‘എം.എൽ.എ ഫണ്ട് ക്രെഡിറ്റ് വെക്കരുത് പ്ലീസ്, ആ നാണംകെട്ട പണിക്ക് ഞാനില്ല’; അഭ്യർഥനയുമായി പൂഞ്ഞാർ എംഎൽഎ
പൂഞ്ഞാർ: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികളിൽ തന്റെ പേരെഴുതിവെക്കരുതെന്ന് അഭ്യർത്ഥിച്ച് പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. ചെറിയ തുകകളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്വന്തം പേര് പരസ്യപ്പെടുത്തി ഫലകം സ്ഥാപിക്കുന്ന രീതിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂളിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എം.എൽ.എയുടെ സ്വന്തം നേട്ടമായി ചിത്രീകരിക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഒരു കിണറിന് 5,000 രൂപ സബ്സിഡി നൽകിയിട്ട്, അല്ലെങ്കിൽ മുക്കാൽ ചങ്ങല നീളമുള്ള റോഡ് ടാർ ചെയ്ത് ചെണ്ട മേടിച്ച് കൊട്ടിക്കൊണ്ട് പോയി പേരെഴുതി ഒട്ടിച്ചു വെക്കുന്ന നാണംകെട്ട പണിക്ക് എന്നെ കിട്ടില്ല. എം.എൽ.എ ഫണ്ട് അനുവദിക്കുമ്പോൾ താൻ ഒരു കാര്യം പ്രത്യേകം നിർബന്ധം പറയാറുണ്ട്; ദയവുചെയ്ത് അതിൽ എന്റെ പേര് എഴുതിവെക്കരുത്. സർക്കാരിന്റെയും ജനങ്ങളുടെയും ടാക്സ് പണമെടുത്ത് അത് എന്റെ ഫണ്ടാണെന്ന് പറഞ്ഞ് പേരെഴുതി വെക്കുന്നതിൽ എന്ത് കാര്യമാണുള്ളത്? ജനങ്ങൾ ജയിപ്പിച്ചു വിട്ടാൽ അത് നിർവ്വഹിക്കുക എന്നത് എന്റെ ഡ്യൂട്ടിയാണ്. ഭഗവദ്ഗീതയിൽ പറയുന്നതുപോലെ ‘കർമ്മം ചെയ്യുക, ഫലം ഇച്ഛിക്കരുത്’ എന്നതാണ് എന്റെ നയം. ജനങ്ങൾ നൽകിയ ചുമതല കൃത്യമായും ഭംഗിയായും ചെയ്ത് തീർക്കുക മാത്രമാണ് തന്റെ ലക്ഷ്യം.”- അദ്ദേഹം പറഞ്ഞു.
