ഇഷ്ട ടീം ബ്രസീൽ, ഇപ്പോൾ അർജന്റീനയ്ക്കൊപ്പം: മന്ത്രി രമേശ് ചെന്നിത്തല

Share our post

കണ്ണൂർ ∙ ലോകകപ്പ് ഫുട്ബോളിൽ ബ്രസീലായിരുന്നു തന്റെ ഇഷ്ട ടീമെന്നും ബ്രസീൽ തോറ്റു പുറത്തായതിനാൽ ഇപ്പോൾ അർജന്റീനയ്ക്കൊപ്പമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന നൂറ് കണക്കിന് വിദ്യാർഥികളും മുതിർന്നവരും ആർപ്പ് വിളിച്ചു. സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ആർപ്പ് വിളികൾക്കിടയിൽ ഇതാണ് ലഹരി, ഇതാവണം ലഹരി എന്ന് മന്ത്രി ഉച്ചത്തിൽ വിളിച്ച് പറഞ്ഞപ്പോൾ കൂടെ കൈയ്യടിയും ഉയർന്നു. മയക്ക് മരുന്നു പോലുള്ള ലഹരി വസ്തുക്കൾ നാടിനെയും യുവത്വത്തെയും നശിപ്പിക്കുമന്നും കായികം, കല എന്നിവയിലൂടെ കണ്ടെത്തുന്ന ലഹരിയെ കവച്ച് വെക്കാൻ മറ്റൊരു ലഹരിക്കും സാധിക്കില്ലെന്നും അത് മേന്മയുള്ള തല മുറകളെ സൃഷ്ടിക്കുമന്നും കൂടി മന്ത്രി കൂട്ടിച്ചേർക്കുമ്പോൾ കൈയ്യടി നിർത്താതെ തുടരുന്നുണ്ടായിരുന്നു.

‘തൂഫാൻ’ വന്ന ശേഷം അപകടങ്ങളിൽ 10% കുറവ്; മന്ത്രി ചെന്നിത്തല 

കണ്ണൂർ: ഓപ്പറേഷൻ തൂഫാൻ പദ്ധതി വന്നതിന് ശേഷം ആക്രമങ്ങളും കൊലപാതകങ്ങളും അടക്കമുള്ള ക്രമസമാധാന പ്രശ്നങ്ങളിൽ 9 ശതമാനവും വാഹനാപകടങ്ങളിൽ 10 ശതമാനവും കുറവ് വന്നതായി. മന്ത്രി രമേശ് ചെന്നിത്തല. ‘ജീവിതമാണ് ലഹരി’ എന്ന പ്രമേയത്തിൽ കണ്ണൂർ കോർപറേഷൻ  ജവാഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി മാഫിയയെ കണ്ട് ജനം ഭയന്നോടിയിരുന്ന അവസ്ഥയ്ക്ക് ഓപ്പറേഷൻ തൂഫാൻ പദ്ധതി വന്നതോടെ ജനങ്ങളെ കണ്ട് ലഹരി മാഫിയ ഭയന്നോടുന്ന തരത്തിലുള്ള മാറ്റമുണ്ടായതായി ചെന്നിത്തല ചൂണ്ടിക്കാട്ടി. ലഹരിക്കെതിരെ പോരാടി നാടിനെയും യുവത്വത്തെയും രക്ഷിക്കാനുള്ള പദ്ധതിക്ക് കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും നല്ല പിന്തുണ നൽകുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ അഭിനന്ദിച്ചതും സിപിഎമ്മിലെ കെ.വി.സുമേഷ് എംഎൽഎ പരിപാടിയിൽ പങ്കെടുത്തതും ചെന്നിത്തല എടുത്തുപറഞ്ഞു. പദ്ധതിയെ അഭിനന്ദിച്ച കഥാകൃത്ത് ടി.പത്മനാഭന് മന്ത്രി നന്ദി പറഞ്ഞു. അടുത്ത് തന്നെ എറണാകുളത്ത് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ ബോധവൽക്കരണ പരിപാടിയിൽ നടൻ മോഹൻലാലും തമിഴ്നാട് മുഖ്യമന്ത്രി വിജയ് ജോസഫും പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

തൂഫാൻ വോറിയറായി കെ.സുധാകരൻ എംപിയെ പ്രഖ്യാപിക്കുകയും മന്ത്രി രമേശ് ചെന്നിത്തല എംപിയെ തൂഫാൻ ബാഡ്ജ് ധരിപ്പിക്കുകയും ചെയ്തു. കണ്ണൂർ കോർപറേഷന്റെ എസ്ടിപി, എഫ്എസ്ടിപി മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം കെ.സുധാകരൻ എം.പി.നിർവഹിച്ചു. മേയർ പി.ഇന്ദിര അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി.സുമേഷ്, കലക്ടർ പി.വിഷ്ണുരാജ്, ഉത്തരമേഖലാ ഡിഐജിയും ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫിസറുമായ പുട്ട വിമലാദിത്യ എന്നിവർ മുഖ്യാതിഥികളായിരുന്നു. അസിസ്റ്റൻറ് കലക്ടർ എസ്.സ്വാതി ഐഎഎസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ, വി. കെ. മുഹമ്മദലി, സോന ജയറാം, കൗൺസിലർമാരായ വി.കെ.പ്രകാശിനി, പി.മഹേഷ്, കോർപറേഷൻ സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!