അച്ഛന്റെ സ്‌കൂട്ടറിലെത്തി കൊലപാതകം, മുൻവൈരാഗ്യം കാരണമായി; മിന്നൽ വേഗത്തിൽ പ്രതിയെ പൂട്ടി പോലീസ്
കോഴിക്കോട്: പാളയത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ മാങ്കാവ് തെക്കിനേടത്ത് മീത്തൽ ദീപക് (21) കൃത്യം നടത്താനെത്തിയത് അച്ഛന്റെ സ്‌കൂട്ടറിൽ. കൊലയ്ക്കുശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ ദീപക്കിന്റെ വീട്ടിലെത്തി കത്തിച്ചതായും അന്വേഷണസംഘം കണ്ടെത്തി.
പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു(38)വിനെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ അറസ്റ്റുരേഖപ്പെടുത്തി. ബിജുവിന്റെ ബന്ധുകൂടിയാണ് ദീപക്. പാളയം ബസ്സ്റ്റാൻഡിന് പുറകിലുള്ള ദീപക്കിന്റെ ഒറ്റമുറി വീട്ടിൽവെച്ചായിരുന്നു കൊലപാതകം.
ലഹരിക്കടിമയായതിനാൽ ചികിത്സയ്ക്ക് വിധേയനാക്കാൻ ബിജു നിർബന്ധിച്ചിരുന്നതും മൂന്നുവർഷംമുൻപ് ബിജുവും ഇയാളും തമ്മിൽ അടിപിടിയുണ്ടായിരുന്നെന്നും സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. ഇരുവരുംതമ്മിലുള്ള വൈരാഗ്യത്തിനു കാരണമിതായിരുന്നു. കുടുംബപരമായ ചില പ്രശ്‌നങ്ങളുമുണ്ടായിരുന്നു.
ദീപക്കിനെ ചികിത്സയ്ക്കായി കൊണ്ടുപോയ ലഹരിവിമുക്തകേന്ദ്രം, മാനസികാസ്വാസ്ഥ്യം ഉണ്ടായപ്പോൾ എത്തിച്ച സ്ഥാപനം എന്നിവയെപ്പറ്റിയെല്ലാം വ്യക്തമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധത്തെപ്പറ്റി കൃത്യമായ സൂചനലഭിച്ചെന്നും കമ്മിഷണർ വ്യക്തമാക്കി.
കഞ്ചാവ് ഉപയോഗിച്ചതിന് ഒരുകേസുണ്ട്. ഇതുകൂടാതെ രണ്ട് അയൽവാസികളെ മർദിച്ചതിന് കസബ സ്റ്റേഷനിൽ ഇയാളുടെപേരിൽ പരാതിയുണ്ടായിരുന്നു. അത് രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അന്വേഷണസംഘത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.വി. പ്രമോദൻ, കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മി, എസ്.ഐ. നിമിൻ കെ. ദിവാകരൻ, എ.എസ്.ഐ.മാരായ സജേഷ്, രഘുനാഥ്, എസ്.സി.പി.ഒ.മാരായ പി. ദീപു, കെ. ഷിജിത്ത്, സി.പി.ഒ. വിപിൻരാജ്,സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഒ. മോഹൻദാസ്, അബ്ദുൽ റഹ്‌മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസാൻവീട്, ഷാഫി പറമ്പത്ത്, ഷഹീർ, രാകേഷ് ,സൈബർവിദഗ്ധൻ ഷെഫിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
മിന്നൽവേഗത്തിൽ പോലീസ്
കൊലപാതകം നടന്ന് 48 മണിക്കൂറിനകം പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിലും മറ്റുമുള്ള 48 മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. 50-ലധികം സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. ബിജുവിനെ കൊല്ലാനുള്ള ശ്രമത്തിനിടയിൽ ദീപക്കിന്റെ കൈവിരലുകൾക്ക് മുറിവേറ്റിരുന്നു. ബിജുവിന്റെ തല ശക്തിയായി ചുമരിൽ ഇടിക്കുന്നതിനിടയിൽ ചുമരിൽ തട്ടിയാണ് മുറിവുണ്ടായത്.
