ഓണം സബ്സിഡി; കമ്മിഷൻ ഇടപാടുമായി തട്ടിപ്പുകാർ,കൺസ്യൂമർഫെഡിലും സപ്ലൈകോയിലും ഇടനിലക്കാർ
തിരുവനന്തപുരം: ഓണത്തിന് സബ്സിഡിനിരക്കിൽ സാധനങ്ങൾ നൽകുന്നതിനു മുന്നോടിയായി കമ്മിഷൻ ഇടപാടുമായി ഇടനിലക്കാർ രംഗത്ത്. കൺസ്യൂമർഫെഡ് വെളിച്ചെണ്ണ വാങ്ങാൻ മാത്രമായി 40 ലക്ഷം രൂപയുടെ കമ്മിഷൻ ധാരണയുണ്ടാക്കിയെന്നാണ് വിവരം. സഹകരണ സംഘങ്ങളിൽനിന്നു മാത്രമാണ് കൺസ്യൂമർഫെഡ് വെളിച്ചെണ്ണ വാങ്ങുന്നത്. ടെൻഡറിലെ വിലവിവരം ഉദ്യോഗസ്ഥരിൽനിന്ന് ചോർത്തിയാണ് ഇടനിലക്കാർ ഇടപാട് ഉറപ്പിക്കുന്നത്. സപ്ലൈകോയിൽ ഡിപ്പോ മാനേജർമാർ വഴിയാണ് ഇടനിലക്കാരുടെ കച്ചവടം. വെളിച്ചെണ്ണ മാത്രമാണ് കൺസ്യൂമർഫെഡ് ഇ-ടെൻഡർ വഴിയല്ലാതെ വാങ്ങുന്നത്.
15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ഓണച്ചന്തയിലേക്ക് വേണ്ടത്. ഇതിന് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സംഘങ്ങളിൽനിന്ന് ടെൻഡർ ക്ഷണിക്കും. ഇ-മെയിൽവഴി തുകയും നൽകാവുന്ന അളവും ‘രഹസ്യമായി’ സംഘങ്ങൾ അറിയിക്കും. വ്യാഴാഴ്ച മൂന്നുവരെയായിരുന്നു ക്വട്ടേഷൻ നൽകാനുള്ള സമയപരിധി. ഇതിൽ തീരുമാനമുണ്ടാകുന്നതിനു മുൻപുതന്നെ അഞ്ചുലക്ഷം ലിറ്റർ വെളിച്ചെണ്ണ ഇടനിലക്കാർ വഴിയാക്കാൻ കൺസ്യൂമർഫെഡിലെ ചില ഉദ്യോഗസ്ഥർ ധാരണയുണ്ടാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ കേരഫെഡ് എത്രരൂപയ്ക്ക് വെളിച്ചെണ്ണ നൽകുമെന്നാണ് അറിയിച്ചതെന്ന കാര്യം ടെൻഡർ സമയത്തിനുമുൻപ് ഇടനിലക്കാർക്ക് ചോർന്നുകിട്ടിയിട്ടില്ലെന്നാണ് വിവരം.
ഓപ്പറേഷൻ ഇങ്ങനെ
വെളിച്ചെണ്ണ നൽകാൻ ശേഷിയുള്ള സഹകരണ സംഘങ്ങളെ ഇടനിലക്കാർ ബന്ധപ്പെടും. സംഘങ്ങൾക്ക് കരാർ തരപ്പെടുത്തിത്തരാം, മൊത്തം വിൽപ്പനയുടെ മൂന്നുശതമാനം കമ്മിഷൻ എന്നതാണ് ഡീൽ. കരാർ ലഭിക്കാൻ സംഘങ്ങൾ ഇടനിലക്കാർ നിർദേശിക്കുന്ന തുക ക്വാട്ട് ചെയ്ത് ടെൻഡറിൽ പങ്കെടുക്കണം. തുക എത്രയാണെന്ന് അവസാനഘട്ടത്തിലാണ് തീരുമാനിക്കുക. അതിനുമുൻപ്, കൺസ്യൂമർഫെഡിൽ വരുന്ന ഇ-മെയിൽ ക്വട്ടേഷനിൽനിന്ന് ഓരോ തുകയും അവിടെയുള്ളവർ ഇടനിലക്കാരെ അറിയിക്കും.
ഇതനുസരിച്ചാണ് ഡീൽ ഉറപ്പിച്ച സംഘങ്ങൾ അവരുടെ ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ട തുക ഇടനിലക്കാരെ അറിയിക്കുക. കുറഞ്ഞതുക ക്വാട്ട് ചെയ്ത സംഘങ്ങൾക്ക് മൊത്തം അളവ് വീതിച്ച് ഓർഡർ ലഭിക്കും. ഇതിന്റെ മൂന്നുശതമാനം കമ്മിഷൻ ഇടനിലക്കാർക്ക് സംഘങ്ങൾ നൽകണം.
സംഘങ്ങളിൽനിന്ന് ലഭിക്കുന്ന ക്വട്ടേഷൻ, അവർക്ക് നൽകുന്ന കരാർ, സംഘങ്ങളുടെ അക്കൗണ്ടിലേക്ക് നൽകുന്ന പണം -അങ്ങനെ രേഖകളിൽ എല്ലാം കൃത്യം. ഇതിൽ ഒരിടത്തും ഇടനിലക്കാരും കൂട്ടുകച്ചവടക്കാരായ ഉദ്യോഗസ്ഥരും പിടിക്കപ്പെടില്ല എന്നതാണ് തട്ടിപ്പിന്റെ പ്രത്യേകത.
സപ്ലൈകോയിൽ മറ്റൊരു രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്. ഒരുലക്ഷം രൂപവരെയുള്ള ഇടപാട് ഡിപ്പോ മാനേജർമാർക്ക് നേരിട്ട് നടത്താം. ഇത് മറയാക്കിയാണ് ഇടനിലക്കാരുടെ ഇടപാട്. ഡിപ്പോ മാനേജർമാർ സ്ഥാപനങ്ങൾക്ക് ഓർഡർ നൽകുന്നത് ഈ ഇടനിലസംഘംവഴി ചെയ്യും. അവർക്ക് അതിനുള്ള കമ്മിഷൻ ഉറപ്പാക്കും. മന്ത്രിമാരുടെ സ്വന്തക്കാരാണെന്നു പറഞ്ഞാണ് ഇടനിലക്കാർ പരസ്യമായി കച്ചവടത്തിനിറങ്ങുന്നതെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
