പൊതിച്ചോറില്‍ പോര്; ആശുപത്രിക്ക് അകത്ത് അധികാരം മന്ത്രിക്ക് ഡിവൈഎഫ്‌ഐക്ക് അല്ലെന്ന് കെ മുരളീധരന്‍

Share our post

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ നടത്തി വരുന്ന പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. പാര്‍ട്ടിയുടെ പേരും കൊടിയും വെച്ചല്ല പൊതിച്ചോറ് കൊടുക്കേണ്ടതെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍ രംഗത്തെത്തി. ഡിവൈഎഫ്‌ഐക്കെതിരെ തുറന്നടിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആശുപത്രിയുടെ അകത്ത് ഉത്തരവാദിത്തം മന്ത്രിക്കാണെന്നും ഡിവൈഎഫ്‌ഐക്ക് അല്ലെന്നും മുരളീധരന്‍ ആറന്മുളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു. ആരോഗ്യമന്ത്രിക്ക് ഈഗോ ആണെന്നാണ് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ വിഷയത്തില്‍ പ്രതികരിച്ചത്. കൊടിയുടെ നിറം നോക്കിയല്ല ഭക്ഷണം കൊടുക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും പറഞ്ഞു.

ആശുപത്രിക്ക് അകത്ത് സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ മുരളീധരന്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴ ജില്ലയില്‍ ആദ്യം ആരംഭിക്കുമെന്നും വ്യക്തമാക്കി. ‘സന്നദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തും. ഒരു കാരണവശാലും ആശുപത്രിക്കകത്ത് ഒരു പാര്‍ട്ടിയെയും കയറാന്‍ അനുവദിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രിക്ക് അകത്തു വേണ്ട. പൊതിച്ചോറ് പാര്‍ട്ടിയുടെ പേരും കൊടിയും വെച്ചല്ല കൊടുക്കേണ്ടത്. അതിന് സര്‍ക്കാര്‍ സമ്മതിക്കില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ അല്ല സഹായിക്കേണ്ടത്. തീരുമാനം യുഡിഎഫ് സര്‍ക്കാരിന്റേതാണ്. കമ്മ്യൂണിറ്റി കിച്ചനിലൂടെ ഭക്ഷണം കൊടുക്കും. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, സേവാഭാരതി അങ്ങനെ ഒരു സംഘടനയും ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ വേണ്ട. ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്നാണ്’, മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

ജനകീയ പ്രവര്‍ത്തനം തടയുന്നത് മനുഷ്യത്വ രഹിതമാണെന്നും എന്ത് വന്നാലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നുമാണ് ഡിവൈഎഫ്‌ഐ നിലപാട്. കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം നല്‍കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടര്‍ന്നു കൊണ്ടേയിരിക്കുക എന്നുള്ളതാണ് തങ്ങളുടെ രീതി. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി തങ്ങള്‍ മുന്നോട്ടുപോകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാല്‍ മതിയെന്നും വസീഫ് പ്രതികരിച്ചു.

രാഷ്ട്രീയത്തിന്റെ പേരില്‍ സൗജന്യ ഭക്ഷണ വിതരണം തടയരുതെന്നാണ് വിഷയത്തില്‍ പി രാജീവ് പ്രതികരിച്ചത്. ഡിവൈഎഫ്‌ഐ അടക്കം മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. എല്ലാ ആശുപത്രികളിലും സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചന്‍ തുടങ്ങട്ടെ. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാല്‍ സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തടസ്സപ്പെടുത്തരുതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പൊതിച്ചോറ് വിതരണത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. ഇത് തടയുന്നതിന്റെ കാരണം മനസിലാകുന്നില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ വോട്ട് ചെയ്തിരുന്നെങ്കില്‍ മുരളീധരന്‍ നിയമസഭ കാണില്ലായിരുന്നു. പൊതിച്ചോറില്‍ ദുരഭിമാനം വെടിയുന്നതാണ് ആരോഗ്യമന്ത്രിക്ക് നല്ലത്. കൊവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ പൊളിഞ്ഞ് പാളീസായതാണ്. കമ്മ്യൂണിറ്റി കിച്ചണ്‍ കേരളത്തില്‍ നടപ്പിലാകില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!