പ്രവാസികളുടെ പ്രിയപ്പെട്ടവരെ ദുബായിലെത്തിക്കാൻ വൻ തിരക്ക്; ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതിക്ക് മികച്ച പ്രതികരണം

Share our post

പ്രവാസികൾക്ക് വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കാൻ അവസരമൊരുക്കി ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം ആവിഷ്‌കരിച്ച ‘എ ദുബായ് ഇൻവൈറ്റ്’ (A Dubai Invite) പദ്ധതിയുടെ രജിസ്‌ട്രേഷൻ പൂർത്തിയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദുബായിൽ താമസിക്കുന്ന ഇരുന്നൂറോളം രാജ്യക്കാരായ പ്രവാസികളെയും അവരുടെ പ്രിയപ്പെട്ടവരെയും തമ്മിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക പദ്ധതി നടപ്പിലാക്കിയത്. പ്രവാസി സമൂഹത്തിൽ നിന്ന് വൻ പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്.

ഘട്ടം ഘട്ടമായി നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ 90,000-ത്തിലധികം അപേക്ഷകളാണ് പ്രവാസികളിൽ നിന്ന് ലഭിച്ചത്. പ്രവാസികൾക്ക് വിദേശത്തുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് സന്ദർശനത്തിനായി ക്ഷണിക്കാൻ അവസരമൊരുക്കിയ ഈ സംരംഭം വഴി ഇതിനകം 30,000ത്തിലധികം ആനുകൂല്യ പാക്കേജുകൾ അധികൃതർ വിതരണം ചെയ്തുകഴിഞ്ഞു.
കഴിഞ്ഞ ജൂലൈ 20-നാണ് ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. പ്രതീക്ഷിച്ചതിലും വളരെ വലിയ പ്രതികരണമാണ് യുഎഇയിലെ പ്രവാസി സമൂഹത്തിൽ നിന്ന് ഈ പദ്ധതിക്ക് ലഭിച്ചത്. ഇതോടെ പ്രതീക്ഷിച്ചതിലും മൂന്നിരട്ടിയിലധികം ആളുകളിലേക്ക് പദ്ധതിയുടെ സേവന ശേഷി വർദ്ധിപ്പിക്കാൻ സംഘാടകർക്കായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) സഹകരണത്തോടെ സന്ദർശകരുടെ വരവ് കൃത്യമായി സ്ഥിരീകരിച്ച ശേഷമാണ് ആനുകൂല്യങ്ങൾ നൽകുന്നത്.
നിലവിൽ പദ്ധതിയിലേക്ക് പുതിയ രജിസ്‌ട്രേഷനുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും ഇതിനകം വിജയകരമായി രജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബന്ധുക്കൾക്ക് 2026 ഒക്ടോബർ 31 വരെ ദുബായിലേക്ക് പ്രവേശിക്കാനും പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ നേടാനും സാധിക്കും. യോഗ്യരായ സന്ദർശകർ ദുബായിൽ എത്തി 72 മണിക്കൂറിനുള്ളിൽ ആനുകൂല്യ പാക്കേജ് അപേക്ഷകർക്ക് ലഭ്യമാകും. ഈ പാക്കേജ് വഴി ലഭിക്കുന്ന ഓഫറുകൾക്ക് 2026 ഡിസംബർ 31 വരെ വാലിഡിറ്റി ഉണ്ടാവുകയും ചെയ്യും.

സന്ദർശകർക്കായി മുൻനിര ഹോട്ടൽ സ്റ്റേകൾ, പ്രമുഖ വിനോദ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, കരീം ടാക്സി സർവീസുകൾ എന്നിവയിൽ മികച്ച റിബേറ്റുകളും ഇളവുകളുമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!