മേൽമുരിങ്ങോടി പുരളിമല മടപ്പുരക്കെതിരെ കുപ്രചരണങ്ങൾ നടക്കുന്നതായി സംരക്ഷണ സമിതി

Share our post

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളിലും അച്ചടക്ക നടപടികളിലും യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ച് ചില വ്യക്തികൾ സംഘടിതമായ കുപ്രചരണങ്ങൾ നടത്തുകയാണെന്ന് മടപ്പുര സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

മടപ്പുരയിലെ വാദ്യക്കാരനായിരുന്ന അനിരുദ്ധൻ ക്ഷേത്രത്തിലെ അച്ചടക്കത്തിനും പെരുമാറ്റച്ചട്ടങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾ ആവർത്തിച്ച സാഹചര്യത്തിൽ വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നു. മറുപടി വസ്തുതാവിരുദ്ധവും തെറ്റുകൾ നിഷേധിക്കുന്നതുമായിരുന്നുവെങ്കിലും തിരുത്താൻ വീണ്ടും അവസരം നല്കി.

എന്നിട്ടും തിരുത്താൻ തയ്യാറാകാത്തതിനാൽ സസ്‌പെൻഷൻ നോട്ടീസ് നൽകി. എന്നാൽ, ഉത്തരവ് ലംഘിച്ച് അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരാകാൻ ശ്രമിച്ചെങ്കിലും മടപ്പുര കമ്മിറ്റി ഉറച്ച നിലപാടെടുത്തതോടെ മാറിനിൽക്കേണ്ടി വന്നു.

എന്നാൽ, കമ്മിറ്റിക്കെതിരെ ‘ദളിത് പീഡന ആരോപണം’ ഉയർത്തി ദുഷ്പ്രചരണം നടത്തുകയാണ്. നിലവിൽ മടപ്പുരയിൽ കർമ്മങ്ങൾ നിർവ്വഹിക്കുന്നത് ഇതേ വിഭാഗത്തിൽപ്പെട്ട ജീവനക്കാരാണ്. തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയ്യാറാകാത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് സ്വാഭാവിക നടപടി മാത്രമാണ്. മുൻപ് പല കാരണങ്ങളാൽ ഒഴിവായിപ്പോയ വ്യക്തികളെക്കൂടി ഉൾപ്പെടുത്തി വിഷയത്തിന് ‘ദളിത് പീഡനം’ എന്ന വ്യാജ നിറം നൽകാനാ ണ് ചിലർ ശ്രമിക്കുന്നത്.

മൂന്നുമാസത്തെ സസ്‌പെൻഷൻ കാലാവധി കഴിയുന്നതിന് മുൻപ് അനിരുദ്ധന് പകരം ചെണ്ട കൊട്ടിയ വ്യക്തികൾ കോട്ടയം കിഴക്കേ കോവിലകത്ത് നിന്ന് ലഭിച്ച ‘തരക’ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയും, കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിടുകയും ചെയ്തു. ഉത്തരവ് നിലനിൽക്കുന്നതിനാലാണ് സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തിന് തിരികെ പ്രവേശിക്കാൻ സാധിക്കാതിരുന്നത്.

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയനുമായി നടത്തിയ ചർച്ചയിൽ അനിരുദ്ധനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതാണ്. എന്നാൽ, ജീവനക്കാരുടെ പെരുമാറ്റച്ചട്ടം അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.

പേരാവൂർ ഡി.വൈ.എസ്.പിയുമായി നടന്ന ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് അദ്ദേഹത്തെ തിരിച്ചെടുക്കാൻ വ്യവസ്ഥകളുണ്ടാക്കിയെങ്കിലും അനിരുദ്ധനും കൂട്ടരും മടപ്പുരക്കെതിരെ കുപ്രചരണങ്ങൾ തുടരുകയും സമരപരിപാടികളുമായി മുന്നോട്ട് പോവുകയുമാണ് ചെയ്യുന്നത്.

നിലവിലെ കമ്മിറ്റി ചുമതലയേറ്റെടുത്ത ശേഷം, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ജീവനക്കാർ ആവശ്യപ്പെടാതെ തന്നെ നാലുതവണ ശമ്പള വർദ്ധനവ് നടപ്പിലാക്കിയിട്ടുണ്ട്.വർഷങ്ങളായി ശമ്പളത്തിൽ ഒരു രൂപ പോലും കൂട്ടിക്കിട്ടാതിരുന്ന സാഹചര്യത്തിലാണ് പുതിയ കമ്മിറ്റി ജീവനക്കാരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പരിഹരിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാർ അവരവരുടെ ഇഷ്ടാനുസരണം അച്ചടക്കമില്ലാതെ പ്രവർത്തിച്ചാൽ മടപ്പുര നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല. വ്യാജ പ്രചരണങ്ങളുടെയും സമരങ്ങളുടെയും പിന്നിലെ യാഥാർത്ഥ്യം ഭക്തജനങ്ങൾ തിരിച്ചറിയണമെന്ന് മടപ്പുര സംരക്ഷണ സമിതി ഭാരവാഹികളായ കെ.കെ.മോഹൻ ദാസ്, എൻ.വി.ജനാർദ്ദനൻ, എം.ഭാസ്‌കരൻ എന്നിവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!