ആദ്യം റദ്ദാക്കുമെന്ന് അറിയിപ്പ്, പിന്നെ വൈകി പുറപ്പെടുമെന്ന്; യാത്രക്കാരെ വട്ടം ചുറ്റിച്ച് എയർഇന്ത്യ എക്സ്പ്രസ്

Share our post

മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കണ്ണൂർ – ദുബായ് വിമാനമാണ് റദ്ദാക്കിയത്. തിങ്കൾ രാവിലെ കണ്ണൂരിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 747 നമ്പർ വിമാനമാണ് റദ്ദാക്കിയത്. വെളുപ്പിന് 5 മുതൽ യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. പലർക്കും റദ്ദാക്കുന്നത് സംബന്ധിച്ച് വിവരം ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു. പലർക്കും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴാണ് റദ്ദാക്കിയ വിവരം ലഭിച്ചത്. അതേ സമയം സർവീസ് റദ്ദാക്കുന്നത് യാത്രക്കാരെ അറിയിച്ചതായും ആവശ്യമായ ക്രമീകരണം ഒരുക്കിയതായും എയർലൈൻ പ്രതിനിധികൾ പറഞ്ഞു.

തിങ്കൾ രാവിലെ 7.05ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 5107നമ്പർ വിമാനം വൈകിയതിനെ തുടർന്നാണ് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചത്. യാത്രക്കാർ രാവിലെ 5ന് മുൻപ് തന്നെ വിമാനത്താവളത്തിൽ ചെക് ഇൻ ചെയ്തിരുന്നു. ആദ്യം വിമാനം റദ്ദാക്കുന്നതായി എയർലൈനിന്റെ ഭാഗത്ത്‌ നിന്ന് അറിയിപ്പ് ലഭിച്ചു. പിന്നീട് വൈകി പുറപ്പെടുമെന്ന് അറിയിച്ചു. ഏറെ നേരം വ്യക്തമായ വിവരം ലഭിച്ചില്ല. കൃത്യമായ ഉത്തരം ലഭിക്കാഞ്ഞതോടെ യാത്രക്കാർ ബഹളംവച്ചു. ആളുകൾ പ്രതിഷേധിച്ചപ്പോഴാണ് കൃത്യമായ മറുപടി ലഭിച്ചതെന്നും യാത്രക്കാർ പറഞ്ഞു. സാങ്കേതിക കാരണത്താലാണ് വിമാന സർവീസ് വൈകിയത്.

പ്രശ്നം പരിഹരിച്ചു വിമാനം 12.55ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. യാത്രക്കാർക്ക് ഭക്ഷണം, വിശ്രമ സൗകര്യം അടക്കം ഒരുക്കിയതായി അധികൃതർ പറഞ്ഞു. ദുബായ് വിമാനം റദ്ദാക്കുകയും തിരുവനന്തപുരം വിമാനം വയ്ക്കുകയും ചെയ്തതിനെ തുടർന്ന് കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!