അനധികൃത മദ്യശേഖരം: ആന്റോ അഗസ്റ്റിന് ജാമ്യമില്ല, 14 ദിവസം റിമാൻഡിൽ

Share our post

സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ആന്റോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ആന്റോയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധിപറയും.

മദ്യം കണ്ടെടുത്ത കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിൽ വീട് ആന്റോ ആഗസ്റ്റിന്റെ പേരിലല്ല എന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ തെളിവുകൾ ഹാജരാക്കിയിരുന്നു.

അർജന്റീന ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടിൽ റെയ്ഡ് നടത്തവെയാണ് ബുധനാഴ്ച വയനാട്ടിലെ വീട്ടിൽനിന്ന് 67 ലിറ്ററിലധികം മദ്യശേഖരം എക്‌സൈസ് പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വിദേശ വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയുൾപ്പെടെയാണ് പിടിച്ചെടുത്തത്.

ഇതോടെ ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുക്കുകയായിരുന്നു. വ്യാജമദ്യം സൂക്ഷിച്ചതിന് അടക്കം കേസുണ്ട്. അബ്കാരി നിയമം 55 ഐ, 55 എ, 58 എന്നീ വകുപ്പുകൾ അടക്കമാണ് ചുമത്തിയത്.

കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങാനിയിൽ വീട്ടിലായിരുന്നു പരിശോധന. തുടർന്ന് കൊച്ചിയിലായിരുന്ന ആന്റോയെ പുലർച്ചയോടെ വയനാട്ടിലെത്തിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എക്‌സൈസ് പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു.

തുടർന്ന് എക്‌സൈസ് ജോയിന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എന്നിവരടങ്ങുന്ന സംഘം വൈകുന്നേരം നാലരവരെ ചോദ്യംചെയ്യുകയും ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!