‘ജാമ്യം ഊഞ്ഞാലിൽ!’; ഇഡി ആക്രമണക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ

Share our post

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചു. സി.പി.എം. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, നിതിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് തിരുവനന്തപുരം സിറ്റി പോലീസ് അപേക്ഷ നൽകിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് പോലീസ് അപേക്ഷ സമർപ്പിച്ചത്.

കഴിഞ്ഞ ദിവസം ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പ്രതികൾ അവിടെ ഓണം ആഘോഷിച്ചത്. ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് വലിയ വിവാദത്തിന് വഴിതുറക്കുകയും ചെയ്തിരുന്നു. കേസിൽ ആകെയുള്ള 25 പ്രതികളും സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും, പ്രചരിച്ച വീഡിയോയിൽ കൂടുതൽ പ്രാധാന്യത്തോടെ ഉണ്ടായിരുന്നത് ഐ.പി. ബിനുവും നിതിൻ രാജുമായിരുന്നു.

പോലീസ് സ്റ്റേഷന് മുന്നിൽ പ്രതികൾ ഓണം ആഘോഷിക്കുകയും ഇതിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത് പോലീസിന് തങ്ങൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്ന് കാണിക്കാനാണെന്ന് പോലീസ് അപേക്ഷയിൽ വ്യക്തമാക്കുന്നു. ഒപ്പം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും സ്വാധീനിക്കുന്നതിനുമുള്ള ഉദ്ദേശത്തോടെയാണ് ഇത്തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് കോടതി അവധിയായതിനാൽ ഇ-ഫയലിങ് വഴിയാണ് അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ വരുന്ന 29-ന് കോടതി പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!