പ്ലീഡര്‍ നിയമനത്തിലെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കുന്നുണ്ട്, കെഎസ്‌യു പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം; മന്ത്രി സണ്ണി ജോസഫ്

Share our post

തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച നടത്തിതന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. പ്ലീഡര്‍ നിയമനത്തിലെ കാര്യങ്ങളില്‍ താനും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിക്കുന്നുണ്ടെന്നും കെഎസ്‌യു യോജിച്ച് പോകണമെന്നും മന്ത്രി പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

‘പ്ലീഡര്‍ നിയമനത്തിലെ കാര്യങ്ങളില്‍ ഞാനും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ പരസ്പരം ചെയ്തുതന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍, മറ്റൊരു സമിതിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. വിഷയത്തില്‍ കെഎസ്‌യു ചില കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എങ്കിലും ഇത്തരം വിഷയങ്ങളില്‍ കെഎസ്‌യു യോജിച്ചുപോകണം. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് പറയണം’. സണ്ണി ജോസഫ് വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതിതടസ്സവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മന്ത്രി നിലപാട് വ്യക്തമാക്കുകയുണ്ടായി. പവര്‍കട്ടില്‍ ഡിവൈഎഫ്‌ഐ സമരം നടത്തേണ്ടത് പഴയ സര്‍ക്കാരിനെതിരെയാണെന്നും അവരാണ് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു.

‘ലോകകപ്പ് നന്നായി കാണാനുള്ള അറേഞ്ച്‌മെന്റുകള്‍ നടത്തിയിട്ടുണ്ട്. പവര്‍കട്ട് ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിയാശാന് ശിഷ്യപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്ന സമയത്തും പവര്‍കട്ട് ഉണ്ടായിട്ടുണ്ട്. കൃഷ്ണന്‍കുട്ടി മന്ത്രിയായപ്പോഴും പവര്‍കട്ട് ഉണ്ടായിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!