ടിവി റിമോർട്ടിലെ ആ മഞ്ഞ, നീല, പച്ച ബട്ടണുകൾ എന്തിനാണ്? ഉപയോഗം അറിയാം!
ചാനൽ മാറ്റാൻ, ശബ്ദം കൂട്ടാനും കുറയ്ക്കാനും…നിങ്ങളുടെ ടിവി റിമോട്ടിലെ ഓരോ ബട്ടണുകൾക്കും ഓരോ ഉപയോഗമുണ്ടായിരിക്കും. എന്നാൽ റിമോട്ടിലെ പച്ച, നീല, മഞ്ഞച ചുവപ്പ് ബട്ടണുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് ഉപയോഗമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഈ ബട്ടണുകളെ പൊതുവായി കളര്‍ ബട്ടണുകൾ എന്നാണ് വിളിക്കുന്നത്. ഡിവിബി (Digital Video Broadcasting) പോലുള്ള ഡിജിറ്റൽ ബ്രോഡ്കാസ്റ്റിംഗ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പല ടിവികളും സെറ്റ്-ടോപ്പ് ബോക്സുകളും പ്രവർത്തിക്കുന്നത്. ഓൺ-സ്ക്രീൻ മെനുകളും മറ്റ് പ്രത്യേക ഫീച്ചറുകളും എളുപ്പത്തിൽ നിയന്ത്രിക്കാനാണ് ഇത്തരം സിസ്റ്റങ്ങളിൽ കളർ ബട്ടണുകൾ ഉൾപ്പെടുത്തിയത്. ഇന്ന്, നിങ്ങൾ ഉപയോഗിക്കുന്ന ടിവി ബ്രാൻഡ്, കേബിൾ സേവനങ്ങൾ, അല്ലെങ്കിൽ ആപ്പുകൾ എന്നിവയ്ക്ക് അനുസരിച്ച് ഈ ബട്ടണുകളുടെ പ്രവർത്തനങ്ങൾ വ്യത്യാസപ്പെടാം.
സാധാരണയായി, വിവരങ്ങൾ അന്തിമമായി സ്ഥിരീകരിക്കുന്നതിനും (Confirmation) ചില പ്രത്യേക ഫീച്ചറുകളിലേക്ക് എളുപ്പത്തിൽ കടക്കുന്നതിനുമാണ് (Quick Access) റിമോർട്ടിലെ പച്ച ബട്ടൺ ഉപയോഗിക്കുന്നത്. നിലവിൽ കാണുന്ന പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ (Program Info/Details) സ്ക്രീനിൽ കാണിക്കുന്നു. ഇന്ററാക്ടീവ് മെനുകളിൽ ഒരു സെലക്ഷൻ സ്ഥിരീകരിക്കുന്നതിന് (Confirmation) സഹായിക്കുന്നു. ചില പ്രത്യേക ടിവി ആപ്പുകളോ ഡിജിറ്റൽ സേവനങ്ങളോ നേരിട്ട് പ്രവർത്തിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. ടിവി ഗൈഡ് (EPG) പരിശോധിക്കുമ്പോൾ, വരാനിരിക്കുന്ന പ്രോഗ്രാമുകൾ കാണുന്നതിനായി റിമൈൻഡറുകൾ ക്രമീകരിക്കാൻ പച്ച ബട്ടൺ അമർത്തിയാൽ മതിയാകും.
പല സ്മാർട്ട് ടിവികളിലും സെറ്റ്-ടോപ്പ് ബോക്സുകളിലും മഞ്ഞ ബട്ടൺ കൂടുതൽ ഓപ്ഷനുകൾക്കും ടൂളുകൾക്കുമായാണ് (Extra Options/Tools) നൽകിയിരിക്കുന്നത്. സബ്‌ടൈറ്റിലുകൾ ഓൺ/ഓഫ് ചെയ്യാനും ഓഡിയോ ഭാഷ തെരഞ്ഞെുക്കാനും സഹായിക്കുന്നു. കൂടുതൽ പ്രോഗ്രാം വിവരങ്ങൾ കാണാൻ: കാണുന്ന പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ക്രീനിൽ ലഭ്യമാക്കുന്നു. മെനുകളിലെ ലിസ്റ്റുകളോ വിവരങ്ങളോ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു.
കൂടാതെ, ചില ഡിടിഎച്ച് സേവനദാതാക്കൾ പ്രിയപ്പെട്ട ചാനലുകൾ അടയാളപ്പെടുത്താനും (Favourite Channels), ടിവി പ്രോഗ്രാമുകൾ റെക്കോർഡ് ചെയ്യുന്നത് നിയന്ത്രിക്കാനും (Recordings) മഞ്ഞ ബട്ടൺ ഉപയോഗിക്കുന്നു.
ടിവിയുടെയോ ആപ്പുകളുടെയോ ഹെൽപ്പ്/ഗൈഡ് ഓപ്ഷനുകളിലേക്ക് നേരിട്ട് പോകാൻ സഹായിക്കുന്നതാണ് നീല ബട്ടണുകൾ. സ്ക്രീനിലെ മെനുകളിൽ പെട്ടെന്ന് സഞ്ചരിക്കാനും പുതിയ ഓപ്ഷനുകൾ തുറക്കാനും സാധിക്കുന്നു. തത്സമയ പരിപാടികളിൽ വോട്ടിംഗ്, ക്വിസ് പോലുള്ള ഇന്ററാക്ടീവ് ഫീച്ചറുകൾ തുറക്കാൻ ഉപയോഗിക്കുന്നു. ചില ബ്രാൻഡുകളിൽ സ്മാർട്ട് ആപ്പുകളിലേക്കും മറ്റ് ഓൺലൈൻ ഡിജിറ്റൽ സേവനങ്ങളിലേക്കും നേരിട്ട് കണക്റ്റ് ചെയ്യാൻ നീല ബട്ടൺ സഹായിക്കുന്നു.
സ്മാർട്ട് ടിവികളിലും സെറ്റ്-ടോപ്പ് ബോക്സുകളിലും ചുവപ്പ് (Red) ബട്ടൺ പ്രധാനമായും വരുന്നത് പ്രത്യേക ഇൻഫോർമേഷൻ പാനലുകൾ തുറക്കാനും പ്രധാന ഓപ്ഷനുകൾ റദ്ദാക്കാനും തത്സമയ ഫീച്ചറുകൾ പ്രവർത്തിപ്പിക്കാനുമാണ്. മെനുകളിൽ നിന്നും ആപ്പുകളിൽ നിന്നും പെട്ടെന്ന് പുറത്തുകടക്കാനും (Exit) അല്ലെങ്കിൽ നിലവിലെ പ്രവർത്തനം റദ്ദാക്കാനും (Cancel) സഹായിക്കുന്നു.
ഇത്രയധികം സവിശേഷതകൾ ഉള്ളതാണെങ്കിലും, ഭൂരിഭാഗം ആളുകളും ടിവി റിമോർട്ടിലെ ഈ കളർ ബട്ടണുകൾ ഉപയോഗിക്കാറില്ല. കാരണം ഓരോ ബ്രാൻഡിലും, ഡിടിഎച്ച് കണക്ഷനിലും, ആപ്പുകളിലും ഇവ ചെയ്യുന്ന കാര്യങ്ങൾ വ്യത്യസ്തമാണ്. ചില കേബിൾ/ഡി.ടി.എച്ച് സർവീസുകൾ ഇന്ററാക്ടീവ് ഫീച്ചറുകൾ നൽകുന്നില്ല. ഈ ബട്ടണുകൾ എന്തിനാണ് ഉപയോഗിക്കേണ്ടതെന്ന് ടിവിയോടൊപ്പമുള്ള ഗൈഡുകളിലോ സ്ക്രീനിലോ വ്യക്തമായി വിശദീകരിക്കാറില്ല. തുടർച്ചയായി ഉണ്ടാകുന്ന ഈ ആശയക്കുഴപ്പം കാരണം, റിമോർട്ട് കൺട്രോളുകളിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നായി ഈ നാല് ബട്ടണുകൾ മാറുന്നു.
