കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റായി കെ.കെ കുഞ്ഞാലി മുസ്ലിയാർ
കോഴിക്കോട്: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പുതിയ പ്രസിഡന്റായി പ്രമുഖ പണ്ഡിതനും ഫഖീഹുമായ കെ.കെ കുഞ്ഞാലി മുസ്ലിയാരെ തെരഞ്ഞെടുത്തു. അന്തരിച്ച കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാരുടെ പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലേക്ക് നിയോഗിതനാകുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൗലാനാ കിടങ്ങഴി യു അലി മുസ്ല്യാരെയും തെരഞ്ഞെടുത്തു.
1958ൽ കോഴിക്കോട് ജില്ലയിലെ ചേലക്കാട് കോട്ടയിൽ മുഹമ്മദ് മുസ്ലിയാരുടെയും (ചെക്കൻ മുസ്ല്യാർ) ഫാത്തിമ ബീവിയുടെയും പുത്രനായി ജനിച്ച കുഞ്ഞാലി മുസ്ലിയാർ, സ്വദേശമായ ചേലക്കാട് സിറാജുൽ ഹുദാ മദ്രസയിലാണ് പ്രാഥമിക പഠനം പൂർത്തിയാക്കിയത്. തുടർന്ന് ചേലക്കാട് ഹസ്സൻ മുസ്ലിയാർ, വില്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ എന്നിവരിൽ നിന്ന് പഠനം നേടി. ശംസുൽ ഉലമാ കീഴനാ ഓറുടെ കീഴിൽ നാദാപുരം ദർസിൽ നീണ്ട 14 വർഷക്കാലം താമസിച്ച് ഉപരിപഠനം പൂർത്തിയാക്കി.
അറിവിന്റെ ആഴം കൊണ്ടും അധ്യാപന രംഗത്തെ ദീർഘകാല അനുഭവ സമ്പത്തു കൊണ്ടും മലബാറിലെ വൈജ്ഞാനിക പാരമ്പര്യത്തിലെ തിളങ്ങുന്ന വ്യക്തിത്വമാണ് അദ്ദേഹം. തിരുവള്ളൂർ, മാട്ടൂൽ തെക്കുമ്പാട്ട് എന്നിവിടങ്ങളിലെ ദർസ് സേവനത്തിന് ശേഷം നാദാപുരം ജാമിഅ ഫലാഹിയ്യയുടെ നായകത്വം ഏറ്റെടുത്തു. കീഴനാ ഓറുടെ വഫാത്തിന് ശേഷം ചരിത്രപ്രസിദ്ധമായ ‘നാദാപുരം ജുമുഅത്ത് പള്ളി മുദരിസ്’ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതിന് പുറമേ നിലവിൽ ചാലപ്പുറം ജാമിഅ ഫലാഹിയ്യ പ്രിൻസിപ്പാളായും കുറ്റ്യാടിക്കടുത്ത കുളങ്ങരത്താഴ മഹല്ല് ഖാസിയായും സേവനമനുഷ്ഠിച്ചു വരുന്നു. നൂറുകണക്കിന് പണ്ഡിതന്മാരുടെ ഗുരുനാഥനായ അദ്ദേഹം പ്രമുഖ മുഫ്തി കൂടിയാണ്.
’ളിയാഉൽ ഖമർ ഫീ തറാജിമി അഹ്ലിൽ ബദ്ർ’, ‘അൽ മുഹിമ്മ: ഫീ ബയാനിൽ അഇമ്മ’, ‘നൂറുസ്സാലിക് ഫീ ഇത്ഖാനിശർഹി അൽഫിയ്യത്തിബ്നി മാലിക്’ തുടങ്ങി നിരവധി ശ്രദ്ധേയമായ അറബി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
1995 മുതൽ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം 2017 മുതൽ സംഘടനയുടെ സംസ്ഥാന സെക്രട്ടറിമാരിലൊരാളായിരുന്നു. തുടർന്ന് ഏതാനും വർഷമായി വൈസ് പ്രസിഡന്റ് പദവി വഹിച്ചു വരുന്നു. കൂടാതെ എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സംഘടനയുടെ വളർച്ചയിലും വൈജ്ഞാനിക പുരോഗതിയിലും നിർണായക പങ്കുവഹിച്ച ശൈഖുനാ കുഞ്ഞാലി ഉസ്താദിന്റെ അമരത്വത്തിലുള്ള നേതൃത്വം പ്രസ്ഥാനത്തിന് വലിയ കരുത്താകുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വാണിമേൽ സ്വദേശി ഹലീമയാണ് ഭാര്യ. മുഹമ്മദ് ബാഖവി, ആമിർ ബാഖവി, സുഹൈൽ എന്നിവർ ആൺമക്കളാണ്. രണ്ട് പെൺമക്കളുമുണ്ട്. 1967 ഏപ്രിൽ 8-ന് സമസ്ത മുശാവറയിൽ ആരാധനാലയങ്ങളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ വിരുദ്ധ തീരുമാനത്തെ തുടർന്ന് അന്നത്തെ പ്രസിഡന്റ് കെ.കെ. സ്വദഖത്തുല്ല മൗലവി രാജിവെക്കുകയായിരുന്നു. തുടർന്ന് അതേവർഷം നവംബർ 24-ന് വണ്ടൂർ ജുമുഅത്ത് പള്ളിയിൽ വെച്ച് താജുൽ ഉലമാ കെ.കെ. സ്വദഖത്തുല്ല മൗലവിയുടെ നേതൃത്വത്തിലാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ രൂപീകൃതമാകുന്നത്. പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് സ്വദർ മുദരിസായിരുന്ന താഴെക്കോട് കുഞ്ഞലവി മുസ്ലിയാരായിരുന്നു സംഘടനയുടെ പ്രഥമ പ്രസിഡന്റ്. പിന്നീട് ശംസുൽ ഉലമാ കീഴനാ കുഞ്ഞബ്ദുല്ല മുസ്ലിയാർ, ശൈഖുൽ ഉലമാ എൻ.കെ. മുഹമ്മദ് മുസ്ലിയാർ, കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ എന്നിവർ നയിച്ച പ്രസ്ഥാനത്തിന്റെ അഞ്ചാമത്തെ പ്രസിഡന്റായാണ് കെ.കെ. കുഞ്ഞാലി മുസ്ലിയാർ നിയമിതനാകുന്നത്.
കേരളത്തിലെ മുസ്ലിം സമുദായത്തിന് മതപരമായ കാര്യങ്ങളിൽ കൃത്യമായ വഴി കാണിക്കുന്ന ഈ പണ്ഡിത സഭയെ നയിക്കുന്നത് വൈജ്ഞാനിക മികവുള്ള 40 പ്രമുഖ പണ്ഡിതന്മാർ അടങ്ങുന്ന ‘മുശാവറ’യാണ്. എല്ലാ സംഘടനകളുമായും മാതൃകാപരമായ ഐക്യവും സൗഹൃദവും സൂക്ഷിക്കുന്നു എന്നത് ഇതിന്റെ വലിയ സവിശേഷതയാണ്. കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോർഡ്, കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ, കേരള സുന്നി ജമാഅത്ത്, പ്രവാസി ഘടകമായ ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐസിഎസ്) എന്നിവ ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്.
