എംഡിഎംഎ നിർമിച്ച് കടത്തിയത് വീട്ടുപകരണങ്ങളുടെ മറവിൽ; വിദേശവനിതകളുടെ അറസ്റ്റിൽ തെളിയുന്നത് പുതിയ കച്ചവടവഴികൾ
കണ്ണൂർ: കൃത്രിമമായ രാസവസ്തുക്കൾ, ആസിഡുകൾ എന്നിവ കൂട്ടിക്കലർത്തി രഹസ്യമായി എംഡിഎംഎ നിർമിക്കുന്നു. സ്പീക്കർ, കൂളർ, ചില ഗൃഹോപകരണങ്ങൾ എന്നിവയിൽ രഹസ്യമായി സൂക്ഷിച്ച് ഇവ പാർസൽ വഴി വിവിധയിടങ്ങളിലേക്ക് എത്തിക്കുന്നു-കണ്ണൂർ പോലീസ് സ്ക്വാഡ് ഡൽഹിൽ പിടികൂടിയ വിദേശവനിതകളുടെ മയക്കുമരുന്ന് വിതരണം ഈ രീതിയിലായിരുന്നു.
നൈജീരിയൻ സ്വദേശിനിയായ ചിനെലോ ലിലിയനും കാമറൂണിയൻ സ്വദേശിനിയായ ഫിലോമെനെ ചാൻസെലിനും സന്ദർശകവിസയിലാണ് ഡൽഹി ബുരാരിയിൽ എത്തിയത്. തുടർന്ന് മയക്കുമരുന്ന് മാഫിയകളുമായി ബന്ധം സ്ഥാപിച്ചു. എംഡിഎംഎ നിർമിച്ച് നൽകുകയാണ് വിദേശവനിതകളുടെ പ്രധാന ‘ദൗത്യം.’ നാട്ടിൽനിന്നുതന്നെ ലഹരി ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള മിശ്രിതം അവർക്ക് സുപരിചിതമായിരുന്നു. കേരളം, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇവർക്ക് ഏജന്റുമാരുണ്ട്. കണ്ണൂർ സിറ്റി പോലീസിന്റെ സ്ക്വാഡ് അംഗങ്ങൾ 10 ദിവസത്തോളം ഡൽഹിയിൽ താമസിച്ച് നടത്തിയ സാഹസികമായ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
അന്താരാഷ്ട്ര ലഹരിമാഫിയയുടെ വേരുകൾ തേടിയുള്ള കണ്ണൂർ പോലീസിന്റെ അന്വേഷണമാണ് ഒടുവിൽ പ്രതികളിൽ എത്തിച്ചേർന്നത്. ന്യൂമാഹിയിൽ എംഡിഎംഎയുമായി രജിനാസ് പിടിയിലായതാണ് കേസിൽ നിർണായക വഴിത്തിരിവായത്. അവിടെ വെച്ച് അന്വേഷണം അവസാനിപ്പിക്കാതെ പ്രതികളുടെ അടിവേരുകൾ പോലീസ് തേടിപ്പോയതാണ് വിദേശവനിതകളെ പിടികൂടാൻ ഇടയാക്കിയത്.
50 ആധാർകാർഡ്, 15 പാൻകാർഡ്, 10 ചെക്ക് ബുക്ക്, 20 ബാങ്ക് അക്കൗണ്ട്
വിദേശവനിതകളിൽനിന്നും സഹായിയിൽനിന്നുമായി 20 ബാങ്ക് അക്കൗണ്ട് രേഖകൾ, 50 ആധാർ കാർഡ്, 15 പാൻ കാർഡ്, 10 ചെക്ക് ബുക്ക് എന്നിവ പോലീസ് കണ്ടെടുത്തു. എംഡിഎംഎ വില്പന നടത്തി ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഇടപാട് 20 ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് നടത്തിയിരുന്നത്. ഒൻപത് ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചിട്ടുണ്ട്. പ്രതികൾ സിമ്മുകൾ നിരന്തരം മാറ്റിയിരുന്നു. വിമാനം, തീവണ്ടി, കാർ എന്നിവ വഴിയും കടൽ മാർഗവും മയക്കുമരുന്ന് കടത്തിയതായി അറസ്റ്റിലായവർ പോലീസിനോട് സമ്മതിച്ചു.
