ഒൻപതുമാസമായി അടഞ്ഞ് കണ്ണൂർ ലൈറ്റ് ഹൗസ്

Share our post

കണ്ണൂർ : ജില്ലയുടെ ടൂറിസം ഭൂപടത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ കണ്ണൂർ ലൈറ്റ് ഹൗസ് ഒൻപത് മാസമായി അടഞ്ഞുകിടക്കുന്നു. ലിഫ്റ്റ് നിർമാണവും നവീകരണ പ്രവൃത്തികളുമാണ് കാരണം. കഴിഞ്ഞ സീസൺ മുഴുവൻ നഷ്ടമായിട്ടും പണിപൂർത്തിയാകാത്തത് ടൂറിസം മേഖലയ്ക്കും സന്ദർശകർക്കും വലിയ നിരാശയാകുന്നു. പയ്യാമ്പലം ബീച്ചിലെത്തുന്ന സഞ്ചാരികൾ, വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനുപേരാണ് ദിവസവും ലൈറ്റ് ഹൗസും മ്യൂസിയവും കാണാനെത്തുന്നത്.

ടവറിനുമുകളിൽനിന്നുള്ള 360 ഡിഗ്രി കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. 23 മീറ്റർ ഉയരമുള്ള ടവറിന് മുകളിൽ നിന്നാൽ അറബിക്കടൽ, പയ്യാമ്പലം ബീച്ച്, കണ്ണൂർ നഗരം, ചരിത്രപ്രസിദ്ധമായ കണ്ണൂർ കോട്ട എന്നിവ ഒറ്റനോട്ടത്തിൽ കാണാം. കേരളത്തിലെയും ലക്ഷദ്വീപിലെയും വിളക്കുമാടങ്ങളിൽ പഴയകാലത്ത് ഉപയോഗിച്ചിരുന്ന വലിയ ലെൻസുകൾ, ഡി-ടൈപ്പ് ബൾബുകൾ, റേഡിയോ ഉപകരണങ്ങൾ, ദീപനൗകയുടെ മോഡലുകൾ എന്നിവയാണ് മ്യൂസിയത്തിലുള്ളത്. എന്നാൽ, ഇപ്പോൾ ഇതൊന്നും കാണാനാകാതെ ഗേറ്റിന് മുന്നിൽനിന്ന് മടങ്ങുകയാണ് സഞ്ചാരികൾ. ഇതറിയാതെ എത്തുന്നവർ സമീപത്തെ സീ-വ്യൂ പാത്ത്‌വേയിൽനിന്നുള്ള കാഴ്ചകണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ്.

കഴിഞ്ഞവർഷം സീസണിന്റെ തുടക്കത്തിലാണ് നവീകരണത്തിനായി ലൈറ്റ് ഹൗസ് അടച്ചത്. ഏഴുമാസംകൊണ്ട് പണി തീർക്കാമെന്നായിരുന്നു കരാർ. കരാർ ലഭിച്ചത് ഇൻഫ്ര എലിവേറ്റേഴ്സ് എന്ന കമ്പനിക്കാണ്. ലിഫ്റ്റ് പണി വൈകിയതാണ് അടച്ചിടൽ നീളാൻ കാരണം. പണി അന്തിമഘട്ടത്തിലാണെന്നാണ് അധികൃതരുടെ വിശദീകരണം. ലിഫ്റ്റിന്റെ പണി പകുതിയിലധികം പൂർത്തിയായി. പുറമെയുള്ള ഗ്ലാസിന്റെ പണിയാണ് ഇനി ബാക്കി. ലിഫ്റ്റ് പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ലഭിക്കാനുള്ള നടപടികൾ കരാറുകാർ ചെയ്തുവരികയാണ്. അത് കഴിഞ്ഞാൽ പെയിന്റിങ്ങും ചെറിയ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി രണ്ടോ മൂന്നോ മാസത്തിനകം സന്ദർശനം പുനരാരംഭിക്കാനാണ് ശ്രമമെന്നും അധികൃതർ പറഞ്ഞു.

നിരക്കിൽ മാറ്റമുണ്ടാകും

:മുതിർന്ന പൗരന്മാർക്ക് 12 രൂപയും വിദേശികൾക്ക് 30 രൂപയുമായിരിക്കും പുതിയ നിരക്ക്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!