‘യൂത്ത് കോൺഗ്രസുകാരുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും’ – വി.ഡി. സതീശൻ
കണ്ണൂർ: യുവജന-വിദ്യാർഥി നേതാക്കളുടെ ചോരയ്ക്ക് പകരംചോദിക്കുമെന്നും പഴയതുപോലെയല്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നിങ്ങളുടെ ചോരയിൽനിന്നാണ് ഈ സർക്കാർ പിറന്നത്. അതൊന്നും മറക്കില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് നയിച്ച ജെൻ ഇന്ത്യാ മൂവ്‌മെന്റ് പദയാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നും മറക്കാൻപറ്റില്ല. അധികാരത്തിൽ വരുമ്പോൾ മറക്കുന്നതാണ് പഴയരീതി. അത്രയും ചോരകണ്ടതാണ് ഞങ്ങൾ. എത്ര ക്രൂരമായാണ് നമ്മുടെ യുവജന-വിദ്യാർഥിനേതാക്കളെ കഴിഞ്ഞ സർക്കാർ നേരിട്ടത്. അതൊന്നും മറക്കുന്ന സർക്കാരായിരിക്കില്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോന്നിനും എണ്ണിയെണ്ണി ചോദിക്കും. ഒരു സംശയവും ഇല്ല. ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. അതിന്റെ പേരിലുള്ള ഗ്ലാമറൊന്നും വേണ്ടാ. അതുകൊണ്ടാണ് അന്വേഷണങ്ങൾ നടക്കുന്നതും എസ്.ഐ.ടി.കൾ രൂപവത്കരിച്ചതും. ആരെല്ലാം ഉത്തരവാദികളാണോ അവരെല്ലാം അകത്തുപോകും. സംശയമില്ല. അതിനായി അവസാനംവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ജാഥാലീഡറും മന്ത്രിയുമായ ഒ.ജെ. ജനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയഭാനു ചിബ്, എം.എൽ.എ.മാരായ ടി.ഒ. മോഹനൻ, സജീവ് ജോസഫ്, അബിൻ വർക്കി, ടി.കെ. ഗോവിന്ദൻ, കെ.പി.സി.സി. ട്രഷറർ വി.എ. നാരായണൻ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ, മഹേഷ് കരിയപ്പ, മേയർ പി. ഇന്ദിര, കെ. പ്രമോദ്, പി.ടി. മാത്യു, മുഹമ്മദ് ബ്ലാത്തൂർ, റിജിൽ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, ശ്രീജാ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.
