30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ

Share our post

ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. സമ്മാനത്തുക വർധിപ്പിച്ചതോടെ ലോട്ടറിയടിക്കുന്നയാൾക്ക് കയ്യിൽ കിട്ടുന്ന തുകയും കൂടും. ലോട്ടറിയടിച്ചാൽ ഏജന്റിന് കൊടുക്കേണ്ട കമ്മീഷൻ, സർക്കാർ ഈടാക്കുന്ന ടിഡിഎസ്, സർചാർജ്, ഇതിനു മുകളിലുള്ള സെസ് എന്നിങ്ങനെ നികുതികൾ കഴിഞ്ഞാണ് കയ്യിൽ പണമെത്തുക. ഇതിൽ ടിഡിഎസ് മാത്രമാണ് സർക്കാർ ഈടാക്കുക. ബാക്കി നികുതിയെല്ലാം ലോട്ടറിയടിച്ച ഭാ​ഗ്യവാൻ തന്നെ അടയ്ക്കണം. ഇതെല്ലാം കഴിഞ്ഞ് എത്ര രൂപ കയ്യിൽ കിട്ടും? ലോട്ടറിയടിച്ചയാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള പറ്റി മനോരമ ന്യൂസ്.കോമുമായി സംസാരിക്കുകയാണ് ചാർട്ടേഡ് അക്കൗണ്ടന്റായ സുബിൻ വി.ആർ. 

30 കോടി ലോട്ടറിയടിച്ചാല്‍ എത്ര കിട്ടും

30 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംപറടിച്ചാല്‍ 10 ശതമാനം ഏജൻസി കമ്മീഷനായി പിടിക്കും. മൂന്നു കോടി രൂപ അങ്ങനെ കുറയും. ബാക്കി വരുന്ന 27 കോടി രൂപയിലാണ് നികുതി ഈടാക്കുക. 27 കോടി രൂപയുടെ 30 ശതമാനം ടിഡിഎസ് ഈടാക്കിയാണ് ലോട്ടറി വകുപ്പ് തുക അനുവദിക്കുക. ടിഡിഎസ് 8.10 കോടി രൂപയാണ്. ഈ നികുതിക്ക് മുകളിൽ 25 ശതമാനം സർചാർജ് വരും. 2,02,50,000 രൂപ സർചാർജായി ലോട്ടറിയടിച്ചയാള്‍ അടക്കണം. സർചാർജ് അടക്കമുള്ള തുകയുടെ നാലു ശതമാനം ഹെല്‍ത്ത് ആന്‍ഡ് എജ്യുക്കേഷന്‍ സെസ് കൊടുക്കണം. 40,50,000 രൂപ വരുമിത്. ആകെ 10.53 കോടി രൂപ നികുതിയായി നല്‍കണം. ഇതു കുറച്ച് 16.47 കോടി രൂപ മാത്രമാണ് കയ്യില്‍ കിട്ടുക. 

ടിഡിഎസിന് പുറമെ നികുതികൾ വേറെയും 

ലോട്ടറിയടിച്ച തുകയില്‍ നിന്നും സര്‍ക്കാര്‍ നികുതി ഈടാക്കിയല്ലോ ഇനി നികുതിയില്ലെന്ന് കരുതുന്ന സാധാരണക്കാര്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് സര്‍ചാര്‍ജും സെസും. 50 ലക്ഷം രൂപ മുതല്‍ നികുതിക്ക് സര്‍ചാര്‍ജ് നല്‍കണം. രണ്ടുകോടിക്ക് മുകളില്‍ 25 ശതമാനമാണ് സര്‍ചാര്‍ജ്. 30 കോടി രൂപ സമ്മാനമടിക്കുന്നയാള്‍ ഈ നിരക്കില്‍ സര്‍ചാര്‍ജ് നല്‍കേണ്ടി വരും. 

ലോട്ടറിയടിച്ച സമ്മാനത്തുക നൽകുമ്പോൾ ടിഡിഎസ് മാത്രമാണ് സര്‍ക്കാര്‍ ഈടാക്കുക. സ‍ർചാർജും സെസും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യും മുൻപ് അടയ്ക്കണം. ഇത് വൈകുന്നതിന് അനുസരിച്ച് പലിശയും പിഴയും വരും. അതായത് 18.90 കോടി രൂപ കയ്യില്‍ കിട്ടുമെങ്കിലും സര്‍ചാര്‍ജും സെസും അടങ്ങുന്ന 2.43 കോടി രൂപ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യും മുന്‍പ് അടക്കണം. ഇവ സമയബന്ധിതമായി അടച്ചില്ലെങ്കില്‍ പലിശയും പിഴയമടക്കം കോടികളുടെ ബാധ്യതയായി മാറും. ഒക്ടോബറില്‍ സമ്മാനത്തുക കൈപ്പറ്റി ഒന്‍പതു മാസത്തിനു ശേഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കും വരെ കാത്തിരുന്നാല്‍ ബാധ്യത ഏകദേശം മൂന്നു കോടിയിലേക്ക് എത്താം. 

സമ്മാനഘടന ഇങ്ങനെ 

തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ 10 പേര്‍ക്ക് നൽകും. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 26 നാണ് ലോട്ടറിയുടെ നറുക്കെടുപ്പ്. 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!