മണിക്കൂറുകൾ വൈകിയോ‌ടുന്നു; താളംതെറ്റി ട്രെയിൻ സർവീസ്: യാത്രക്കാർക്ക് ദുരിതം

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നത്‌ ട്രെയിൻ യാത്രക്കാരെ നിരന്തരം ദുരിതത്തിലാക്കുന്നു. അടുത്തിടെ ചില ദീർഘദൂര ട്രെയിനുകൾ അനന്തമായി വൈകിയത്‌ യാത്രക്കാർക്ക്‌ വലിയ പ്രയാസം സൃഷ്‌ടിച്ചിരുന്നു. വന്ദേഭാരത്‌ അടക്കമുള്ള പ്രധാന ട്രെയിനുകൾക്കായി ചില ട്രെയിനുകൾ ഒരു മണിക്കൂറിലധികമാണ്‌ പല സ്‌റ്റേഷനിലും പിടിച്ചിടുന്നത്‌. ഇതിനിടെ, ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കുന്നതും വലിയ യാത്രാക്ലേശത്തിനാണ്‌ വഴിവെക്കുന്നത്‌.

അശാസ്‌ത്രീയമായ സർവീസ്‌ ക്രമീകരണങ്ങളാണ്‌ പ്രധാനമായും ട്രെയിനുകളുടെ സമയക്രമം തെറ്റിക്കുന്നത്‌. എന്നാൽ, അറ്റകുറ്റപണി, വൈദ്യുതിത്തകരാർ, മണ്ണിടിച്ചിൽ തുടങ്ങിയ കാരണങ്ങളാലാണ്‌ ട്രെയിനുകൾ വൈകുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇതെല്ലാം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ട്രെയിൻ വൈകൽ വർദ്ധിച്ചിരിക്കുകയാണ്‌. റെയിൽവേയുടെ അനാസ്ഥയും അശ്രദ്ധയുമാണ്‌ പ്രധാന കാരണങ്ങൾ. ട്രാക്കുകളിലും വൈദ്യുതി സംവിധാനത്തിലും യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ്‌ പ്രശ്‌നങ്ങൾ സങ്കീർണമാക്കിയത്‌.

ജോലിക്കു പോകാൻ ദിവസവും ട്രെയിനുകളെ ആശ്രയിക്കുന്നവരും വിദ്യാർഥികളും ദീർഘദൂര യാത്രക്കാരുമാണ് താളംതെറ്റിയ ട്രെയിൻ സർവീസുകൾ മൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. പ്രധാനപ്പെട്ട സ്റ്റേഷനുകളിലെ സ്റ്റോപ്പ് ഒഴിവാക്കുന്നതും തിരിച്ചടിയാണ്.

നവംബർ 10നുശേഷം നിരവധി ട്രെയിനുകൾക്ക് വഴിതിരിച്ചുവിടൽ, ഭാഗിക റദ്ദാക്കൽ, സമയനിയന്ത്രണം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്‌. കണ്ണൂർ–എറണാകുളം ഇന്റർസിറ്റിക്ക് ഡിസംബർ നാലുവരെയും മറ്റു ട്രെയിനുകൾക്ക് ഡിസംബർ ഒന്നുവരെയും നിയന്ത്രണം തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

ഒല്ലൂർ–പുതുക്കാട്, ഇരിങ്ങാലക്കുട–ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലുമാണ് പ്രധാന അറ്റകുറ്റപ്പണികൾ നടക്കുന്നത്. കണ്ണൂർ–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) നവംബർ 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ 1, 4 തീയതികളിലും തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ആകെ 13 ദിവസങ്ങളിൽ തൃശൂർ–എറണാകുളം ജങ്ഷൻ ഭാഗത്ത് സർവീസ് ഉണ്ടായിരിക്കില്ല.

നവംബർ 12, 19, 26 തീയതികളിൽ രാവിലെ അഞ്ചിന് ടാറ്റാനഗറിൽനിന്ന് പുറപ്പെടുന്ന ടാറ്റാനഗർ–എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവ–എറണാകുളം ജങ്ഷൻ ഭാഗത്ത് സർവീസ് ഭാഗികമായി റദാക്കും. നവംബർ 14, 17, 21, 24, 28, ഡിസംബർ 1 തീയതികളിൽ പുറപ്പെടുന്ന ഇതേ ട്രെയിനിന് വഴിയിൽ 25 മിനിറ്റ് നിയന്ത്രണവുമുണ്ട്.

മാവേലി എക്സ്പ്രസിന്റെ രണ്ട് ദിശകളിലെയും സർവീസുകൾക്ക് വ്യത്യസ്ത ദിവസങ്ങളിലാണ് നിയന്ത്രണം. നവംബർ 13, 15 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മംഗളൂരു മാവേലി (16604) കായംകുളം ജങ്ഷൻ–എറണാകുളം ടൗൺ ഭാഗത്ത് കോട്ടയം വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുണ്ടാകും.

നവംബർ 13, 20, 27 തീയതികളിൽ മംഗളൂരുവിൽ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) എറണാകുളം ടൗൺ–കായംകുളം ജങ്ഷൻ ഭാഗത്ത് കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുണ്ടാകും.

നവംബർ 13, 20, 27 തീയതികളിൽ രാത്രി 11.15ന് ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ഗുരുവായൂർ–ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) എറണാകുളം ടൗൺ–കായംകുളം ജങ്ഷൻ ഭാഗത്ത് കോട്ടയം വഴി തിരിച്ചുവിടും. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുണ്ടാകും. കൊല്ലം–എറണാകുളം മെമു (66310) നവംബർ 20, 27 തീയതികളിൽ പൂർണമായി റദ്ദാക്കി.

ഒക്ടോബർ 13 ന് ഓച്ചിറ–-കായംകുളം റെയിൽവേ സെക്ഷനിലെ വൈദ്യുതി ലൈനിലുണ്ടായ തകരാർ ട്രെയിൻ സർവീസിനെ സാരമായി ബാധിച്ചു. ഇതേ തുടർന്ന് കൊല്ലം–കോട്ടയം മെമു, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത്, തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി, സ്വർണജയന്തി, ചെന്നൈ മെയിൽ തുടങ്ങിയ ട്രെയിനുകൾ വൈകി. തകരാർ പരിഹരിച്ച ശേഷവും നിരവധി ട്രെയിനുകളാണ് വൈകിയോടിയത്.

ഒക്ടോബർ 22ന് പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റി. ഇതോടെ തിരുവനന്തപുരം–നാഗർകോവിൽ, നാഗർകോവിൽ–കൊല്ലം ഭാഗങ്ങളിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നിരവധി ട്രെയിനുകൾ പിടിച്ചിടുകയും മറ്റു ചില സർവീസുകളുടെ പുറപ്പെടൽ വൈകുകയും ചെയ്തു. നവംബർ ഒമ്പതിന് ഏറ്റുമാനൂർ റെയിൽവേ സബ്‌സ്റ്റേഷനിലുണ്ടായ വൈദ്യുതിത്തകരാറും കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. തിരുവനന്തപുരം എക്സ്പ്രസ് ഒരു മണിക്കൂർ ആറു മിനിറ്റും അമൃത എക്സ്പ്രസ് 45 മിനിറ്റും രാജറാണി എക്സ്പ്രസ് ഏകദേശം രണ്ടു മണിക്കൂറും വൈകി. രാജറാണിയുടെ വൈകിയോട്ടം നിലമ്പൂർ–ഷൊർണൂർ പാസഞ്ചർ സർവീസിനെയും ബാധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!