മോർഫിങ് കേസ്: പ്രതികളുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും; അന്വേഷണം ഝാർഖണ്ഡ് നമ്പറിലേക്ക്

Share our post

കൊച്ചി: തൃക്കാക്കര മോർഫിങ് കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ പ്രായപൂർത്തിയാകാത്തവരുടെ ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും. ഇതേത്തുടർന്ന് പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയായ സനീഷ് ആരംഭിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതിന് പിന്നാലെയാണ് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയത്.

പ്രതികൾ ഉപയോഗിച്ച ടെലഗ്രാം ഗ്രൂപ്പിൽ ഒരു ഝാർഖണ്ഡ് ഫോൺ നമ്പർ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. നിലവിൽ നാലോളം ടെലഗ്രാം ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഗ്രൂപ്പ് അഡ്മിൻമാരെയും അതിൽ അംഗങ്ങളായവരെയും സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ടെലഗ്രാം അധികൃതരിൽനിന്ന് തൃക്കാക്കര പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് വീണ്ടും ടെലഗ്രാമിന് കത്ത് നൽകിയിട്ടുമുണ്ട്.

സംഭവത്തിൽ ആദ്യം ശ്രീഹരിയും തുടർന്ന് സനീഷുമാണ് അറസ്റ്റിലായത്. കൂടുതൽ അശ്ലീലചിത്രങ്ങൾ നൽകാമെന്ന് പരസ്യംചെയ്താണ് സനീഷ് പ്രചാരണം നടത്തിയത്. തുടർന്ന് ആളുകളിൽനിന്ന് പണം ഈടാക്കി പ്രീമിയം ഗ്രൂപ്പുകളിലേക്ക് ചേർക്കുകയും അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുകയുമായിരുന്നു.

കേരളത്തിൽനിന്ന് ആരെങ്കിലും അവിടെപ്പോയി എടുത്ത സിം കാർഡാണോ ഇത്, സംസ്ഥാനത്തിന് പുറത്തുള്ള മറ്റാർക്കെങ്കിലും ഈ കേസിൽ പങ്കുണ്ടോ, മറ്റാരുടെയെങ്കിലും സിം കാർഡ്  ദുരുപയോഗം ചെയ്തതാണോ എന്നീ മൂന്ന് വശങ്ങളാണ് ഝാർഖണ്ഡ് നമ്പറുമായി ബന്ധപ്പെട്ട് പ്രധാനമായും അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്. നിലവിൽ ലഭിച്ച തെളിവുകളുടെയും പുതിയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ ചോദ്യംചെയ്യലുകളും തുടർ അറസ്റ്റുകളും ഉണ്ടാകുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!