തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിരിച്ചടിച്ച് എല്‍ഡിഎഫ്; ഏഴ് സീറ്റുകള്‍ യു‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു; ചിറ്റൂരില്‍ അട്ടിമറി

Share our post

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ഏഴ് സീറ്റുകള്‍ യു‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍ഡിഎഫ് പതിനൊന്ന് സീറ്റുകള്‍ നിലനിര്‍ത്തി. യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ച രണ്ട് വാര്‍ഡുകളില്‍ ഉള്‍പ്പെടെയാണ് നേട്ടം. ചിറ്റൂരിലും തൃക്കൊടിത്താനത്തുമാണ് വമ്പന്‍ തിരിച്ചടി നേരിട്ടത്.  15 സീറ്റുകള്‍ നിലനിര്‍ത്തിയ യുഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. ട്വന്റി 20 ഒരു സീറ്റില്‍ വിജയിച്ചു

38 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പതിനെട്ടും യുഡിഎഫ് പത്തൊമ്പതിടത്തും വിജയിച്ചു. ട്വന്റി 20 ക്കാണ് ഒരു സീറ്റ്. നിലവില്‍ യുഡിഎഫിന് ഇരുപത്തിരണ്ടും എല്‍ഡിഎഫിന് പതിനഞ്ചും സീറ്റുകളാണുണ്ടായിരുന്നത്. പാലക്കാട് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ രാജിവച്ച സീറ്റില്‍ ഫോട്ടോഫിനിഷ്. എല്‍ഡിഎഫ് യുഡിഎഫി സ്ഥാനാര്‍ഥികള്‍ 423 വോട്ടുകളോട് ഒപ്പത്തിനൊപ്പം. തുടര്‍ന്ന് നറുക്കെടുപ്പ്. തുളസീധരനിലൂടെ എല്‍ഡിഎഫിന് നേട്ടം. കേരള കോണ്‍ഗ്രസിന്റെ വിനു ജോബ് എംഎല്‍എ ആയപ്പോള്‍ ഒഴിവുവന്ന കോട്ടയം ജില്ലാ പഞ്ചായത്ത്് തൃക്കൊടിത്താനം ഡിവിഷന്‍ യുഡിഎഫിന് നഷ്ടമായി. 2140 വോട്ടിനാണ് സിപിഎമ്മിന്റെ മഞ്ജു സുജിത് വിജയിച്ചത്. യുഡിഎഫിന് വലിയ പ്രഹരം

തിരുവനന്തപുരം കോട്ടയം പാലക്കാട് കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് നേട്ടം കൊയ്തു. രമ്യ ഹരിദാസ് ഉള്‍പ്പെട്ട ചിറയന്‍കീഴ് കയ്യാങ്കളി വിവാദമാണ് തലസ്ഥാനത്ത് യുഡിഎഫിന് തിരിച്ചടിയായത്. മംഗലപുരത്തും  അഞ്ചുതെങ്ങിലും വമ്പന്‍ തോല്‍വി നേരിടേണ്ടി വന്നു.

ഇടുക്കി മുട്ടം വാര്‍ഡ് 9,  ചങ്ങനാശേരി കുന്നന്താനം രണ്ടാംവാര്‍ഡ്, പാലക്കാട് ശ്രീകൃഷ്ണപുരം, തൃശൂര്‍ ചേലക്കര വാര്‍ഡുകള്‍ എല്‍ഡിഎഫിന്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 

പത്തനംതിട്ടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫ് വിജയിച്ചു. എംഎല്‍എമാര്‍ രാജിവച്ച എട്ട് വാര്‍ഡുകളില്‍ ആറ് വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് വലിയ പ്രതിസന്ധി നേരിട്ട പാലക്കാട് കരിമ്പയില്‍ ആശ്വാസം. സീറ്റ് യുഡിഎഫ് നിലനിര്‍ത്തി.  എറണാകുളം കോലഞ്ചേരി ഈസ്റ്റ് ബിജെപി പിന്തുണയോടെ മല്‍സരിച്ച  ട്വന്റി 20 നേടി

കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തു . ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി മഞ്ജു സുജിത് 2140 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ യുഡിഎഫ് സർക്കാരിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഈ ഫലമെന്ന് മഞ്ജു സുജിത്  പറഞ്ഞു.

കയ്യാങ്കളി തിരിച്ചടിച്ചു

രമ്യ ഹരിദാസ് കയ്യാങ്കളി വിവാദത്തിൽ ഉലഞ്ഞ് തലസ്ഥാനത്തെ യുഡിഎഫ്. ചിറയിൻകീഴ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന യുഡിഎഫിന്റെ രണ്ട് സിറ്റിങ് വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു. സുധീർഷ പാലോട് എംഎൽഎ ആയതോടെ ഒഴിവുവന്ന ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ നിലനിർത്താനായത് യുഡിഎഫിന് ആശ്വാസമായി. 

രമ്യ ഹരിദാസ് ഉൾപ്പെട്ട ഈ കയ്യാങ്കളി നേരിട്ട് കണ്ട ചിറയിൻകീഴിലെ ജനം യുഡിഎഫിനെ കൈവിട്ടു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ ആയിരുന്ന ചിറയിൻകീഴ് ബ്ലോക്കിലെ അഞ്ചുതെങ്ങ് ഡിവിഷനും മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡും ആണ് യുഡിഎഫിന് നഷ്ടമായത്. കഴിഞ്ഞതവണ 650 വോട്ടിന് വിജയിച്ച അഞ്ചുതെങ്ങ് ബ്ലോക്കിൽ എൽഡിഎഫിന്റെ എസ് ബിജിമോൾ വിജയിച്ചത് 395 വോട്ടിന്റെ ഭൂരിപക്ഷത്തിൽ . മുണ്ടക്കൽ വാർഡിൽ എല്‍ഡിഎഫിറെ രമ്യ വി തുളസി 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് പിടിച്ചെടുത്തപ്പോൾ, മംഗലപുരം പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന്റെ കയ്യിൽ ഭദ്രമായി. രണ്ടിടത്തേയും തോൽവിക്ക് ഉത്തരവാദി രമ്യയാണെന്ന് കയ്യാങ്കളി വിഭാഗത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സജാദ്  പറഞ്ഞു.

സുധീർഷാ പാലോട് എംഎൽഎ ആയതോടെ ഒഴിവ് വന്ന കല്ലറ ഡിവിഷൻ കോൺഗ്രസിന്റെ അമി തിലക്ക് മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിർത്തിയത് യുഡിഎഫിന് ആശ്വാസമായി. 

വർക്കല ബ്ലോക്കിലെ ഒറ്റൂർ ഡിവിഷൻ നിലനിർത്താൻ ആയത് എൽഡിഎഫിന് അഭിമാനമായി. സ്മിത സുന്ദരേശൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വർക്കലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് ഇവിടെ ഒഴിവ് വന്നത്. സീറ്റ് നിർത്തിയത് കാലുമാറ്റത്തിനുള്ള മറുപടിയായി സിപിഎമ്മിന് വ്യാഖ്യാനിക്കാം. അതേസമയം തിരുപുരം പഞ്ചായത്തിലെ പഴയകട വാർഡ് യുഡിഎഫ് നിലനിർത്തി. 

ചിറ്റൂരില്‍ അട്ടിമറി

സുമേഷ് അച്ചുതൻ എംഎല്‍എ ആയതോടെ പാലക്കാട് ചിറ്റൂർ- തത്തമംഗലം നഗരസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് അട്ടിമറി വിജയം. വോട്ടെടുപ്പിൽ തുല്യ നില വന്നതോടെ നറുക്കെടുപ്പിന്റെ ഭാഗ്യത്തിലാണ് എല്‍ഡിഎഫ് ജയിച്ച് കയറിയത്. മുൻ എംഎൽഎ കെ.അച്യുതന്റെ സഹോദരൻ കെ.മധു പരാജയപ്പെട്ടത് യുഡിഎഫിന് ജില്ലയിൽ തിരിച്ചടിയായി.

ചിറ്റൂർ- തത്തമംഗലം നഗരസഭ ചെയർപേഴ്സൺ ആയിരുന്ന സുമേഷ് അച്ചുതൻ എംഎല്‍എ ആയി വിജയിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലാണ് യുഡിഎഫ് തിരിച്ചടി നേരിട്ടത്. നഗരസഭ 24 -ാം വാർഡിൽ യുഡിഎഫും എല്‍ഡിഫും 433 വോട്ട് വീതം നേടി ഫോട്ടോ ഫിനിഷിൽ എത്തി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തുണച്ച എല്‍ഡിഎഫിലെ വി.തുളസീധരൻ വിജയിച്ച് കയറി. മുൻ ചിറ്റൂർ എംഎൽഎ കെ.അച്യുതന്റെ സഹോദരൻ കെ.മധുവിന്റെ തോൽവി യുഡിഎഫിന് കനത്ത ആഘാതമായി. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സുമേഷ് അച്യുതൻ പ്രതികരിച്ചു.

അതേസമയം, ആലത്തൂർ എംഎൽഎയായി വിജയിച്ച സിപിഎമ്മിലെ ടിഎം ശശി പ്രതിനിധീകരിച്ച ജില്ലാ പഞ്ചായത്ത് പല്ലശ്ശന ഡിവിഷൻ എല്‍ഡിഎഫ് 8084 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിൽ നിലനിർത്തി. ജില്ലയിലെ ഏഴടങ്ങിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ ഡിവിഷൻ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. ഡിവൈഎഫ്ഐ നേതാവ് പീഡന ആരോപണം നേരിട്ട് രാജിവച്ച ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിമൂന്നാം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫും പിടിച്ചെടുത്തു. കരിമ്പ പഞ്ചായത്ത് 13 – ാം വാർഡ് യുഡിഎഫ് നിലനിർത്തിയതോടെ പഞ്ചായത്തിലെ ഭരണമാറ്റ പ്രതിസന്ധി ഒഴിവായി.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!