സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ സർക്കുലർ; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് സർക്കുലർ പുറത്തിറക്കി. ആശുപത്രികളിലെ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണമെന്നും കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആശുപത്രികളിൽ ഏതൊക്കെ മരുന്നുകൾ ലഭ്യമാണ്, ഓരോ മരുന്നിന്റെയും സ്റ്റോക്ക് എത്രയുണ്ട് തുടങ്ങിയ വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് കൃത്യമായി ലഭ്യമാക്കണം. ഇതിലൂടെ ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ തന്നെ രോഗികൾക്ക് നിർദേശിക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം കുറയ്ക്കുക, ലഭ്യമായ മരുന്നുകളുടെ വിവരങ്ങൾ ഡോക്ടർമാരിലേക്ക് കൃത്യമായി എത്തിക്കുക, ലാബ് പരിശോധനകൾ തടസ്സമില്ലാതെ നടത്തുക എന്നിവയാണ് സർക്കുലറിന്റെ ലക്ഷ്യം. മരുന്ന് ക്ഷാമം സംബന്ധിച്ച് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലടക്കം ചർച്ചകൾ നടന്നിരുന്നു. രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ആരോഗ്യവകുപ്പ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
