിഎം കോട്ടകൾ തകർന്ന് തരിപ്പണമാക്കി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും വിജയിച്ചത് സിപിഎമ്മിനുള്ളിൽ നിന്നുള്ള വോട്ടുകളുടെ കുത്തൊഴുക്ക് കൊണ്ട്കൂടിയാണ്. പേരാവൂർ പോലൊരു മണ്ഡലത്തിൽ കെ കെ ശൈലജക്ക് കിട്ടിയ വോട്ടുകളിൽ പാർട്ടിയുടെ ചെറുത്തു നിൽപുണ്ട്. ധർമ്മടത്ത് ആദ്യ റൗണ്ടുകളിൽ പിണറായിയെ വിറപ്പിച്ചതും പാർട്ടിക്കുള്ളിലെ ഈ കലാപമാണ്.

മണ്ഡല പുനർ നിർണ്ണയത്തിന് ശേഷം അമ്പതോളം മണ്ഡലങ്ങൾ എന്നെന്നേയ്ക്കുമായി കൈപ്പിടിയിലാണ്, ബഹു ഭൂരിപക്ഷം എംഎൽഎമാരും ജനപ്രീതിയുള്ളവരാണ് എന്നൊക്കെയുള്ള ചിന്തകളിലാണ് സിപിഎം സാന്ത്വനം കണ്ടെത്തിയിരുന്നത്. തായ്ത്തടി ജീർണ്ണിച്ചുപോയാൽ, ജനങ്ങൾ അകന്നു പോയാൽ പിന്നെ ഒരൊറ്റ മൂലിക്കും പ്രതിരോധം തീർക്കാനാവില്ല എന്ന അടിസ്ഥാന പ്രമാണമാണ് പിണറായിയുടെ കാര്യത്തിൽ വിസ്മരിക്കപ്പെട്ടത്.

വില കുറച്ചു കാണരുത് ജനങ്ങളെ

99 സീറ്റിൽ നിന്ന് 35 ലേക്ക്. എന്താരു വീഴ്ചയാണ് സഖാവേ ഇതെന്ന് ചോദിക്കാതിരിക്കാനാവില്ല. പക്ഷേ, ഈ പതനം ഒട്ടും തന്നെ അപ്രതീക്ഷിതമായിരുന്നില്ല. മുന്നറിയിപ്പുകളും താക്കീതുകളും പല ഭാഗങ്ങളിൽ നിന്നും പലപ്പോഴായി ഉയർന്നിരുന്നു. പക്ഷേ, അവയെല്ലാം അവഗണിക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ പിണറായിയാണ് പാർട്ടിയെ നയിച്ചതെന്നതിൽ ആർക്കെങ്കിലും സംശയമുണ്ടാവാനിടയില്ല. അപ്പോൾ പിന്നെ വീഴ്ചയുടെ മുഖ്യ ഉത്തരവാദി ആരാണെന്നതിലുംl രണ്ടഭിപ്രായമുണ്ടാവുന്നത് തികഞ്ഞ നീതികേടായിരിക്കും.

സിപിഎമ്മിനും ഇടത് മുന്നണിക്കും ഇത് എല്ലാ അർത്ഥത്തിലും ഒരു ദശാസന്ധിയാണ്. ജനങ്ങളെ ഒരിക്കലും വിലകുറച്ചു കാണരുതെന്നതാണ് സുപ്രധാന പാഠം. ഒരു പാർട്ടിയും ഒരു ദിവസം കൊണ്ടല്ല സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു പരാജയത്തോടെ ഒരു പാർട്ടിയും ഇല്ലാതാവുന്നില്ല. മുഖ്യപ്രതിപക്ഷ പാർട്ടി എന്നത് ചെറിയ സംഗതിയല്ല. കണ്ണുകളും കാതുകളും തുറന്നുവെച്ചാൽ ജന സ്പന്ദനം ഇനിയും പിടിച്ചെടുക്കാം. പുതിയ നേതൃനിര ഉയർന്നുവന്നാൽ , കാരണഭൂതനും കപ്പിത്താനുമാവാതെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കാനായാൽ ഇനിയും അവസരങ്ങളുണ്ട്. തിരസ്‌കരിച്ചതുപോലെ തിരിച്ചെടുക്കാനും അപ്പോൾ ജനം മുന്നോട്ട് വരും.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!