പണം കൊടുത്ത് അനർഹരായ വ്യക്തികൾ ഭിന്നശേഷി സർട്ടിഫിക്കറ്റ് നേടുന്നു; പരാതിയിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്
കോഴിക്കോട്: പണം നൽകി അനർഹമായി ഭിന്നശേഷി സർട്ടിഫിക്കറ്റ് തരപ്പെടുത്തുന്നെന്ന പരാതിയിൽ സെക്രട്ടറിയേറ്റ് വിജിലൻസ് അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയരായവർക്ക് യഥാർഥത്തിൽ ഭിന്നശേഷിയുണ്ടോ എന്ന് വിജിലൻസ് വീണ്ടും പരിശോധിക്കും. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
സർക്കാർ തലത്തിൽ ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ലഭ്യമാക്കുമ്പോൾ, ഇതിന്റെ മറവിൽ വലിയൊരു മാഫിയയാണ് പ്രവർത്തിക്കുന്നത്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ മാത്രമുള്ളവർ ഡോക്ടർമാരുടെ സഹായത്തോടെ വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തുകയും, ഇതിനായി ലക്ഷക്കണക്കിന് രൂപ കോഴ നൽകുകയും ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് നിരന്തരം പരാതികൾ നൽകിയിട്ടും പൊലീസിന് ഇതിൽ പുനഃപരിശോധന നടത്താൻ നിയമപരമായ അധികാരമില്ലാത്തതിനാൽ അന്വേഷണം നീണ്ടുപോവുകയായിരുന്നു.
തുടർന്ന് ഭിന്നശേഷി സംഘടനകൾ രംഗത്തെത്തിയതിനെത്തുടർന്നാണ് സെക്രട്ടറിയേറ്റ് വിജിലൻസ് കേസ് ഏറ്റെടുത്തത്. അന്വേഷണത്തിന്റെ ആദ്യഘട്ടമായി പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും, ഡ്രൈവിങ് ലൈസൻസുള്ള വ്യക്തികൾക്ക് പോലും ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിച്ചതുൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ പരാതിക്കാർ കൈമാറുകയും ചെയ്തിട്ടുണ്ട്. അനർഹമായി സർട്ടിഫിക്കറ്റ് നേടിയെന്ന് കണ്ടെത്തിയാൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വിജിലൻസിന്റെ തീരുമാനം.
